കൽപറ്റയെ സ്മാർട്ടാക്കാൻ പദ്ധതികളുമായി നഗരസഭ
text_fieldsകൽപറ്റ: ജില്ല ആസ്ഥാനമായ കൽപറ്റയെ സ്മാർട്ടാക്കാൻ ബഹുമുഖ പദ്ധതികളുമായി നഗരസഭ. കുടിവെള്ളത്തിനും ഭവനപദ്ധതിക്കും മുൻഗണന നൽകി അവതരിപ്പിച്ച 55. 20 കോടി രൂപയുടെ ബജറ്റിൽ നഗരത്തെ സ്മാർട്ടാക്കാൻ മാത്രമായി രണ്ടു കോടി 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ക്ലീൻ കൽപറ്റ പദ്ധതിയുടെ അടുത്തഘട്ടമായി നഗരത്തെ കൂടുതൽ സുന്ദരമാക്കും. ജങ്ഷനുകളിൽ സൈൻ ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കും.
കൈനാട്ടി ജങ്ഷനിൽ ട്രാഫിക് പരിഷ്കരണം പൂർത്തിയാക്കി ഗാന്ധി പ്രതിമ സ്ഥാപിക്കും. സുരക്ഷിതത്വം ഉറപ്പാക്കാനായി നഗരത്തെ കാമറ നിരീക്ഷണത്തിലാക്കും. വൈഫൈ സംവിധാനമൊരുക്കും. ക്ലോക്ക് ടവർ സ്ഥാപിക്കും. 55,20,76,100 രൂപ വരവും 54,48,35,100 രൂപ ചെലവും 72,41,000 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൻ കെ. അജിത അവതരിപ്പിച്ചു.
മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റിയിലെ മുഴുവൻ വീടുകൾക്കും കുടിവെള്ളമുറപ്പാക്കാൻ വാട്ടർ കണക്ഷന് 6.3 കോടി രൂപ, സമ്പൂർണ ഭവന പദ്ധതിക്കായി 5.70 കോടി രൂപ, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി മൂന്നുകോടി, ശുചിത്വത്തിന് 1.78 കോടി, ആരോഗ്യ സുരക്ഷക്കായി ഒരു കോടി, പശ്ചാത്തല വികസനത്തിന് 1. 72 കോടി എന്നിവയടങ്ങിയ ബജറ്റാണ് അവതരിപ്പിച്ചത്.
വീട്ടിലിരുന്നും ഒ.പി ടിക്കറ്റെടുക്കാം
കൈനാട്ടി ജനറൽ ആശുപത്രിയിൽ ഈവനിങ് ഒ.പി സൗകര്യം തുടങ്ങും. മുണ്ടേരി, കൈനാട്ടി ആശുപത്രികളിൽ ക്യൂ നിൽക്കാതെ വീട്ടിൽനിന്ന് ഒ.പി ടിക്കറ്റെടുക്കാനുള്ള സൗകര്യം നടപ്പാക്കും. വിനോദത്തിന് 65 ലക്ഷം രൂപയും വനിത ശാക്തീകരണത്തിന് 40 ലക്ഷം രൂപയും മൃഗസംരക്ഷണം, കൃഷി ആനുകൂല്യങ്ങൾക്കായി 49 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചു. മൂച്ചിക്കുണ്ട് വികസനത്തിനും നീന്തൽ പരിശീലനത്തിനായി 10 ലക്ഷം, ഹരിത കർമസേനക്ക് എട്ടുലക്ഷം, ടേക് എ ബ്രേക്ക് പദ്ധതിക്ക് 30 ലക്ഷം, മുണ്ടേരി പാർക്ക് നവീകരണത്തിനായി 50 ലക്ഷം, വിദ്യാഭ്യാസത്തിന് 41 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
നഗരത്തിൽ വൈഫൈ, കാമറകൾ എന്നിവക്കായി 10 ലക്ഷം, എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്ന നാട്ടുവെളിച്ചം പദ്ധതിക്കായി 25 ലക്ഷം, കാൻസർ-കിഡ്നി രോഗികളുടെ സൗജന്യ ചികിത്സക്കായുള്ള സ്നേഹസ്പർശം ആരോഗ്യ പദ്ധതിക്കായി 10 ലക്ഷം, റിഹാബിലിറ്റേഷന് അഞ്ചു ലക്ഷം എന്നിവയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സമ്പൂർണ മാലിന്യ സംസ്കരണത്തിന് ഒരു കോടി 15 ലക്ഷം, ആധുനിക സൗകര്യങ്ങളോടെയുള്ള ടൗൺഹാളിന് അഞ്ചുകോടി, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പരിരക്ഷക്കായുള്ള ആശ്വാസം പദ്ധതിക്കായി 35 ലക്ഷം എന്നിങ്ങനെയും ബജറ്റിൽ ഉൾക്കൊള്ളിച്ചു.
'ബജറ്റ് തനിയാവർത്തനം'
കൽപറ്റ: കൽപറ്റ നഗരസഭയുടെ 2022-23 വർഷത്തെ ബജറ്റ് മുൻ വർഷത്തിന്റെ തനിയാവർത്തനമാണെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ വാർത്തക്കുറിപ്പിൽ ആരോപിച്ചു.
ടൗൺ നവീകരണത്തിന് കഴിഞ്ഞ ബജറ്റിൽ 2.50 കോടി രൂപ വകയിരുത്തിയിട്ട് ഏതാനും ചെടിച്ചട്ടികൾ സ്ഥാപിച്ചതല്ലാതെ മറ്റൊന്നും നടന്നില്ല.
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, കുടിവെള്ളം, ടൗൺഹാൾ നവീകരണം, സ്കൂളുകൾ സ്മാർട്ടാക്കൽ എന്നിവക്കെല്ലാം കഴിഞ്ഞ ബജറ്റിൽ തുകയുണ്ടായിരുന്നെങ്കിലും പദ്ധതികൾ നടപ്പാക്കാതെ വീണ്ടും ആവർത്തിക്കുകയാണ്.
വർഷവും കുരങ്ങുശല്യം പരിഹരിക്കാൻ തുക നീക്കിവെച്ച് കൽപറ്റയിലെ ജനങ്ങളെ പരിഹസിക്കുകയാണ് ഭരണസമിതിയെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ചെയർമാൻ സി.കെ. ശിവരാമൻ, കൗൺസിലർമാരായ ഡി. രാജൻ, എം.ബി. ബാബു, എം.കെ. ഷിബു, പി.എ. ഷബീർ ബാബു, സി. ഹംസ, നിജിത, എ.ആർ. ശ്യാമള, കെ.കെ. വത്സല എന്നിവർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.