മുട്ടിൽ മരംമുറി: വനം ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ പിൻവലിച്ചത് കേസ് അട്ടിമറിക്കാനെന്ന്
text_fieldsകൽപറ്റ: സംസ്ഥാനം രൂപംകൊണ്ടശേഷമുണ്ടായ ഏറ്റവും വലിയ മരംകുംഭകോണത്തിന് ഉത്തരവാദികളായ മുഴുവൻ പേരെയും സംരക്ഷിക്കുന്നതിനായി നടന്നുവരുന്ന സംഘടിത ഗൂഢാലോചനയുടെ ഒടുവിലത്തെ ഉദാഹരണമാണ് വനം വകുപ്പ് ബീറ്റ് ഓഫിസർക്കെതിരെയുള്ള ശിക്ഷാനടപടികൾ പിൻവലിച്ചതെന്ന് വയനാട് പ്രകൃതിസംരക്ഷണ സമിതി ആരോപിച്ചു.
മേലുദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘവും വിവിധ ഏജൻസികളും ബീറ്റ് ഓഫിസർ കുറ്റക്കാരനാണെന്ന് കൃത്യമായി കണ്ടെത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ആദിവാസികൾ അടക്കമുള്ള സാധാരണ കർഷകരെ വഞ്ചിക്കുന്നതിൽ ബീറ്റ് ഓഫിസർ മുഖ്യപങ്കാണ് വഹിച്ചത്. മരംമുറി തുടങ്ങിയതു മുതൽ ഇയാൾ അഗസ്റ്റിൻ സഹോദരന്മാരുടെ നിത്യസന്ദർശകനായിരുന്നു.
മേലുദ്യോഗസ്ഥരെ ഇയാൾ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഇയാളുടെ ഫോൺ കാൾ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബീറ്റ് ഓഫിസറെ സർവിസിൽനിന്ന് പിരിച്ചുവിടുന്നതിനു പകരം തിരിച്ചെടുത്ത് ജില്ലയിൽതന്നെ കുടിയിരുത്തിയത് ഉന്നത രാഷ്ട്രീയ ഇടപെടലിനെ തുടർന്നാണെന്നും സമിതി ആരോപിച്ചു.
യോഗത്തിൽ തോമസ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. ബാബു മൈലമ്പാടി, എൻ. ബാദുഷ, എം. ഗംഗാധരൻ, സണ്ണി മരക്കടവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.