കാലവര്‍ഷം: പ്രതിരോധം ശക്തമാക്കാൻ നടപടി
text_fieldsകൽപറ്റ: മഴ കനക്കുന്ന സാചര്യത്തിൽ ജില്ലയില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ കാലവര്‍ഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ ജില്ല കലക്ടര്‍ ഡോ. രേണുരാജ് ഉത്തരവിട്ടു. വിവിധ വകുപ്പുകളും അവ ചെയ്യേണ്ട കാര്യങ്ങളും:
തദ്ദേശ സ്വയംഭരണ വകുപ്പ്
ഡിസംബര്‍ വരെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മണ്‍സൂണ്‍ കണ്ട്രോള് റൂം പ്രവര്‍ത്തനക്ഷമമാക്കണം. എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അംഗങ്ങളുടെ പട്ടിക, ടീമംഗങ്ങളുടെ മൊബൈല്‍ നമ്പറുകൾ കണ്ട്രോള് റൂമില്‍ ലഭ്യമാക്കണം. ദുരന്ത സാധ്യത മേഖലകള്‍, കുടുംബങ്ങള്‍ എന്നിവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന കണ്ട്രോള് റൂം, താലൂക്ക് കണ്ട്രോള് റൂം, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലേക്ക് കൈമാറണം.
തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപന മേധാവിക്കായിരിക്കും.
മഴക്കാലത്ത് വഴിയരികുകള്‍, കടത്തിണ്ണകള്‍, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളില്‍ രാത്രികാലങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് ഉറങ്ങാനും അത്താഴം നല്‍കാനുമുള്ള സംവിധാനം തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഒരുക്കണം.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ ക്യാമ്പിലേക്ക് മാറ്റുന്നതിന് ആവശ്യമായ പരിശീലനം നല്‍കണം എന്നിവയുൾപ്പെടെ 36 ഓളം നിർദേശങ്ങളാണ് വകുപ്പിന് നല്‍കിയിട്ടുള്ളത്.
പട്ടികജാതി-വര്‍ഗ വികസന വകുപ്പ്
ഓറഞ്ച്, റെഡ് അലര്‍ട്ട് ദിവസങ്ങളില്‍ വനമേഖലയിലെ ഊരുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം. വനത്തിനകത്ത് താമസിക്കുന്ന തദ്ദേശീയര്‍ക്കും ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്കും ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കണം. വനമേഖലയിലുള്ളവരെ ആവശ്യമാവുന്ന ഘട്ടങ്ങളില്‍ മാറ്റിത്താമസിപ്പിക്കുന്നതിന് വനം വകുപ്പിന്റെ സഹകരണത്തോടെ അതത് ഊരിലോ അടുത്തുള്ള കെട്ടിട സമുച്ചയങ്ങളിലോ സ്ഥലം കണ്ടെത്തണം.
വനം വകുപ്പ്
മഴ ജാഗ്രത മുന്നറിയിപ്പുള്ള ദിവസങ്ങൾ വന മേഖലയിലെ വിനോദസഞ്ചാരം നിയന്ത്രിക്കണം. വനഭൂമിയിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടസാധ്യതാ മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കണം.
തൊഴില്‍ വകുപ്പ്
തോട്ടം മേഖലയില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വൈദ്യുതി എന്നിവ ഉറപ്പാക്കണം. തോട്ടം മേഖലയിലെ ലയങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം.ഒറ്റപ്പെട്ട ലയങ്ങളോട് ചേര്‍ന്ന് ക്യാമ്പുകള്‍ ആരംഭിക്കാന്‍ ആവശ്യമായ സൗകര്യം കണ്ടെത്തണം.
സാമൂഹിക നീതി-വനിത ശിശുവികസന വകുപ്പ്
ക്യാമ്പുകളില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണം. അംഗപരിമിതര്‍, കിടപ്പുരോഗികള്‍, വാർധക്യകാല രോഗത്താല്‍ ബുദ്ധിമുട്ടുന്നവരുടെ വിവരങ്ങള്‍ അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, താഹസില്‍ദാര്‍ എന്നിവര്‍ക്ക് നല്‍കണം
കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേക പോഷകാഹാരം, വൈദ്യസഹായം ഉറപ്പാക്കണം. മാരകരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍, അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയില്‍ കഴിയുന്നവര്‍, കിടപ്പിലായവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ പട്ടിക തയാറാക്കി ബന്ധപ്പെട്ടവര്‍ക്ക് നല്‍കണം.
പ്രത്യേക പരിഗണന ലഭിക്കേണ്ടവർക്കും മാനസിക-വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സൈക്കോ സോഷ്യല്‍ കെയര്‍ ഉറപ്പാക്കല്‍, പാലിയേറ്റിവ് കെയര്‍ രോഗികളുടെ പരിചരണം തുടങ്ങിയവും ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.