പണം അക്കൗണ്ടിലെത്തിയിട്ട് രണ്ടര വര്‍ഷം; ചെട്യാലത്തൂരിലെ 23 കുടുംബങ്ങൾ കാട്ടിൽതന്നെ
text_fieldsകല്പറ്റ: സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ പണം ജോയൻറ് അക്കൗണ്ടിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും ചെട്യാലത്തൂരിലെ പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ 23 കുടുംബങ്ങള്‍ക്ക് വനത്തിന് പുറത്തേക്ക് താമസം മാറ്റാനായില്ല. വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍പെട്ട ചെട്യാലത്തൂരിലെ പട്ടികവര്‍ഗ കുടുംബങ്ങളുടെ പുനരധിവാസമാണ് അധികാരികളുടെ അനാസ്ഥമൂലം അനിശ്ചിതമായി നീളുന്നത്.
ചെട്യാലത്തൂരില്‍ 41 പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളാണുള്ളത്. ഇതില്‍ 23 കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള ഫണ്ട് 2019 ജനുവരിയില്‍ ലഭ്യമായതാണ്.
അസി. വൈല്‍ഡ് ലൈഫ് വാര്ഡന്, ട്രൈബല്‍ ഡെവലപ്മെൻറ് ഓഫിസര്‍, ഗുണഭോക്താവ് എന്നിവരുടെ സംയുക്ത ബാങ്ക് അക്കൗണ്ടുകളിലാണ് തുകയുള്ളത്. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഓരോ യോഗ്യതാ കുടുംബത്തിനും കെവശഭൂമിയുടെ വിസ്തീര്‍ണം കണക്കിലെടുക്കാതെ 10 ലക്ഷം രൂപയാണ് നല്‍കുന്നത്. ആകെ 140 യോഗ്യത കുടുംബങ്ങളാണ് ചെട്യാലത്തൂരില്‍. ഇതില്‍ മുഴുവന്‍ തുകയും ലഭിച്ച പട്ടികവര്‍ഗത്തിലെ മുള്ളുക്കുറുമ വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ വനത്തിന് പുറത്തേക്ക് താമസം മാറ്റിയിട്ടുണ്ട്. മുള്ളുക്കുറുമ കുടുംബങ്ങള്‍ക്ക് സ്വന്തം അക്കൗണ്ടിലാണ് പണം ലഭ്യമാക്കിയത്. ധനം യഥാവിധം വിനിയോഗിക്കാന്‍ ശേഷിയില്ലാത്തവരെന്ന അധികാരികളുടെ അനുമാനത്തിെൻറ അടിസ്ഥാനത്തിലാണ് പണിയ, കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കുള്ള ഫണ്ട് ജോയൻറ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത്. ഈ കുടുംബങ്ങളെ വനത്തിന് പുറത്ത് ഭൂമി വാങ്ങി പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്തം പദ്ധതി ജില്ലതല നിര്‍വഹണ സമിതിക്കാണ്. ജില്ല കലക്ടറാണ് സമിതി ചെയര്മാന്. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് സെക്രട്ടറി.
ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ നിര്‍വഹണസമിതി വീഴ്ച വരുത്തുകയാണ്. പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട കുടുംബങ്ങള്‍ വനത്തിന് പുറത്തു കണ്ട് ഇഷ്ടപ്പെട്ടു ചൂണ്ടിക്കാട്ടുന്ന ഭൂമി വാങ്ങാന്‍പോലും ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. ഇവിടത്തെ പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ 19 കുടുംബങ്ങള്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്ക് പുറത്താണ്. പുനരധിവാസത്തിന് സന്നദ്ധരല്ലാത്തവരാണ് ഇതില്‍ ഏതാനും കുടുംബങ്ങള്‍. പദ്ധതി ഗുണഭോക്താക്കളല്ലാത്ത ചെട്ടി വിഭാഗത്തില്‍പെട്ട കുടുംബങ്ങളും ചെട്യാലത്തൂരിലുണ്ട്. ഏകദേശം 50 ഏക്കര്‍ ഭൂമിയാണ് ഈ കുടുംബങ്ങളുടെ കൈവശം. മാന്യമായ ഭൂവിലയും കുഴിക്കൂര്‍ ചമയങ്ങള്‍ക്ക് നഷ്ടപരിഹാരവും ലഭിച്ചാലേ പുനരധിവാസത്തിന് സന്നദ്ധമാകൂ എന്ന നിലപാടിലാണ് ചെട്ടി കുടുംബങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.