കൽപറ്റയിൽ പേപ്പട്ടി ഭീതി: വിദ്യാർഥിനിക്ക് തെരുവുനായുടെ കടിയേറ്റു, റാബീസ് രോഗം ലക്ഷണം കണ്ടാല്‍ അറിയിക്കണം
text_fieldsകൽപറ്റ: നഗരത്തിൽ എൻ.എസ്.എസ് സ്കൂളിന് സമീപത്തുവെച്ച് പ്ലസ് വൺ വിദ്യാർഥിനിക്ക് തെരുവുനായുടെ കടിയേറ്റതോടെ കൽപറ്റയും പരിസര പ്രദേശങ്ങളും വീണ്ടും പേപ്പട്ടിഭീതിയിലായി. റാട്ടക്കൊല്ലിയിലേയും പുൽപാറയിലേയും നിരവധി തെരുവുനായ്ക്കൾക്ക് കഴിഞ്ഞ ദിവസം അക്രമകാരിയായ നായുടെ കടിയേറ്റിരുന്നു. ഇതിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്. വാഹനങ്ങൾ കുറവുള്ള എന്നാൽ, നിരവധി ആളുകൾ കാൽനടയായി സഞ്ചരിക്കുന്ന പ്രദേശമാണിത് എന്നത് നാട്ടുകാർക്കും നായുടെ കടിയേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഈ പ്രദേശങ്ങളിൽ നിരവധി തെരുവുനായ്ക്കളാണ് അലഞ്ഞുനടക്കുന്നത്.
പേവിഷബാധ കൂടി സംശയിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ഭീതിയിലാണ് കഴിയുന്നത്. പിഞ്ചുകുട്ടികളെ മുറ്റത്ത് ഇറക്കാൻപോലും രക്ഷിതാക്കൾ ഭയക്കുകയാണ്. ഒരാഴ്ചമുമ്പ് കൽപറ്റ ടൗണിന് സമീപത്തെ എമിലി, പള്ളിത്താഴെ, അമ്പിലേരി, മെസ് ഹൗസ് റോഡ്, മൈതാനി ഭാഗങ്ങളിലുള്ള കുട്ടികളും വയോധികരുമുൾപ്പെടെയുള്ള 31 പേർക്ക് തെരുവുനായുടെ കടിയേറ്റിരുന്നു. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴില്‍ പൂക്കോടിലുള്ള ആശുപത്രിയില്‍ നടത്തിയ പരിശോധനയിൽ ഇവരെ കടിച്ച നായ്ക്ക് പേയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
കടിയേറ്റവര്‍ക്ക് ഐ.ഡി.ആര്.വി, ഇര്‍ഗ് എന്നീ പ്രതിരോധ കുത്തിവെപ്പുകള്‍ നൽകി. കൽപറ്റയിൽ ഈ ഭീതി നിലനിൽക്കവേയാണ് തിങ്കളാഴ്ച വിദ്യാർഥിനിക്ക് നായുടെ കടിയേൽക്കുന്നത്.
തെരുവുനായ്ക്കൾക്ക് തദ്ദേശസ്ഥാപനങ്ങൾ മുഖേന വന്ധ്യംകരണം, പ്രതിരോധ കുത്തിവെപ്പ് എന്നിവ നടത്താൻ പദ്ധതിയുണ്ടെന്ന സർക്കാർ പ്രഖ്യാപനം പൂർണമായും പ്രാബല്യത്തിലാവുന്നില്ല. തെരുവുനായ് പ്രജനന നിയന്ത്രണ (എ.ബി.സി) പദ്ധതി സമയബന്ധിതമായും തുടർച്ചയായും നടപ്പാക്കാൻ കഴിയാത്തതാണ് നായ്ശല്യം വർധിക്കാൻ പ്രധാന കാരണം. സർക്കാർ നിബന്ധനകൾക്കനുസരിച്ച് മാത്രമേ തദ്ദേശസ്ഥാപനങ്ങൾക്ക് എ.ബി.സി പദ്ധതിക്കായി ഫണ്ട് വകയിരുത്താൻ കഴിയുകയുള്ളൂ.
വാർഷിക പദ്ധതികളിൽ നായ്ശല്യം പരിഹരിക്കാനുള്ള പദ്ധതിയേക്കാൾ മറ്റുള്ളവക്ക് മുൻഗണന ലഭിക്കുമ്പോൾ എ.ബി.സി പെട്ടെന്ന് നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയാതെവരുന്നു. എ.ബി.സി പദ്ധതി തുടർച്ചയായി കുറഞ്ഞത് അഞ്ചു വർഷമെങ്കിലും നടപ്പാക്കിയാൽ മാത്രമേ ഫലമുണ്ടാവുകയുള്ളൂവെന്നാണ് വിദഗ്ധർ പറയുന്നത്.
എന്നാൽ, പദ്ധതി അംഗീകാരം വൈകൽ, സ്റ്റാഫിനെ നിയമിക്കാനുള്ള താമസം, നായ്ക്കളെ വന്ധ്യംകരിക്കാൻ ആവശ്യത്തിന് ഓപറേഷൻ തിയറ്ററുകൾ ഇല്ലാത്തത് തുടങ്ങിയ വിവിധ കാരണങ്ങൾകൊണ്ട് ജില്ലയിലെ എ.ബി.സി പദ്ധതിക്ക് തുടർച്ച നഷ്ടപ്പെടുകയാണ്. ഇത് തെരുവുനായ് ശല്യം വർധിക്കാൻ ഇടയാക്കുന്നു. പദ്ധതി അംഗീകാരം ലഭിച്ചാലുടൻ തെരുവുനായ്ശല്യത്തിനെതിരെയുള്ള പ്രതിരോധപ്രവർത്തനങ്ങൾ നഗരത്തിൽ ആരംഭിക്കുമെന്ന് കൽപറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ വൈത്തിരി വട്ടവയൽ മാളിയേക്കൽ സന്തോഷിന്റെ മകൾ ജസ്റ്റീനക്ക് (16) ആണ് നായുടെ കടിയേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച നായേയും മറ്റൊന്നിനേയും പിന്നീട് പൾസ് എമർജൻസി ടീം അംഗങ്ങളുടെ നേതൃത്വത്തിൽ പിടികൂടി നഗരസഭ അധികൃതരെ ഏൽപിച്ചു. കടിച്ചത് പേപ്പട്ടിയാണോ എന്ന് സ്ഥിരീകരിക്കാൻ ഇതിനെ പൂക്കോട് വെറ്ററിനറി സർവകലാശാലക്ക് കീഴിലുള്ള ആശുപത്രിയിലേക്ക് അയച്ചു. തെരുവുനായ് ശല്യത്തിന് ശാശ്വതപരിഹാരം കാണാൻ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റാബീസ് രോഗം: ലക്ഷണം കണ്ടാല്‍ അറിയിക്കണം
കല്പറ്റ: കൽപറ്റ നഗരസഭ പരിസരപ്രദേശങ്ങളില്‍ തെരുവുനായ്ക്കളില്‍ റാബീസ് രോഗം കണ്ടെത്തിയിട്ടുള്ളതിനാല്‍ അസുഖബാധിതര്‍ എന്ന് സംശയിക്കപ്പെടുന്ന നായ്ക്കളെ സംബന്ധിച്ച വിവരങ്ങള്‍ ജില്ല മൃഗാശുപത്രിയിലോ 04936 202729, 9447202674 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് ചീഫ് വെറ്ററിനറി ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.