മുട്ടില്‍ മരംമുറി; ഉന്നത ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്ന് ആരോപണം
text_fieldsകല്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമിയില്‍ നടന്ന മരം മുറിയില്‍ ഉന്നത ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി ആരോപണം. അനധികൃത മരംമുറിയെ കുറിച്ച് അന്നത്തെ കലക്ടറെ അറിയിച്ചിട്ടും നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്. ഇതുസംബന്ധിച്ച് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മരം മുറി വിവാദമായ കാലത്ത് ജില്ല ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ജോസഫ് മാത്യു റവന്യൂ മന്ത്രി കെ. രാജന് കത്തയച്ചു. റവന്യൂ പട്ടയഭൂമികളിലെ സര്‍ക്കാറിന് ഉടമാവകാശമുള്ള മരങ്ങള്‍ വെട്ടുന്നതു തടയുന്നതില്‍ അന്നത്തെ കലക്ടറും വൈത്തിരി തഹസില്‍ദാറും ഗുരുതര വീഴ്ച വരുത്തിയതായാണ് കത്തില്‍ ചൂണ്ടിക്കാട്ടിയത്.
പട്ടയഭൂമികളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈട്ടിമരങ്ങള്‍ മുറിക്കുന്നതു നിയമവിരുദ്ധമാണെന്ന ഉപദേശം ഗവ.പ്ലീഡറും പ്രോസിക്യൂട്ടറുമായിരിക്കെ ജോസഫ് മാത്യു റവന്യൂ, വനം അധികൃതര്‍ക്കു നല്‍കിയിരുന്നു. ഈ വിവരം മാധ്യമങ്ങളോടു വെളിപ്പെടുത്തിയെന്നു ആരോപിച്ച് ജോസഫ് മാത്യുവിനു സബ് കലക്ടര്‍ നോട്ടീസ് അയച്ചു. കലക്ടറുടെ പരാതിയില്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചതനുസരിച്ചായിരുന്നു നോട്ടീസ്.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളിലെ മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമം നടന്നത്. പട്ടയ ഭൂമിയിലെ വൃക്ഷങ്ങളിൽ വില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിക്കുന്നതായിരുന്നു ഉത്തരവ്. ഇതു വിവാദമായിരിക്കെയാണ് മരംമുറി നിയമവിരുദ്ധമാണെന്ന ഉപദേശം ഗവ.പ്ലീഡര്‍ സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്കും റവന്യൂ വകുപ്പിലെ ഉന്നതരില്‍ ചിലര്‍ക്കും നല്കിയ വിവരം പുറത്തുവന്നത്.
‘നത്തംകുനിയിലെ മരംമുറി തടഞ്ഞിരുന്നെങ്കിൽ മുട്ടിൽ മരംമുറി ഉണ്ടാകില്ലായിരുന്നു’
ജില്ലയിലെ റവന്യൂ പട്ടയ ഭൂമികളില്‍ നിയമവിരുദ്ധ ഈട്ടിമുറി ആദ്യം നടന്നത് തൃക്കൈപ്പറ്റ വില്ലേജിലെ നത്തംകുനിയിയിലാണ്. ഇതുസംബന്ധിച്ചു പ്രദേശവാസിയും ഇപ്പോള്‍ അഭിഭാഷകനുമായ സൂരജ് ജേക്കബ് 2020 ഡിസംബര്‍ 31നു വില്ലേജ് ഓഫിസര്‍ക്കു നല്കിയ പരാതി ഫെബ്രുവരി 24നാണ് തഹസില്‍ദാര്‍ക്കു റിപ്പോര്‍ട്ട് ചെയ്തത്.
എന്നാൽ, ജൂണ്‍ 17നാണ് മരം മുറിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നതിനു നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍ വില്ലേജ് ഓഫിസര്‍ക്കു നിര്‍ദേശം നല്‍കിയത്. നത്തംകുനിയിലെ അനധികൃത മരംമുറിയെക്കുറിച്ച് ഡി.എഫ്.ഒയും ഗവ.പ്ലീഡറും ഒന്നിച്ചു ചേംബറിലെത്തി കലക്ടറെ അറിയിച്ചെങ്കിലും നടപടി ഉണ്ടായിരുന്നില്ല. നത്തംകുനിയിലെ മരംമുറി വിവാദമായതിനു പിറകെയാണ് മുട്ടില്‍ സൗത്ത് വില്ലേജിലെ ഈട്ടി മുറി പുറംലോകം അറിഞ്ഞത്. 2020 നവംബര്‍ 24ലെ ഉത്തരവിറങ്ങി ഒരു മാസം തികയും മുമ്പേ നിരവധി ഈട്ടി മരങ്ങളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ചത്. നത്തംകുനിയിലെ മരംമുറി ശ്രദ്ധയിൽപെട്ടപ്പോള്‍ തടഞ്ഞിരുന്നുവെങ്കില്‍ മുട്ടില്‍ സൗത്ത് വില്ലേജിലെ ഈട്ടിമരം മുറി ഉണ്ടാവുമായിരുന്നില്ലെന്ന് ജോസഫ് മാത്യുവിന്റെ കത്തില്‍ പറയുന്നു.
‘വിവരം നേരത്തേ കലക്ടറെ അറിയിച്ചു’
പട്ടയഭൂമിയിലെ ഈട്ടി മരങ്ങള്‍ മുറിച്ചുകടത്തുന്നതിനുള്ള ശ്രമം 2021 ജനുവരി ഒന്നിനു സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ ഔദ്യോഗിക കത്തിലൂടെ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മരങ്ങള്‍ നട്ടുവളര്‍ത്തിയതെന്ന വ്യാജേന 2020 ഒക്ടോബര്‍ 24ലെ ഉത്തരവിന്റെ മറവില്‍ മുറിച്ചുകടത്താന്‍ സാധ്യതയുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ കത്തില്‍ പറയുന്ന കാര്യങ്ങൾ റവന്യൂ അധികാരികള്‍ ഗൗരവത്തിലെടുത്തില്ല. മുറിച്ച മരങ്ങളുടെ ഉടമാവകാശത്തില്‍ വ്യക്തത വരുത്തുന്നതിന് വനം അധികാരികള്‍ 2021 ഫെബ്രുവരി മൂന്നിനു തഹസില്‍ദാര്‍ക്കു പുറമേ കലക്ടറുമായും ബന്ധപ്പെട്ടെങ്കിലും സമയബന്ധിതമായി മറുപടി ലഭിച്ചില്ല. മരംമുറി വിവാദമായതിനെത്തുടര്‍ന്ന് 2020 മാര്‍ച്ചിലെ സര്‍ക്കുലറും ഒക്ടോബറിലെ ഉത്തരവും 2021 ഫെബ്രുവരി രണ്ടിനു സര്‍ക്കാര്‍ റദ്ദാക്കി. ഇതിനുശേഷം ഫെബ്രുവരി 17നാണ് ഡി.എഫ്.ഒയുടെ കത്തിനോട് റവന്യൂ അധികൃതര്‍ പ്രതികരിച്ചതെന്നും കത്തിൽ സൂചിപ്പിക്കുന്നു.
ഉദ്യോഗസ്ഥ പങ്ക് പരിശോധിക്കണം -കേരള കോൺഗ്രസ് (ജേക്കബ് )
സുൽത്താൻ ബത്തേരി: മുട്ടിൽ മരം കൊള്ളക്ക് ഒത്താശ ചെയ്ത റവന്യൂവകുപ്പിലെ ഉന്നതർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടർ മന്ത്രിക്ക് കത്ത് നൽകിയ പശ്ചാത്തലത്തിൽ സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് (ജേക്കബ് ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
വനംവകുപ്പിന്റെ മുന്നറിയിപ്പും വില്ലേജ് ഓഫിസറുടെ പരാതിയും കലക്ടർ മുഖവിലക്കെടുത്തില്ലെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി. പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബൈജു ഐസക്, ഷാലിൻ ജോർജ്, ഉല്ലാസ് ജോർജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.