കെടുതി മഴ; മുന്നൊരുക്കം ശക്തമാക്കി
text_fieldsകൽപറ്റ/മാനന്തവാടി/പുൽപ്പള്ളി: വയനാട്ടിൽ മഴ കനത്തതോടെ കെടുതികളും വർധിച്ചു. ശക്തമായ മഴയാണ് രണ്ടു ദിവസങ്ങളിലായി പെയ്തത്. മഴയിലും കാറ്റിലും വ്യാപക കൃഷി നാശത്തോടൊപ്പം നിരവധി അപകടങ്ങളും ഉണ്ടായി. കബനി ഉൾപ്പെടെ ജില്ലയിലെ പുഴകളിലെല്ലാം ജല നിരപ്പ് ഉയർന്നിട്ടുണ്ട്. ഇന്നും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത കാറ്റിലും മഴയിലും പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തിലെ മൂന്നുപാലത്ത് വ്യാപകമായി കൃഷി നശിച്ചു. വാഴ റബർ ഉൾപ്പെടെയുള്ള കൃഷികളാണ് നശിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ആഞ്ഞടിച്ച കാറ്റിൽ റബർ മരങ്ങളുടെ ശിഖരങ്ങൾ പൊട്ടി വീണു. തട്ടാംപറമ്പിൽ ജോർജിനൻറെ തോട്ടത്തിലെ ടാപ്പിങ് നടത്തുന്ന നിരവധി റബർ മരങ്ങൾ നിലംപൊത്തി. മഴ കനത്തു തുടങ്ങിയതോടെ മാനന്തവാടി താലൂക്കിൽ സുരക്ഷ മുന്നൊരുക്കങ്ങൾ വർധിപ്പിച്ചു.
മണ്ണിടിച്ചിൽ ഭിഷണിയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. കാലവര്‍ഷത്തില്‍ മലയോര പ്രദേശങ്ങളില്‍ ദുരന്തസാധ്യത വർധിക്കുന്നതിനാല്‍ ഇത്തരം പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരവും ട്രക്കിങ്ങും ഒഴിവാക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
റിസോര്‍ട്ട്, ഹോം സ്റ്റേ എന്നിവിടങ്ങളില്‍ താമസിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് സ്ഥാപന അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കണം. ജലനിരപ്പ് ഉയരുന്നതിനാലും ഒഴുക്ക് വർധിക്കുന്നതിനാലും ജലാശയങ്ങളിലും പുഴകളിലും ഇറങ്ങാൻ പാടില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി അറിയിച്ചു.
നദികളിൽ ജലനിരപ്പുയർന്നു
പനമരം: മഴശക്തമായതോടെ തോടുകളും കൈതോടുകളും നിറഞ്ഞു പുഴയിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടു. പനമരം പുഴയിൽ ജലനിരപ്പ് ഉയർന്നു. ജില്ലയിൽ പുഴകളും തോടുകളും പാടങ്ങളും കൂടുതലുള്ളത് പനമരത്താണ്. നിരസിപ്പുഴ, പനമരം ചെറുപുഴ, വലിയപ്പുഴ തുടങ്ങിയ പുഴകൾ സംഗമിച്ചാണ് കബനിയായി ബീച്ചിനഹള്ളി ഡാമിലേക്ക് ഒഴുകുന്നത്. നരസിപ്പുഴ ബത്തേരിയിൽനിന്ന് ആരംഭിച്ചു കേണിച്ചിറ വഴി ചക്കിട്ടയിലുടെ പനമരം നീർവാരത്ത് വെച്ചു പനമരം പുഴയിൽ ചേരും.
പനമരം ചെറുപുഴ കാരാപ്പുഴയിൽ നിന്നു ആരംഭിച്ച് വരദൂരിലൂടെ പനമരം മാത്തൂരിൽ പനമരം പുഴയിൽ ചേരും. ബാണാസുര മലയിൽനിന്നു തുടങ്ങി പുതുശ്ശേരികടവ്, ചേരിയംകൊല്ലി വഴി പനമരത്തെത്തി എല്ലാം ചേർന്നു കബനിയായി ഒഴുകും. നേരത്തേ ജൂൺ തുടക്കം തന്നെ പുഴ നിറയാറുണ്ടായിരുന്നു. കാലവർഷം വൈകിയത് കാരണം ഇത്തവണ വെള്ളം കുറവായിരുന്നു. മഴശക്തിപ്പെട്ടതോടെ പനമരം പുഴ നിറയാറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.