സ്വന്തം കെട്ടിടമില്ല, ജീവനക്കാർക്ക് തുച്ചമായ വേതനം; ചോദ്യചിഹ്നമായി മഹിള ശിക്ഷൺ കേന്ദ്രം
text_fieldsകൽപറ്റ: ഗോത്രവിഭാഗക്കാരായ വിദ്യാർഥിനികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ ആരംഭിച്ച മഹിള ശിക്ഷൺ കേന്ദ്രത്തിന്റെ നിലനിൽപ് അവതാളത്തിൽ. അഞ്ചുകുന്ന് ആറാം മൈലിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിന് സ്വന്തമായി കെട്ടിടമോ സൗകര്യങ്ങളോ ഇല്ല.
25 ഓളം കുട്ടികളുള്ള മഹിള ശിക്ഷൺ കേന്ദ്രം വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഡിസ്ട്രിക് പ്രോജക്ട് കോഓഡിനേഷന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പണിയ, അടിയ, കുറുമ, കുറിച്യർ വിഭാഗങ്ങളിലെ 14നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കി ജീവിത നിലവാരം ഉയർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സർക്കാർ സ്വന്തമായി ഇവർക്ക് കെട്ടിടം നിർമിച്ച് നൽകണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ശിക്ഷൺ കേന്ദ്രത്തിൽ നിയോഗിക്കപ്പെട്ട അധ്യാപികമാരുടെയും മറ്റ് ജീവനക്കാരുടെയും സ്ഥിതി വളരെ പരിതാപകരമാണ്. രാവും പകലുമെന്നോണം ഇവിടെ താമസിച്ച് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് തുച്ചമായ വേതനമാണ് ലഭിക്കുന്നത്. റെസിഡൻഷ്യൽ ടീച്ചർക്ക് ഒരു ദിവസം കിട്ടുന്നത് വെറും 350 രൂപയാണ്. അഡിഷനൽ ടീച്ചർക്ക് 300 രൂപയും 30 ലേറെ പേർക്ക് നാലുനേരം ഭക്ഷണമുണ്ടാക്കുന്ന പാചകക്കാരിക്ക് 275 രൂപയുമാണ് വേതനം. ശുചീകരണ ജീവനക്കാരിക്ക് വെറും 200 രൂപയാണ് ശമ്പളം. അതും മൂന്നും നാലും മാസം കൂടുമ്പോഴാണ് ലഭിക്കുന്നത്.
ജീവനക്കാരുടെ വേതനം വർധിപ്പിക്കാനായി വകുപ്പ് മന്ത്രിക്കടക്കം മുമ്പ് നിവേദനം നൽകിയിരുന്നു. എന്നാൽ, ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.