മുത്തങ്ങ ആദിവാസി പുനരധിവാസ പദ്ധതി: ഭവന നിർമാണം നിർമിതി കേന്ദ്രത്തെ ഏൽപിച്ച നടപടി റദ്ദാക്കണമെന്ന് സംഘടനകൾ
text_fieldsകൽപറ്റ: മുത്തങ്ങയിൽനിന്ന് കുടിയിറക്കപ്പെട്ട ആദിവാസികൾക്ക് വേണ്ടിയുള്ള പുനരധിവാസ മേഖലകളിലെ ഭവന നിർമാണം ജില്ല നിർമിതി കേന്ദ്രം പോലുള്ള ബാഹ്യ ഏജൻസികളെ ഏൽപിച്ച നടപടി റദ്ദാക്കണമെന്ന് വിവിധ ആദിവാസി സംഘടനകൾ ആവശ്യപ്പെട്ടു. ജില്ല നിർമിതി കേന്ദ്രവുമായുണ്ടാക്കിയ കരാർ റദ്ദാക്കി ആദിവാസികൾക്ക് നേരിട്ടോ അല്ലെങ്കിൽ അവരുടെ സൊസൈറ്റികൾക്കോ നിർമാണ ചുമതല ഏൽപിക്കണം
. മേപ്പാടി പഞ്ചായത്തിലെ വെള്ളരിമല പുനരധിവാസ മേഖലയിൽ ഗുണഭോക്താക്കളുടെ അറിവോ, സമ്മതമോ ഇല്ലാതെയാണ് നിർമാണം നടക്കുന്നത്. ജില്ല നിർമിതി കേന്ദ്രവുമായി പട്ടികവർഗ വകുപ്പ് കരാറുണ്ടാക്കുകയും നിർമിതി കേന്ദ്രം നിർമാണം മറ്റ് കരാറുകാർക്ക് കൈമാറുന്നതുമാണ് രീതി. രണ്ട് ഇടനിലക്കാർ വന്നതോടെ ശരാശരി അംഗങ്ങളുള്ള ഒരു കുടുംബത്തിന് വാസയോഗ്യമല്ലാത്തതും ഗുണനിലവാരം കുറഞ്ഞതുമായ വീടുകളാണ് നിർമിക്കുന്നത്. കണ്ണൂർ ആറളം പോലുള്ള മേഖലകളിൽ നിർമിതി പദ്ധതി ഉപേക്ഷിച്ചിരുന്നു.
വീടിെൻറ പ്ലാനും സ്കെച്ചും ഗുണഭോക്താക്കൾ കാണുന്നില്ല. ആറ് ലക്ഷം രൂപ നൽകുമ്പോൾ 400^425 ചതുരശ്ര അടികളുള്ള വീടുകളാണ് പണിയുന്നത്. ആദിവാസി പുനരധിവാസ മിഷൻ ധനസഹായം നൽകുന്ന കാക്കത്തോട് പുനരധിവാസ മേഖലയിൽ 530 ചതുരശ്ര അടിവരെ ഇപ്പോൾ നിർമാണം നടക്കുന്നുണ്ട്. അത്യാവശ്യമുള്ള മുറികളുമുണ്ട്. മാത്രമല്ല, വിദ്യാർഥികൾ ഉള്ള വീടുകളിൽ പഠനമുറിക്ക് ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കണമെന്നും ഗുണഭോക്താക്കൾ ആവശ്യപ്പെടുന്നുണ്ട്. അതിനുള്ള കൂടുതൽ തുക പുനരധിവാസ മിഷന് നൽകണം.
മുത്തങ്ങ പുനരധിവാസത്തിന് 2014-15 മുതൽ ഭൂവിതരണ പദ്ധതി നടക്കുന്നുണ്ടെങ്കിലും പുനരധിവാസഭൂമിയിൽ ആദിവാസികൾ എത്തിയിട്ടില്ല. ജില്ലയിൽ ഭൂമിനൽകി പുനരധിവസിപ്പിക്കുന്ന എല്ലാ പദ്ധതികളും പുനരധിവാസ മിഷനെ ഏൽപിക്കണം. ഇതുമായി ബന്ധപ്പെട്ട് ഈമാസം 24ന് കലക്ടറേറ്റ് പടിക്കൽ ആദിവാസികളുടെ റിലേ സത്യഗ്രഹ പരിപാടിക്ക് തുടക്കം കുറിക്കും. വാർത്തസമ്മേളനത്തിൽ ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ, സ്റ്റേറ്റ് കൗൺസിൽ പ്രിസീഡീയം അംഗം രമേശൻ കൊയാലിപ്പുര, കേരള ആദിവാസി ഫോറം അംഗം എ. ചന്തുണ്ണി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.