മിൽമ സംഭരണം കുറച്ചു; പാൽ ഒഴുക്കിക്കളയേണ്ട അവസ്ഥയിൽ ക്ഷീരകർഷകർ
text_fieldsകൽപറ്റ: ലോക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് വിൽപന കുറഞ്ഞതോടെ മിൽമ ക്ഷീരസംഘങ്ങളിൽനിന്ന് ശേഖരിക്കുന്ന പാലിെൻറ അളവ് കുറച്ചത് ജില്ലയിലെ ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കി. സംഘങ്ങൾ നൽകുന്ന ശരാശരി പ്രതിദിന പാലിെൻറ 60 ശതമാനം മാത്രം അയച്ചാൽ മതിയെന്നാണ് മലബാർ മേഖല മിൽമ നൽകിയ നിർദേശം. ഇതോടെ ചൊവ്വാഴ്ച മുതൽ വൈകീട്ട് ക്ഷീരസംഘങ്ങൾ വഴി പാൽ സംഭരിക്കുന്നത് മിൽമ നിർത്തിവെച്ചു.
ജില്ലയിലെ ക്ഷീരകർഷകരിൽ ഭൂരിഭാഗവും പാൽ വിൽപനയിലൂടെ ലഭിക്കുന്ന വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. മിൽമ ജില്ലയിൽനിന്ന് മാത്രം പ്രതിദിനം ശരാശരി 2,20,000 ലിറ്റർ പാലാണ് സംഭരിച്ചിരുന്നത്. ഇതിൽ 1,10,000 ലിറ്റർ പാലാണ് വിറ്റുപോയിരുന്നത്. ബാക്കിയുള്ള പാൽ തമിഴ്നാട്ടിലെയും കർണാടകയിലെയും പാൽപ്പൊടി ഫാക്ടറികളിലേക്ക് അയക്കുകയുമാണ് ചെയ്തത്.
ലോക്ഡൗണിനെ തുടർന്ന് ഹോട്ടലുകളും കടകളും പൂട്ടിയതും വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും മിൽമക്ക് തിരിച്ചടിയായി. പാൽ വിൽപന 48,000 ലിറ്ററായി ചുരുങ്ങി. എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ ട്രിപ്ൾ ലോക്ഡൗൺ നടപ്പാക്കിയതും പാലിെൻറ വിൽപനയിൽ ഗണ്യമായ കുറവുണ്ടാക്കി.
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അവിടങ്ങളിൽ പ്രദേശികമായ വിൽപനയും കുറഞ്ഞു. നിലവിൽ ഈ സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കുന്ന പാലിൽ ഭൂരിഭാഗവും പാൽപ്പൊടി ഫാക്ടറികളിലേക്കാണ് എത്തുന്നത്. ഈ ഫാക്ടറികളിൽ പ്രാദേശിക കർഷകരുടെ പാൽ സംഭരിക്കുന്നതിനാണ് മുൻഗണന നൽകുന്നതും. ഇതോടെ വയനാട് ഉൾപ്പെടെയുള്ള ജില്ലയിൽനിന്നുള്ള പാൽ െഡയറികളിൽതന്നെ കെട്ടിക്കിടക്കുകയാണ്.
പ്രാദേശിക വിപണികളും ഇല്ലാതായതോടെ ഉച്ചക്കഴിഞ്ഞ് ലഭിക്കുന്ന പാൽ എന്തുചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ് ക്ഷീരകർഷകർ. കഴിഞ്ഞവർഷം ലോക്ഡൗണിൽ മിൽമ സംഭരണം കുറച്ചതോടെ പലരും പാൽ ഒഴുക്കിക്കളയുകയാണ് ചെയ്തത്. കൃഷി മേഖലയുടെ തകർച്ചയോടെ നിരവധി കർഷകരാണ് ക്ഷീര മേഖലയിലേക്ക് തിരിഞ്ഞത്. വർധിച്ചുവരുന്ന ഉൽപാദന ചെലവ് താങ്ങാനാകാതെ കർഷകർ പ്രയാസപ്പെടുന്നതിനിടെയാണ് സംഭരണം വെട്ടിക്കുറച്ചത്.
ടി. സിദ്ദീഖ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കൽപറ്റ: ലോക്ഡൗണിൽ പാല് സംഭരണം നിര്‍ത്തിയ മില്‍മ നടപടി അടിയന്തരമായി പിന്‍വലിക്കാനും സംഭരണം തുടരാനും ആവശ്യപ്പെട്ട് നിയുക്ത കൽപറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ക്ഷീര വകുപ്പ് ഡയറക്ടര്‍ക്കും നിവേദനം നൽകി.
പാല് സംഭരണം മില്‍മ വെട്ടിക്കുറച്ചതിലൂടെ ക്ഷീര കര്‍ഷകര്‍ക്കുണ്ടായിട്ടുള്ള കടുത്ത സാമ്പത്തിക നഷ്ടം പരിപൂര്‍ണമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ലിറ്ററിന് 40 രൂപ വെച്ച് ദിവസേന സംഭരിക്കുന്ന അളവിെൻറ തുക കര്ഷകന് നല്കാന് സര്‍ക്കാറും മില്‍മയും നടപടി സ്വീകരിക്കണം.
മില്‍മ സംഭരിക്കാത്ത പാല് ലോക്ഡൗണ്‍ കാരണം മറ്റ് മേഖലയില്‍ വിപണനം ചെയ്യാന്‍ കര്ഷകന് സൗകര്യം ഇല്ലാത്തത് സര്‍ക്കാര്‍ മുഖവിലക്കെടുക്കണം. അധികമുള്ള പാല് വിപണനം ചെയ്യാന്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മില്‍മയുടെ സമീപനം അടിയന്തരമായി അവസാനിപ്പിച്ച്, അത് ഇവിടെതന്നെ ഉപയോഗപ്പെടുത്താവുന്ന ഭാവനാസമ്പന്നമായ പദ്ധതികള്‍ക്കു രൂപം കൊടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.