സുരക്ഷിതമാവട്ടെ നമ്മുടെ സ്കൂള്‍ കെട്ടിടങ്ങൾ
text_fieldsകൽപറ്റ: ജില്ലയിലെ സ്കൂള്‍ കെട്ടിടങ്ങൾ സുരക്ഷിതമാണോ എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പിക്കണമെന്ന് ഉത്തരവ്. കെട്ടിടങ്ങളുടെ ഫിറ്റ്നസ് ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം.
ഫിറ്റ്നസ് ലഭ്യമാകാത്ത സാഹചര്യത്തില്‍ പ്രധാനാധ്യാപകര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മുഖേന ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ എക്സിക്യൂട്ടിവ് എൻജിനീയറെയും ആവശ്യമെങ്കില്‍ ജില്ല ഭരണകൂടത്തെയും അറിയിക്കണം. ജൂണ്‍ മൂന്നിന് സ്കൂള്‍ തുറക്കലിനോടനുബന്ധിച്ച മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് ജില്ല കലക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ലഹരി വിൽപന നിരീക്ഷിക്കും, അപകടകരമായ മരങ്ങൾ നീക്കും
തദ്ദേശസ്വയംഭരണ-ഭക്ഷ്യസുരക്ഷ- ആരോഗ്യ-പൊലീസ്-എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ നിരോധിത വസ്തുക്കള്‍, ലഹരി പദാർഥങ്ങള്‍ എന്നിവയുടെ വില്പന പരിശോധിക്കും.
വിദ്യാലയങ്ങള്‍ക്ക് സമീപം മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍, സീബ്രാ ലൈന്‍ എന്നിവ ഇല്ലെങ്കില്‍ അധ്യാപകര്‍ വിവരങ്ങള്‍ ക്രോഡീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ്, ആർ.ടി.ഒ, പി.ഡബ്ല്യു.ഡി എന്നീ വകുപ്പുകളുമായി സഹകരിച്ച് ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും യോഗം നിർദേശം നൽകി.
സ്കൂള്‍ കുട്ടികളുടെ യാത്ര സമയങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാര വാഹനങ്ങളുടെ നിയന്ത്രണം ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. സ്കൂള്‍ പരിസരങ്ങളില്‍ അപകടകരമായ നിലയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ മുറിച്ച് മാറ്റണം.
വിദ്യാർഥികള്‍ക്കുള്ള യാത്ര പാസ് അനുവദിക്കുന്നതില്‍ തടസം നേരിടുന്നില്ലെന്ന് ആർ.ടി.ഒ ഉറപ്പാക്കണം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ള പരിശോധന ഉറപ്പാക്കണം. വിദ്യാർഥികള്‍ക്ക് ബാങ്ക് അക്കൗണ്ട് എടുക്കുന്നതില്‍ തടസമുണ്ടെങ്കില്‍ പ്രധാനാധ്യാപകന് ലീഡ് ബാങ്ക് മാനേജറെ അറിയിക്കണം. മുഴുവന്‍ വിദ്യാര്‍ഥികളും വിദ്യാലയങ്ങളില്‍ എത്തുന്നതിന് വാര്‍ഡ് അംഗം, കുടുംബശ്രീ, ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും.
ആഴ്ചയിലൊരിക്കല്‍ പ്രമോട്ടര്‍മാര്‍ സ്കൂള്‍ സന്ദര്‍ശിച്ച് പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ കൃത്യമായി ക്ലാസില്‍ വരുന്നുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാവാഹിനി പദ്ധതിയില്‍ വാഹനം ഏര്‍പ്പെടുത്തുന്നതില്‍ പട്ടിക വര്‍ഗ വികസന ഓഫിസര്‍ ആവശ്യമായ നടപടി സ്വീകരിക്കണം. അര്‍ഹരായവര്‍ക്ക് സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
കൊഴിഞ്ഞുപോക്ക് തടയാന്‍ സംയുക്ത ഇടപെടല്‍
വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന്റെ ഭാഗമായി വിദ്യാർഥികളെ തിരികെ സ്കൂളുകളില്‍ എത്തിക്കുന്നതിനും നില നിര്‍ത്തുന്നതിനായും എല്ലാ വകുപ്പുകളുടെയും സംയുക്ത ഇടപെടല്‍ വേണമെന്നും യോഗത്തിൽ കലക്ടർ നിർദേശം നൽകി.
വിദ്യാർഥികള്‍ വീട്ടില്‍ നിന്ന് സ്കൂളുകളിലേക്കും തിരികെ വിദ്യാലയങ്ങളിലേക്കും സഞ്ചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട യാത്ര സുരക്ഷ നിര്‍ദേശങ്ങള്‍ അധ്യാപകര്‍ നല്‍കണം. കൗണ്‍സലിങ് ആവശ്യമായ കുട്ടികള്‍ക്ക് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കൗണ്‍സലിങ് നല്‍കണം.
വിദ്യാലയങ്ങളില്‍ ആധാര്‍ അപ്ഡേഷനുമായി ബന്ധപ്പെട്ട് ക്യാമ്പ് ആവശ്യമെങ്കില്‍ മൂന്ന് ദിവസം മുമ്പ് ഐ.ടി മിഷനുമായി ബന്ധപ്പെടണം. സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ബന്ധപ്പെട്ട എസ്.എച്ച്.ഒക്ക് പ്രധാനാധ്യാപകര്‍ അപേക്ഷ നല്‍കണം. വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി ജന ജാഗ്രത സമിതി യോഗം ചേരാനും യോഗത്തില്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ജില്ലതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങി
മാനന്തവാടി: പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്കൂളുകള്‍ ഒരുങ്ങി. ജൂണ്‍ മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തിന് മൂന്നോടിയായി സ്കൂള്‍ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവൃത്തികളും നടന്നുവരുകയാണ്. വിവിധ വിദ്യാലയങ്ങളില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, പി.ടി.എ കമ്മിറ്റി, കുടുംബശ്രീ, ബി.ആർ.സി ഉള്‍പ്പെടെയുള്ളവര്‍ കൈകോര്‍ത്താണ് ശുചീകരണ പ്രവൃത്തികളും, അറ്റകുറ്റപ്പണികളും നടത്തി വരുന്നത്.
ക്ലാസ് മുറികള്‍ കഴുകി വൃത്തിയാക്കല്‍, വാട്ടര്‍ ടാങ്ക് വൃത്തിയാക്കല്‍, പരിസരങ്ങളിലെ കാട് വെട്ടിത്തെളിക്കല്‍, അപകടകരമായ മരക്കൊമ്പുകള്‍ വെട്ടിമാറ്റല്‍, ക്ലാസ് റൂം പെയിന്റിങ് തുടങ്ങിയ പ്രവൃത്തികള്‍ ഭൂരിഭാഗം വിദ്യാലയങ്ങളിലും പൂര്‍ത്തിയായി. സ്കൂളുകളിലെ കുടിവെള്ളമുള്‍പ്പെടെ പരിശോധന വിധേയമാക്കി വരുന്നുണ്ട്. മാനന്തവാടി ഗവ. യു.പി സ്കൂളില്‍ തിങ്കളാഴ്ച ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവൃത്തികള്‍ നടന്നു.
നൂറിലധികം പേരാണ് ശുചീകരണ പരിപാടിയില്‍ പങ്കെടുത്തത്. ശുചീകരണ പരിപാടി പി.ടി.എ പ്രസിഡന്റ് എ.കെ. റൈഷാദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് കെ.ജി. ജോണ്സണ്, ബി.പി.സി കെ.കെ. സുരേഷ്, വത്സ മാര്ട്ടിന്, ഡോളി രഞ്ജിത്ത്, അന്‍ഷാദ് മാട്ടുമ്മല്‍, എ. അജയകുമാര്‍, പി.പി. ബീന എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.