മൈസൂരു, ബംഗളൂരു സർവിസ് പുനരാരംഭിച്ചില്ല; യാത്രക്കാർ വലയുന്നു
text_fieldsകൽപറ്റ: അതിർത്തി കടക്കാൻ കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കർണാടക സർക്കാർ കഴിഞ്ഞദിവസം ഒഴിവാക്കിയിട്ടും ജില്ലയിൽനിന്നുള്ള കേരള ആർ.ടി.സി ബസുകൾ കർണാടകയിലേക്കുള്ള സർവിസുകൾ പൂർണമായി പുനരാരംഭിച്ചില്ല.
സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്ന് മൂന്നും മാനന്തവാടിയിൽനിന്ന് രണ്ടും സർവിസുകളുണ്ടായിരുന്നതാണ് പുനരാരംഭിക്കാത്തത്. അതേസമയം, കൽപറ്റയിൽനിന്നുള്ള മൂന്ന് മൈസൂരു സർവിസുകളും പുനരാരംഭിച്ചു. സുൽത്താൻ ബത്തേരിയിൽനിന്ന് വൈകീട്ട് 7.45നുള്ള ബംഗളൂരു സർവിസും രണ്ട് ഗുണ്ടൽപേട്ട ബസുകളുമാണ് ഇപ്പോഴും യാത്രക്കാർക്ക് പ്രയോജനപ്പെടാത്തത്.
മാനന്തവാടി ഡിപ്പോയിൽനിന്ന് രാവിലെ 11.30നും വൈകീട്ട് ആറു മണിക്കുമുള്ള മൈസൂരു സർവിസുകളും പുനരാരംഭിക്കാത്തത് അന്തർ സംസ്ഥാന യാത്രക്കാർക്ക് തിരിച്ചടിയായി.
ഉന്നത വിദ്യാഭ്യാസത്തിനായി മൈസൂരുവിലേക്ക് പോകുന്ന വിദ്യാർഥികൾക്കും ഇതര സംസ്ഥാനങ്ങളിൽ കൃഷിചെയ്യുന്ന മലയാളികളായ കർഷകർക്കും ഇതര യാത്രക്കാർക്കുമുള്ള പ്രയാസം കർണാടക കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടും ബസ് സർവിസ് ആരംഭിക്കാത്തതിനാൽ തുടരുകയാണ്.
കൽപറ്റ ഡിപ്പോയിൽനിന്ന് രാവിലെ ആറിന് പടിഞ്ഞാറത്തറ, നാലാം മൈൽ, മാനന്തവാടി, കുട്ട വഴി മൈസൂരുവിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവിസാണ് പുനരാരംഭിച്ചത്.
രാവിലെ അഞ്ചിന് മുത്തങ്ങ വഴിയുള്ള മൈസൂരു സർവിസും 8.30ന് കോഴിക്കോട്ടേക്ക് പോയി അവിടെനിന്ന് 11.15 നുള്ള മൈസൂരു ബസും സർവിസ് തുടരുന്നുണ്ട്.
മാനന്തവാടിയിൽനിന്നുള്ള മൂന്ന് കുട്ട സർവിസുകൾ പുനരാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ കഴിഞ്ഞ ഒന്നര വർഷത്തോളം തോൽപെട്ടിയിലെ കേരള അതിർത്തിവരെയായിരുന്നു ഇവ സർവിസ് നടത്തിയിരുന്നത്.
നിലവിൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിബന്ധന കർണാടക ഒഴിവാക്കിയതോടെ തിങ്കളാഴ്ച മുതൽ കുട്ടയിലേക്ക് വീണ്ടും സർവിസ് നീട്ടുകയായിരുന്നു. തലശ്ശേരി ഡിപ്പോയിൽനിന്ന് രാവിലെ 6.45ന് കുറ്റ്യാടി-മാനന്തവാടി-ബാവലി വഴി പോവുന്ന മൈസൂരു സർവിസ് തിങ്കളാഴ്ച മുതൽ വീണ്ടും ഓടിത്തുടങ്ങിയത് യാത്രക്കാർക്ക് ആശ്വാസമായി.
കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന സമയത്ത് മുഴുവൻ യാത്രക്കാർക്കും ആർ.ടി.പി.സി.ആർ നെഗറ്റിവ്, വാക്സിൻ സർട്ടിഫിക്കറ്റുകൾ ഇല്ല എന്ന കാരണത്താൽ കർണാടക അധികൃതർ ചെക്പോസ്റ്റുകളിൽ ബസുകൾ തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു.
കർണാടക നിയന്ത്രണങ്ങൾ കർശനമാക്കിയതോടെയാണ് സർവിസുകൾ കെ.എസ്.ആർ.ടി.സി നിർത്തിവെച്ചത്. നിയന്ത്രണം പിൻവലിച്ചിട്ടും സർവിസ് പുനരാരംഭിക്കാത്തത് എന്തുകൊണ്ടെന്നാണ് യാത്രക്കാരുടെ ചോദ്യം.
അതേസമയം, സർവിസ് നിർത്തിയതോടെ ആ ബസുകൾ നിലവിൽ മറ്റ് റൂട്ടുകളിൽ ഉപയോഗിക്കുന്നതിനാലാണ് കർണാടക സർവിസ് പുനരാരംഭിക്കാത്തതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വ്യക്തമാക്കുന്നു. ബസുകൾ ലഭ്യമാവുന്ന മുറക്ക് ഉടൻ സർവിസ് പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.