വയനാടിന് വിലപ്പെട്ട സംഭാവന നൽകിയ മഹാപ്രതിഭ
text_fieldsകൽപറ്റ: പുത്തൂര്‍വയലിൽ തുടങ്ങിയ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം വയനാടിന്റെ അഭിമാനമായി തലയുയർത്തി നിർത്താൻ എം.എസ്. സ്വാമിനാഥൻ നൽകിയ സംഭാവകൾ വിലപ്പെട്ടതാണ്. ഗവേഷണനിലയത്തിലൂടെ പകരംവെക്കാനാവാത്ത സേവനമാണ് ഡോ.സ്വാമിനാഥന് വയനാടന്‍ ജനതക്ക് നൽകിയത്.
ഭക്ഷ്യ പോക്ഷക സുരക്ഷയും കാർഷിക ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമാക്കി 1997ൽ കൽപറ്റ പുത്തൂർവയലിൽ സാമൂഹിക കാർഷിക ജൈവ വൈവിധ്യ കേന്ദ്രം ആരംഭിച്ചത്. ചെറുകിട കർഷകരുടെയും ആദിവാസി വിഭാഗത്തിൽപെടുന്നവരെയും കാർഷിക വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളെ ശാസ്ത്രീയമായി പിന്തുടരുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.
കാർഷിക ജൈവ വൈവിധ്യ സംരക്ഷണത്തോടൊപ്പം അവരുടെ ഉപജീവനവ മാർഗം പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് കേന്ദ്രത്തിന്റെ ഗവേഷണ വിജ്ഞാന വ്യാപനം ലക്ഷ്യമാക്കി പ്രഫ. എം. എസ്. സ്വാമിനാഥൻ ലക്ഷ്യം െവച്ചത്. ഭക്ഷ്യവിളകളുടെ സംരക്ഷണം, അവയുടെ ഉൽപാദന ക്ഷമത വർധിപ്പിക്കൽ ഗുണമേന്മയേറിയ വിത്തുകളും നടീൽ വസ്തുക്കളും ലഭ്യമാക്കൽ, ശാസ്ത്രീയ കൃഷി രീതി പ്രോത്സാഹിപ്പിക്കൽ, അതിനായുള്ള ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയാണ് ഈ കേന്ദ്രത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ.
നെല്ലിനങ്ങളുടെ വൈവിധ്യം സംരക്ഷിക്കാനും ഉൽപാദന ക്ഷമത വർധിപ്പിക്കാനും കർഷകരുമായി ചേർന്ന് പ്രവർത്തിക്കുന്നു. കിഴങ്ങുവിളകൾ, നാടൻ പച്ചക്കറി വിളകൾ, വന്യ ഭക്ഷ്യവിളകൾ എന്നിവയുടെ സംരക്ഷണം നടത്തുന്നു. പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള ഗവേഷണ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളിലൂടെ ഗ്രാമപഞ്ചായത്തുകളെ ശാക്തീകരിക്കുകയും ചെയ്യുന്നു. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന സസ്യ വൈവിധ്യം സംരക്ഷിക്കാനും സ്ഥാപനം പ്രധാന പങ്കു വഹിക്കുന്നു. ഏകദേശം 160 വംശനാശഭീഷണി നേരിടുന്ന മരങ്ങൾ കണ്ടെത്തി അവയെ സംരക്ഷിക്കാൻ കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്.
വയനാട്ടിലെ സസ്യ വൈവിധ്യത്തെക്കുറിച്ച് ആധികാരികമായ പഠനം നടത്തി 2050 പുഷ്പിത സസ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 35 പുതിയ സസ്യങ്ങൾ ശാസ്ത്രലോകത്ത് പരിചയപ്പെടുത്തി. കുട്ടികളിൽ ശാസ്ത്രബോധം വർധിപ്പിക്കുന്നതിനായി എവരി ചൈൽഡ് ആസ് സയന്റിസ്റ്റ് എന്ന പദ്ധതി പ്രഫ. സ്വാമിനാഥൻ ഇവിടെ ആരംഭിച്ചു.
ഇന്ത്യയിലെ കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കാനും അത്തരം പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയ ഗവേഷണ അടിത്തറ വർധിപ്പിക്കാനും സംരക്ഷണ പ്രവർത്തനങ്ങളിൽ ഇടപെടുന്ന ആദിവാസി ചെറുകിട കർഷകരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടും കൂടി കേരളം, തമിഴ്നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് കാർഷിക ജൈവവൈവിധ്യ കേന്ദ്രങ്ങൾ അദ്ദേഹം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.