മാവോവാദികളെല്ലാം പിടിയിൽ, എന്നിട്ടും ബൂത്തുകളിൽ ‘മാവോഭീഷണി’
text_fieldsകൽപറ്റ: വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോവാദികളെല്ലാം കൊല്ലപ്പെടുകയോ പിടിയിലാവുകയോ ചെയ്തെന്നാണ് അധികൃതരുടെ അനൗദ്യോഗിക കണക്കെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെല്ലാം മാവോവാദി ഭീഷണി നിലനിൽക്കുന്ന പ്രത്യേക ബൂത്തുകൾ വയനാട്ടിലുണ്ടാകും.
പൊലീസിന്റെയും തണ്ടർബോൾട്ടിന്റെയും ലിസ്റ്റിലുള്ള, വയനാടിനോട് ചേർന്ന വനങ്ങളിൽ പ്രവർത്തിക്കുന്ന മാവോവാദികൾ അടുത്ത കാലത്തായി കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ സി.പി. മൊയ്തീനെ ആലപ്പുഴയിൽ വെച്ച് പിടികൂടിയതോടെ ഇനി പിടികൂടാൻ ലിസ്റ്റിൽ ആരുമില്ലെന്ന നിഗമനത്തിലാണ് ഭീകരവിരുദ്ധ സ്ക്വാഡ്.
എന്നാൽ, അവസാനത്തെ ആളെയും പിടികൂടിയ ശേഷവും മാവോവാദി ഭീഷണി കാരണം അതിസുരക്ഷാ ബൂത്തുകൾ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ഇടം പിടിച്ചിട്ടുണ്ട്. മാനന്തവാടിയിലെ കമ്പമല ഉൾക്കൊള്ളുന്ന പ്രദേശത്തെ ബൂത്തും ചേകാടിയിലെ ബൂത്തും ഇത്തവണയും മാവോവാദി ഭീഷണിയുള്ള ബൂത്തുകളായിരുന്നു.
1985കളിലായിരുന്നു ചേകാടിയിൽ മാവോവാദി ഭീഷണി നിലനിന്നിരുന്നത്. പിന്നീടങ്ങോട്ട് മാവോവാദി സാന്നിധ്യവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒരു ചലനവുമുണ്ടായിട്ടില്ലെങ്കിലും എല്ലാ തെരഞ്ഞെടുപ്പുകളിലും ഇവിടെ അതിസുരക്ഷയും കാമറകളും ഒരുക്കും. മാനന്തവാടിയിലെ കമ്പമല കേന്ദ്രീകരിച്ച് കുറച്ചു കാലമായി മാവോവാദി സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ, അവരെല്ലാം പിടിക്കപ്പെട്ടതോടെ മാസങ്ങളായി അവിടെയും പ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ല.
ജില്ലയില്‍ ഇത്തവണ രണ്ട് ബൂത്തുകളാണ് അതിസുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ് ബൂത്തുകളും പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.