മാനവികത കാത്തുസൂക്ഷിക്കല്‍ പ്രധാന ഉത്തരവാദിത്തം -മന്ത്രി കേളു
text_fieldsകൽപറ്റ: മാനവികത കാത്തുസൂക്ഷിക്കലാണ് വര്‍ത്തമാനകാലത്തെ പ്രധാന പ്രവര്‍ത്തനവും ഉത്തരവാദിത്തവുമെന്ന് മന്ത്രി ഒ.ആര്. കേളു. എസ്.വൈ.എസ് മാനവസഞ്ചാരത്തിന്റെ ഭാഗമായി കൽപറ്റയില് നടന്ന മാനവസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തെ പഴയ കാലത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ നീക്കം നടക്കുന്നു. ഉച്ചനീചത്വങ്ങളും തൊട്ടുകൂടായ്മയും തുടങ്ങി അകല്‍ച്ചകളുടെ അനേകം ആശയങ്ങളെ പ്രതിരോധിച്ചാണ് കേരളം സാംസ്കാരികമായി വികസിച്ചത്. നാം നേടിയ പുരോഗതിയെ നശിപ്പിക്കുംവിധത്തിലുള്ള ചില പ്രവണതകള്‍ സമീപകാലത്ത് കേരളത്തില്‍ സംഭവിക്കുന്നുണ്ട്.
പഴയകാലത്തെ പ്രതിലോമകരമായ ആശയങ്ങളിലേക്ക് കേരളം തിരിച്ചുപോയാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ അപരിഹാര്യമായിരിക്കും. ഇതിനെതിരെ പ്രതിരോധം തീര്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത മുശാവറ അംഗം പി. ഹസ്സന് മുസ്ലിയാര് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്, ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ടില്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സി.കെ. ശശീന്ദ്രന്, അഡ്വ. ടി.ജെ. ഐസക്, എന്‍.ഡി. അപ്പച്ചന്, പി. ഗഗാറിന്, കെ.കെ. അഹമ്മദ് ഹാജി, ഇ.ജെ. ബാബു, പി.പി. ആലി, മുഹമ്മദ് പഞ്ചാര സംസാരിച്ചു. ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശപ്രഭാഷണം നടത്തി. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി വിഷയാവതരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.