വയനാട്ടില്‍ കിടപ്പുരോഗികൾ കൂടി
text_fieldsകല്പറ്റ: വയനാട്ടില്‍ കിടപ്പുരോഗികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമ്പോഴും പരിചരണത്തിന് ആവശ്യമായ വളന്റിയർമാർ ഇല്ല. 22 വർഷത്തിനിടയിൽ 35171 കിടപ്പുരോഗികളാണ് പാലിയേറ്റിവ് കെയർ ക്ലിനിക്കുകളിൽ രജിസ്റ്റർ ചെയ്തത്. വയനാട് ഇനിഷ്യേറ്റിവ് ഇന്‍ പാലിയേറ്റിവ് കെയറിനു
(ഡബ്ല്യു.ഐ.പി) കീഴിലുള്ള 14 യൂനിറ്റുകളില്‍ നിലവില്‍ 5,798 കിടപ്പു രോഗികളാണുള്ളത്. സര്‍ക്കാര്‍ മേഖലയിലെ പാലിയേറ്റീവ് യൂനിറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ ഇതിനു പുറമേയാണ്. ഇത്രയും കിടപ്പുരോഗികളെ പരിചരിക്കുന്നതിന് ഏകദേശം 500 സജീവ വളന്റിയര്‍മാരാണ് ജില്ലയിൽ ഉള്ളത്. മുഴുവന്‍ രോഗികള്‍ക്കും കൃത്യമായ പരിചരണം ലഭ്യമാക്കുന്നതിനു ഇവര്‍ മതിയാകില്ലെന്ന് ഡബ്ല്യു.ഐ.പി ഭാരവാഹികള്‍ പറയുന്നു.
സാന്ത്വന പരിചരണത്തില്‍ ഡബ്ല്യു.ഐ.പി ഇതിനകം ആയിരത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. എന്നാൽ ഇതില്‍ പാതിയും നിലവില്‍ സേവന രംഗത്തില്ല. ഓരോ വര്‍ഷവും പരിശീലനം നല്കുന്നതില് 50ല്‍ താഴെ ആളുകളാണ് പാലിയേറ്റീവ് രംഗത്ത് തുടരുന്നത്.
സൊസൈറ്റീസ് ആക്ട് പ്രകാരം 2003ല്‍ രജിസ്റ്റര്‍ ചെയ്ത് സുല്‍ത്താന്‍ ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതാണ് ഡബ്ല്യു.ഐ.പി ഇതിനു കീഴിലുള്ള പാലിയേറ്റീവ് യൂനിറ്റുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍, പ്രാദേശിക കൂട്ടായ്മകള്‍ എന്നിവയുടെ പിന്തുണയോടെയാണ് കിടപ്പുരോഗികള്‍ക്ക് ഗൃഹ കേന്ദ്രീകൃത പരിചരണം നല്‍കുന്നത്. കല്പറ്റ, മേപ്പാടി, വെള്ളമുണ്ട എന്നിവിടങ്ങളിലെ പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളില്‍ ഡയാലിസിസ് സൗകര്യമുണ്ട്.
സാമൂഹിക പങ്കാളിത്തത്തോടെ സൗജന്യമായും സൗജന്യ നിരക്കിലും നൂറിലധികം പേരെ ഡയാലിസിസിനു വിധേയമാക്കുന്നുണ്ട്. മേപ്പാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, പിണങ്ങോട്, കല്പറ്റ, കണിയാമ്പറ്റ യൂനിറ്റുകളില്‍ സാമൂഹികാധിഷ്ഠിത മാനസികാരോഗ്യ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. വെള്ളമുണ്ട യൂനിറ്റില്‍ ഫിസിയോതെറപ്പി യൂനിറ്റുമുണ്ട്. മുട്ടില്‍ യൂനിറ്റില്‍ കെയര്‍ ഹോം നിര്‍മാണം നടന്നുവരികയാണ്.
ഇത് ജില്ലക്ക് മാതൃകയായി മാറുമെന്ന് ഡബ്ല്യൂ.ഐ.പി ഭാരവാഹികളായ ചെയര്മാന് ഗഫൂര്‍ താനേരി, ജനറല്‍ സെക്രട്ടറി കെ.കെ. ചന്ദ്രശേഖരന്, ട്രഷറര്‍ കെ.ജി. സുകുമാരന്‍, മറ്റു ഭാരവാഹികളായ പി. മായിന്‍, എം. അബ്ദുറഹ്മാന്, സി.എച്ച്. സുബൈര്‍ എന്നിവര്‍ പറഞ്ഞു. മേപ്പാടി യൂനിറ്റില്‍ ഒരു വര്‍ഷത്തിലധികമായി ഭിന്നശേഷി കുട്ടികള്‍ക്കായി ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 58 കുട്ടികള്‍ക്ക് വിവിധ തെറപ്പി നല്‍കുന്നുമുണ്ട്.
- 2 വര്‍ഷത്തിനിടെ ജില്ലയിലെ പാലിയേറ്റിവ് യൂനിറ്റുകളില്‍ രജിസ്റ്റർ ചെയ്ത രോഗികൾ
കാന്‍സര്‍-9,966
സി.വി.എ-6,499
പി.വി.ഡി-2408
പാരാപ്ലീജിയ-1869
എച്ച്.ഐ.വി-48
കിഡ്നി-1,952
വാര്‍ധക്യം-6,578
മാനസികം-953
മറ്റുള്ളവര്‍-4898
- ജില്ലയിൽ നിലവിലുള്ള പാലിയേറ്റിവ് യൂനിറ്റുകളിലെ രോഗികളുടെ എണ്ണം
കാന്‍സര്‍-1,034
സി.വി.എ-699
പി.വി.ഡി-325
പാരാപ്ലീജിയ-223
എച്ച്.ഐ.വി-21
കിഡ്നി-603
വാര്‍ധക്യം-1,318
മാനസികം-643
മറ്റുള്ളവര്‍-932
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.