മേപ്പാടി-ചൂരല്‍മല റോഡ്: പ്രക്ഷോഭം ശക്തമാക്കുന്നു
text_fieldsകല്പറ്റ: മലയോര ഹൈവേയുടെ ഭാഗമായ മേപ്പാടി-ചൂരല്‍മല റോഡ് നിര്‍മാണം അനിശ്ചിതമായി നീളുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നു. ജനകീയ കമ്മിറ്റി രൂപവത്കരിച്ചു സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് വരെ താഞ്ഞിലോടില് റോഡ് ഉപരോധിക്കുമെന്ന് പദ്ധതിയെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മേപ്പാടി പഞ്ചായത്തിലെ എട്ട് വാര്‍ഡുകളിലായി 3000ത്തില്‍ അധികം കുടുംബങ്ങളെ പുറം ലോകവുമായി ബന്ധപ്പെടുത്തുന്നതാണ് 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്. 43 കോടി രൂപ വകയിരുത്തി 2018 നവംബര്‍ 23ന് ആരംഭിച്ച റോഡ് പ്രവൃത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല.
എട്ടു മീറ്റര്‍ വീതിയുള്ള നിലവിലെ റോഡ് 12 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്നതിനാണ് കിഫ്ബി തുക അനുവദിച്ചത്. ഇതിനകം റോഡില്‍ പലയിടങ്ങളിലായി 18 കോടി രൂപയുടെ പ്രവൃത്തിയാണ് പൂര്‍ത്തിയാക്കിയത്.
റോഡില്‍ ഒമ്പത് കിലോമീറ്ററോളം എച്ച്.എം.എല്‍, പോഡാര്‍, എ.വി.ടി എന്നീ വന്‍കിട തോട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്ന് കിലോമീറ്റര്‍ വനത്തിലൂടെയാണ്. റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ ഭൂമി വിട്ടുകൊടുക്കുന്നതിന് വനം വകുപ്പ് സന്നദ്ധമാണെങ്കിലും എച്ച്.എം.എല്‍ ഉൾപ്പടെയുള്ള കമ്പനികൾ സ്ഥലം വിട്ടു നൽകുന്നില്ലെന്നാണ് കരാറുകാരൻ പറയുന്നത്.
ഏകദേശം ആറു കിലോമീറ്ററാണ് എച്ച്.എം.എല്‍ തോട്ടത്തിലൂടെ നവീകരിക്കേണ്ടത്. ഭൂമി സംബന്ധമായി കേസുള്ളതിനാല്‍ റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ സ്ഥലം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് എച്ച്.എം.എല്‍ അധികൃതര്‍. റോഡ് നവീകരണത്തിന് സ്ഥലം വിട്ടുകിട്ടാത്ത സാഹചര്യത്തില്‍ കരാറുകാരന് പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചു. അനുവദിച്ച ഫണ്ട് കാലാവധി കഴിഞ്ഞതിന്റെ പേരില്‍ കിഫ്ബി തിരിച്ചുപിടിച്ചു. നിലവില്‍ ലഭ്യമായ സ്ഥലം ഉപയോഗപ്പെടുത്തി റോഡ് നവീകരിക്കുന്നതിന് പ്രപ്പോസല്‍ കിഫ്ബിയുടെ പരിഗണനയിലുണ്ട്.
നവീകരണത്തിനുവേണ്ടി നിലവിലെ റോഡ് പൊളിച്ചതിന്റെ ദുരിതം നെല്ലിമുണ്ട, ചുളിക്ക, താഞ്ഞിലോട്, കള്ളാടി, പുത്തുമല, ഏലവയല്‍, ചൂരല്‍മല, അട്ടമല, മുണ്ടക്കൈ പ്രദേശങ്ങളിലുള്ളവര്‍ അനുഭവിക്കുകയാണ്. മേപ്പാടിയില്‍നിന്നു ചൂരല്‍മലയിലേക്കും തിരിച്ചുമുള്ള യാത്ര സാഹസമായിരിക്കുകയാണ്. റോഡ് 12 മീറ്റര്‍ വീതിയില്‍ നവീകരിക്കാൻ കാലതാമസം ഉണ്ടാകുമെന്നുണ്ടെങ്കില്‍ നിലവിലെ റോഡ് സഞ്ചാരയോഗ്യമാക്കണം.
ഇക്കാര്യത്തില്‍ ഉത്തരവാദപ്പെട്ടവര്‍ വീഴ്ച വരുത്തിയാല്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ ലോഡുകള്‍ തടയല്‍, ഹൈവേ ഉപരോധം എന്നിവക്ക് ജനകീയ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികളായ കെ.പി. യൂനുസ്, സി. ശിഹാബ്, കെ. സെയ്നുദ്ദീന്‍, സി. രാഘവന്. കെ.കെ. അബ്ദുൽ സലാം എന്നിവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.