വയനാട് ഉരുള്‍പൊട്ടൽ; മാനസികാരോഗ്യം ഉറപ്പാക്കാന്‍ 121 അംഗ സംഘം
text_fieldsകൽപറ്റ: ഉരുള്‍പൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നൽകി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് ടീം രൂപവത്കരിച്ചത്. ആശുപത്രികള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ക്ക് മാനസികാരോഗ്യ ഹെല്പ് ഡെസ്ക്കുകൾ മുഖേന ടീം അംഗങ്ങള്‍ സേവനം ഉറപ്പാക്കും.
കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ആരോഗ്യ വകുപ്പിന്റെ തിരിച്ചറിയൽ കാര്‍ഡുള്ളവര്‍ക്കാണ് സേവനത്തിന് അനുവാദമുള്ളത്. ഇതിനായി സൈക്ക്യാട്രിസ്റ്റിന്റെ നേതൃത്വത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന അംഗീകൃത മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
ദുരന്തബാധിതരെ കേള്‍ക്കുകയും അവര്‍ക്ക് ആശ്വാസം നല്‍കുകയുമാണ് ഇവരുടെ ചുമതല. മാനസിക-സാമൂഹിക ഇടപെടലുകള്‍ ഊര്‍ജിതമാക്കി സാധാരണനിലയിലേക്ക് ദുരിതബാധിതരെ തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. ഇതോടൊപ്പം മാനസികാസ്വാസ്ഥ്യമുള്ളവരെയും മാനസിക രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കുന്നവരെയും കണ്ടെത്തി ചികിത്സ നല്‍കും. മദ്യം, ലഹരി ഉപയോഗത്തിന്റെ ‘വിത്ത്ഡ്രോവല്‍’ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പ്രത്യേക ചികിത്സയും നല്‍കുന്നുണ്ട്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാര്‍, മറ്റ് റസ്ക്യൂ മിഷന് പ്രവര്‍ത്തകര്‍ക്കുള്ള മാനസിക സമ്മര്‍ദ നിവാരണ ഇടപെടലുകളും ടീം ഉറപ്പാക്കുന്നുണ്ട്. കൂടാതെ ടെലി മനസ്സ് 14416 എന്ന ടോള്‍ ഫ്രീ നമ്പറില്‍ മാനസിക പ്രശ്നങ്ങള്‍, വിഷമങ്ങള്‍, സംശയ നിവാരണങ്ങള്‍ എന്നിവക്കായി 24 മണിക്കൂര്‍ സേവനവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.