മഠംകുന്ന് കോളനി നിവാസികൾക്ക് പട്ടയം നൽകണം: മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് മഠംകുന്നിൽ ടാർപോളിൻ മറച്ച വീടുകളിൽ താമസിക്കുന്ന പണിയ സമുദായത്തിലുള്ള കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ജില്ല കലക്ടർക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. സർവേയർമാരുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് പട്ടയം അനുവദിക്കുന്ന നടപടികൾ അനന്തമായി നീട്ടുന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
പട്ടികവർഗ കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്ന ഷെഡുകളുടെ ഭൗതികാവസ്ഥ താൽക്കാലിമായെങ്കിലും മെച്ചപ്പെടുത്തി ശുചിമുറി സൗകര്യം ഏർപ്പെടുത്താനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുട്ടിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർക്കും കമീഷൻ നിർദ്ദേശം നൽകി. മാനുഷിക പരിഗണന നൽകി അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട ജോലികൾക്ക് ഭൂമിക്ക് പട്ടയമില്ലെന്ന ന്യൂനത തടസ്സമാകരുതെന്നും കമീഷൻ നിർദേശിച്ചു.
ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ജില്ല കലക്ടറും മുട്ടിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫിസറും മൂന്നു മാസത്തിനുള്ളിൽ കമീഷനെ അറിയിക്കണം. ഭൂമിക്ക് പട്ടയം ലഭിച്ചില്ലെങ്കിൽ ഇവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നും ഉത്തരവിൽ പറയുന്നു.
പ്രദേശത്ത് താമസിക്കുന്ന 33 കുടുംബങ്ങളുടെയും വീടുകൾ താൽക്കാലികമായി കെട്ടിമേയുക, കാരാപ്പുഴ പദ്ധതി പ്രദേശത്ത് നിന്നും പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുട്ടിൽ പഞ്ചായത്ത് വാർഡ് പഞ്ചായത്തംഗം പി.വി. സജീവ് സമർപ്പിച്ച പരാതിയിലാണ് നടപടി.
കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിന് സ്ഥലത്തെ സർവേ പൂർത്തിയാക്കാൻ സർവേയർമാരുടെ അപര്യാപ്തതയുണ്ടെന്ന് ജില്ല കലക്ടർ കമീഷനെ അറിയിച്ചു. റിസർവോയർ പ്രദേശത്തെ ഭൂമിയായതിനാൽ ഭൂമി പതിച്ചു നൽകാൻ റവന്യൂവകുപ്പിന് മാത്രമായി കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റവന്യൂ, ഇറിഗേഷൻ, പട്ടികവർഗ വകുപ്പുകളുടെ സംയുക്ത പരിശോധന ആവശ്യമാണ്. മുട്ടിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പ്രദേശത്ത് പ്രായപൂർത്തിയായവരും കുട്ടികളുമടക്കം നൂറിലധികം പേർ താമസിക്കുന്നുണ്ടെന്നും ഇവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സ്ഥലം പോലും ലഭ്യമല്ലെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.