അമ്മായിക്കവലയിൽ ക്വാറി തുടങ്ങാൻ നീക്കം; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsകൽപറ്റ: മീനങ്ങാടി പഞ്ചായത്തിലെ രണ്ടാം വാർഡിൽപെടുന്ന അമ്മായിക്കവലയിൽ ക്വാറി തുടങ്ങാൻ അനുവദിച്ച ലൈസൻസ് റദ്ദാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 28നാണ് പഞ്ചായത്ത് ക്വാറി ലൈസന്‍സ് അനുവദിച്ചത്. സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി, മൈനിങ് ആന്‍ഡ് ജിയോളജി, റവന്യൂ, പൊലീസ്, വനം, എക്സൈസ്, എക്സ്പ്ലോസീവ് ലൈസന്‍സുകള്‍ നേരത്തെ ലഭിച്ച ശേഷമാണ് പഞ്ചായത്ത് ലൈസന്‍സും സ്വകാര്യ വ്യക്തി നേടിയത്.
ഈ വിവരം സമീപകാലത്താണ് നാട്ടുകാർ അറിഞ്ഞത്. പാരിസ്ഥിതിക പ്രാധാന്യമുള്ള അമ്മായിക്കവലയില്‍ കരിങ്കല്‍ ഖനനം ആരംഭിക്കുന്നതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്പേഴ്സൻ കൂടിയായ കലക്ടര്‍ക്കും സംസ്ഥാന സര്‍ക്കാറിനും പരാതി നല്‍കിയിട്ടുണ്ട്.
ക്വാറി പ്രവര്‍ത്തനം തടയാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനം. വയലും വയൽ കരയും കുഴിച്ചും നികത്തിയും അടിയിലെ പാറശേഖരം ഖനനം ചെയ്യുന്നതിനാണ് സ്വകാര്യ വ്യക്തിക്ക് ലൈസൻസ് അനുവദിച്ചിട്ടുള്ളത്.
സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി പരിസ്ഥിതി ആഘാത പഠനവും പബ്ലിക് ഹിയറിങ്ങും നടത്താതെയും സ്ഥലം നേരിട്ട് പരിശോധിക്കാതെയുമാണ് ക്വാറിക്ക് പാരിസ്ഥിതികാനുമതി നൽകിയതെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ക്വാറി പ്രവർത്തനം തുടങ്ങിയാൽ ഇതിന്റെ താഴ്ഭാഗത്തുള്ള പുറക്കാടി പാടശേഖരം മുതൽ വരദൂർ വരെയുള്ള പാടങ്ങളും കൃഷിയിടങ്ങളും അപകടത്തിലാകും. നാട്ടുകാരുടെ കുടിവെള്ളവും മലിനമാകും. സമീപത്തുള്ള മരത്തിയമ്പംകുന്ന്, കണിയാംകുന്ന്, അപ്പാട് എസ്റ്റേറ്റ് കുന്ന് എന്നിവയുടെ ഇടിച്ചിലിനും ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങൾക്കും കാരണമാവും. കരിങ്കൽ ക്വാറിയുടെ 50 മീറ്റർ ദൂരത്തിൽ വീടുകളുണ്ട്.
ക്വാറി പ്രവർത്തനം തുടങ്ങിയാൽ നിരവധി വീടുകൾക്ക് കനത്ത ആഘാതം സംഭവിക്കും. പ്രദേശത്തുണ്ടാകുന്ന പൊടി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൃഷി നാശത്തിനും കാരണമാകും. ഇടുങ്ങിയതും വീതികുറഞ്ഞതും കയറ്റിറക്കങ്ങളുമുള്ള അമ്മായികവല-അപ്പാട് റോഡിൽ ഭാരവാഹനങ്ങൾ ഓടാൻ തുടങ്ങിയാൽ യാത്രദുരിതത്തിനിടയാക്കും.
നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന കണിയാംകുന്ന്, ആലിലകുന്ന്, അപ്പാട് കുടിവെള്ള പദ്ധതികളും അപകടത്തിലാകും. ക്വാറി ലൈസൻസ് റദ്ദാക്കാൻ നിവേദനങ്ങളും ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. നിയമമാർഗം തേടി ക്വാറി പ്രവർത്തനം തടയാനാണ് നാട്ടുകാരുടെ തീരുമാനം.
വാർത്തസമ്മേളനത്തിൽ പ്രതിഷേധ കൂട്ടായ്മ ചെയർമാൻ എൻ.എസ്. അഖിലേഷ്, സുകുമാരൻ അമ്പിളിയിൽ, കൺവീനർ ടി.ആർ. രാജീവ്, സൗമ്യ ജിതിൻ, പി.കെ. ബാബു രാജേന്ദ്രൻ, തോമസ് അമ്പലവയൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.