മഴക്കാല മുന്നൊരുക്കം; കാരാപ്പുഴ ഡാം തുറക്കുന്നു
text_fieldsകല്പറ്റ: മഴക്കാല മുന്നൊരുക്കത്തിെൻറ ഭാഗമായി കാരാപ്പുഴ ഡാമിൽനിന്ന് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ തുറന്നുവിടുന്നതു സെക്കന്‍ഡില്‍ നാലു മുതല്‍ ആറുവരെ ഘനമീറ്റര്‍ വെള്ളം. ആകെയുള്ള മൂന്നു ഷട്ടറുകളും അഞ്ചു സെൻറി മീറ്റര്‍ വീതം ഉയര്‍ത്തിയാണ് വെള്ളം ഒഴുക്കുകയെന്നു കാരാപ്പുഴ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വി. സന്ദീപ് പറഞ്ഞു.
മഴക്കാലത്തു അണയിലെ വെള്ളം പെട്ടെന്നു തുറന്നുവിടേണ്ട സാഹചര്യമുണ്ടായാൽ ആളുകളെ യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. കോവിഡ് കാലമായതിനാല്‍ ഇതു ഏറെ പ്രയാസങ്ങള്‍ക്കു കാരണമാകും. ഈ പശ്ചാത്തലത്തിലാണ് അണക്കെട്ടിലെ വെള്ളം തുറന്നുവിടുന്നത്. വൃഷ്ടിപ്രദേശത്തു തുടരെ ലഭിച്ച വേനല്‍മഴയില്‍ റിസര്‍വോയറില്‍ ജലനിരപ്പ് ഉയരുന്നതും വെള്ളം പുറത്തേക്കു ഒഴുക്കുന്നതിനു കാരണമാണ്. 44.31 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ് നിലവില്‍ സംഭരണിയിലുള്ളത്.
ഇവിടത്തെ വെള്ളം കൂടുതല്‍ സ്ഥലത്തു ജലസേചനത്തിനു ലഭ്യമാക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗതിയിലാണെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പറഞ്ഞു. ഇടതുകര, വലതുകര മെയിന്‍ കാനാലുകളുടെ പ്രവൃത്തി ജൂണ്‍ 15നകം പൂര്‍ത്തിയാകും. മേയ് മാസത്തില്‍ തീര്‍ക്കാനിരുന്നതാണ് മെയിന്‍ കനാലുകളുടെ നിര്‍മാണം. മഴയും കോവിഡ് വ്യാപനത്തെത്തുടര്‍ന്നു നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറഞ്ഞതുമാണ് പ്രവൃത്തി മന്ദഗതിയിലാക്കിയത്.
16.74 കിലോമീറ്ററാണ് കാരാപ്പുഴ ഡാമിെൻറ ഇടതുകര കനാലിെൻറ നീളം. 2019ലെ പ്രകൃതിക്ഷോഭത്തില്‍ കനാലില്‍ തൃക്കൈപ്പറ്റ കെ.കെ ജങ്ഷന് സമീപം 96 മീറ്റര്‍ തകര്‍ന്നിരുന്നു. ഇവിടെ പുനര്‍നിര്‍മാണം അന്തിമഘട്ടത്തിലാണ്. 8.805 കിലോമീറ്റര്‍ നീളമുള്ള വലതുകര കനാൽ നിര്‍മാണം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. മെയിന്‍ കനാലുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്കു കാരാപ്പുഴ ജലസേചന പദ്ധതി ഭാഗികമായി കമീഷന് ചെയ്യാം.
ഇതോടെ 600 ഹെക്ടര്‍ വയലിലും 200 ഹെക്ടര്‍ കരയിലും ഡാമിലെ വെള്ളമെത്തും. കാരാപ്പുഴ പദ്ധതി ജലം കൃഷി ആവശ്യത്തിനു ലഭിക്കുന്നില്ലെന്ന കര്‍ഷകരുടെ പരാതിക്ക് ഭാഗിക പരിഹാരമാകും. കരഭൂമിയില്‍ നാണ്യവിളകള്‍ക്കാണ് ജലസേചന സൗകര്യം ഒരുക്കുന്നത്. ഇടതുകര, വലതുകര കനാലുകളോടു ചേര്‍ന്നുള്ള കരഭൂമിയില്‍ മൈക്രോ ഇറിഗേഷന്‍ സങ്കേതത്തിലൂടെയാണ് വെള്ളം എത്തിക്കുക.
പദ്ധതി പൂര്‍ണമായും കമീഷന് ചെയ്യുന്നതിനു അണക്കെട്ടിെൻറ സംഭരണശേഷി 76.5 മില്യണ്‍ ക്യുബിക് മീറ്ററായി വര്‍ധിപ്പിക്കുന്നതിനൊപ്പം കൈക്കനാലുകളുടെ നിര്‍മാണവും പൂർത്തിയാക്കണം. സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനു 8.12 ഹെക്ടര്‍ സ്ഥലം കൂടി ഏറ്റെടുക്കണം. ഇതില്‍ 6.12 ഏക്കര്‍ ഏറ്റെടുക്കുന്നതിനു നടപടികള്‍ പുരോഗതിയിലാണ്. കാരാപ്പുഴ പദ്ധതി 2023ല്‍ പൂര്‍ണമായും കമീഷന് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ജലസേചന വകുപ്പ്.
മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, ബത്തേരി പഞ്ചായത്തുകളില്‍ 5,221 ഹെക്ടറില്‍ കനാലുകളിലൂടെ ജലമെത്തിച്ച് കാര്ഷികോൽപാദനം വര്‍ധിപ്പിക്കുന്നതിനു വിഭാവനം ചെയ്തതാണ് കാരാപ്പുഴ പദ്ധതി. കബനി നദിയുടെ കൈവഴിയാണ് കാരാപ്പുഴ. വാഴവറ്റയിലാണ് പദ്ധതി അണക്കെട്ട്. 62 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം. 7.6 കോടി രൂപ മതിപ്പുചെലവില്‍ 1978ല്‍ തുടങ്ങിയതാണ് നിര്‍മാണം. ഇപ്പോള്‍ ഏതാനും ഹെക്ടര്‍ വയലില്‍ മാത്രമാണ് ഇവിടത്തെ വെള്ളം കൃഷിക്കു ഉപയോഗപ്പെടുത്തുന്നത്.
അടിത്തട്ടില്‍ മണ്ണടിഞ്ഞ് ജലസംഭരണശേഷി രണ്ട് മില്യണ്‍ ക്യുബിക് മീറ്റര്‍ കുറഞ്ഞതായി പീച്ചിയിലെ കേരള എന്‍ജിനീയറിങ് റിസര്‍ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (കെ.ഇ.ആർ.ഐ) വിദഗ്ധസംഘം നേരത്തേ കണ്ടെത്തിയിരുന്നു. മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്നു കെ.ഇ.ആര്.ഐ ശിപാര്‍ശ ചെയ്യുകയുമുണ്ടായി.
എങ്കിലും മണ്ണുനീക്കുന്നതില്‍ ഇനിയും തീരുമാനമായില്ല. കാരാപ്പുഴയിലെ ജലം കല്പറ്റ നഗരത്തിലടക്കം കുടിവെള്ള വിതരണത്തിനു ഉപയോഗപ്പെടുത്തുന്നുണ്ട്. ജില്ലയിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായും കാരാപ്പുഴയെ വികസിപ്പിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.