മുട്ടിൽ മരംമുറി: പൊലീസ് അന്വേഷണം നിലച്ചു; പ്രതികളുടെ റിമാൻഡ് കാലാവധി 60 ദിവസം പിന്നിട്ടു
text_fieldsകൽപറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നിർജീവം. അന്വേഷണ ഉദ്യോഗസ്ഥനായ സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി വി.വി. ബെന്നിയെ തിരൂരിലേക്ക് സ്ഥലംമാറ്റിയതോടെയാണ് കേസിലെ തുടരന്വേഷണം നിലച്ചത്. അന്വേഷണ ചുമതല ഇപ്പോഴും അദ്ദേഹത്തിനുതന്നെയാണ്.
തിരൂർ സ്റ്റേഷൻ പരിധിയിൽ ജോലിത്തിരക്ക് ഏറെയുള്ളതിനാൽ ബെന്നിക്ക് മരംമുറി കേസിെൻറ അന്വേഷണത്തിൽ ഇതുവരെ ശ്രദ്ധകേന്ദ്രീകരിക്കാനായിട്ടില്ല. പിടികൂടിയ ഈട്ടിമരത്തടികളുടെ സാമ്പ്ള് ശേഖരിക്കൽ, വന-റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം. സുൽത്താൻ ബത്തേരി ഡിവൈ.എസ്.പിയായി ചുമതലയേറ്റ ടി.പി. ജേക്കബിന് കേസിെൻറ അന്വേഷണ ചുമതല ഇതുവരെ കൈമാറിയിട്ടുമില്ല.
അതേസമയം, കേസിലെ മുഖ്യപ്രതികളുടെ റിമാൻഡ് കാലാവധി ചൊവ്വാഴ്ച 60 ദിവസം പിന്നിട്ടു. സഹോദരങ്ങളായ മുട്ടിൽ വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ, ആേൻറാ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ, ഡ്രൈവർ എം.വി. വിനീഷ് എന്നിവരെ കഴിഞ്ഞ ജൂലൈ 28ന് കുറ്റിപ്പുറം പാലത്തിൽവെച്ചാണ് പൊലീസ് പിടികൂടിയത്. ഇവരുടെ റിമാൻഡ് കാലാവധി വ്യാഴാഴ്ച അവസാനിക്കും.
10 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസിൽ 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. വരുംദിവസങ്ങളിൽ സെക്ഷൻ 167 പ്രകാരം പ്രതികൾ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.
അന്വേഷണം ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നും കേസിൽ കുറ്റപത്രം സമർപ്പിക്കാൻ സമയമെടുക്കുമെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. കൂടാതെ, മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും മേപ്പാടി റേഞ്ച് ഓഫിസറുടെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കേസിൽ മേപ്പാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളാണ്. മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് രജിസ്റ്റർ ചെയത കേസിലെ അന്വേഷണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഈ കേസിൽ വരുംദിവസങ്ങളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.