ദുരൂഹ മരണങ്ങൾ വർധിക്കുന്നു;കണ്ണീർ പൊഴിച്ച് കുടകിലെ ഇഞ്ചിപ്പാടങ്ങൾ
text_fieldsകൽപറ്റ: കർണാടകയിലെ കുടകിൽ ഇഞ്ചിപ്പാടങ്ങളിൽ ഉൾപ്പെടെ ജോലിക്ക് പോയ ആദിവാസികൾക്കിടയിൽ ദുരൂഹ മരണങ്ങൾ തുടർക്കഥയായിട്ടും നടപടിയെടുക്കാതെ അധികൃതർ. വയനാട്ടിൽ നിന്നും കുടകിൽ ജോലിക്ക് പോയ ആദിവാസികളുടെ ദുരൂഹ മരണങ്ങൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും എസ്.സി, എസ്.ടി കമീഷൻ വയനാട് സന്ദർശിക്കണമെന്നും ആദിവാസി ഊരുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) വസ്തുതാന്വേഷണ സംഘാംഗങ്ങളായ പി.യു.സി.എൽ സംസ്ഥാന സെക്രട്ടറി അഡ്വ. പി.എ പൗരൻ, എ.പി.സി.ആർ സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. നൗഷാദ്, ആദിവാസി വനിത പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി കെ. വയനാട്, നീതി വേദി പീപ്പിൾസ് ട്രൈബ്യൂണൽ അംഗം ഡോ. പി.ജി. ഹരി, പി.എച്ച്. ഫൈസൽ (എ.പി.സി.ആർ) എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മാസങ്ങൾക്കുള്ളിൽ മൂന്ന് ദുരൂഹ മരണങ്ങളാണ് എ.പി.സി.ആർ എന്ന പൗരാവകാശ സംഘടന ജില്ലയിലെ വിവിധ കോളനികളിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പുറത്തുവരാത്ത ദുരൂഹ മരങ്ങൾ ഇനിയുമുണ്ടാവാമെന്ന് അന്വേഷണ സംഘം തന്നെ പറയുന്നു.
ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 2008 ൽ നീതി വേദി എന്ന സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പീപ്പിൾസ് ട്രൈബ്യൂണലിൽ കുടകിലെ തോട്ടങ്ങളിൽ നിന്ന് ആദിവാസികളുടെ 122 ദുരൂഹ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
മരണങ്ങൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താനോ നിലവിലുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനോ ജില്ലാ ഭരണകൂടവും നിയമപാലകരും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളിൽ ഒട്ടേറെ ദുരൂഹത നിലനിൽക്കുന്നതായും പറയപ്പെടുന്നു.
കഴിഞ്ഞ ജൂണിൽ പുൽപള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരന്റെ മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. കുടകിലെ തോട്ടത്തിലുള്ള ഷെഡിൽ ബോധരഹിതനായി കിടന്ന ശേഖരനെ നാട്ടിൽ നിന്ന് സഹോദരനെത്തിയാണ് സറഗൂൽ വിവേകാനന്ദ മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയത്. ആംബുലൻസിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് മൃതദേഹത്തിലെ ആഴത്തിലുള്ള മുറിവ് ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടത്. ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് പലവട്ടം സന്ദർശിച്ചപ്പോഴൊന്നും ഇല്ലാതിരുന്ന വലിയ മുറിവുകൾ മൃതദേഹത്തിൽ എങ്ങനെയുണ്ടായെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്. കുടകിലെ ആദിവാസി ദുരൂഹ മരണങ്ങളിൽ അവയവ മാറ്റ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്.
നെന്മേനി പഞ്ചായത്തിലെ കായൽകുന്ന് കോളനിയിലെ സന്ധ്യയുടെ ഭർത്താവ് കൊയ്ത്തുപാറ കാട്ടുനായ്ക്ക കോളനിയിലെ രാജുവിന്റെ മകൻ സന്തോഷ് കുടകിൽ മുങ്ങിമരിച്ചതായി കഴിഞ്ഞ മാസമാണ് ബന്ധുക്കൾക്ക് വിവരം ലഭിക്കുന്നത്. തിരുനെല്ലി പഞ്ചായത്തിലെ കാളിന്ദി കോളനിയിൽനിന്നും കുടകിലേക്ക് പണിക്ക് പോയ അരുണിനെ രണ്ടരമാസമായിട്ടും കണ്ടെത്തിയിട്ടില്ല.
ജോലി സ്ഥലത്തെ പീഡനം കാരണം നാട്ടിലേക്ക് തിരിച്ചുവന്ന അരുണിനെ തൊഴിലുടമയും സംഘവും വീട്ടിലെത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തിരികെ കൊണ്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതിലൊന്നും കാര്യമായ ഇടപെടലുകളോ അന്വേഷണമോ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കുടകിലെ ജോലി സ്ഥലത്ത് പീഡനത്തിനിരയാവുന്ന നിരവധി ആദിവാസി സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് വിവരം. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ദുരൂഹ മരണങ്ങളും തിരോധാനങ്ങളും ഉണ്ടായിട്ടും പൊലിസിന്റേതുൾപ്പടെ കടുത്ത അലംഭാവം ഉണ്ടാവുകയാണെന്ന് എ.പി.സി.ആർ വസ്തുതാന്വേഷണ സംഘം ആരോപിക്കുന്നു.
കുടകിലേക്ക് ജോലിക്ക് കൊണ്ടുപോകുന്ന ആദിവാസികളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് 2007 ആഗസ്റ്റിൽ അന്നത്തെ ജില്ല കലക്ടർ ഉത്തരവിട്ടിരുന്നു. ദുരൂഹ മരണങ്ങളും തൊഴിലിടങ്ങളിലെ പീഡനങ്ങളും വർധിച്ച സാഹചര്യത്തിലായിരുന്നു ഉത്തരവ്.
തൊഴിലുടമ ഇതു സംബന്ധിച്ച മുഴുവൻ വിവരങ്ങളും നൽകണമെന്നും എസ്.സി എസ്.ടി പ്രമോട്ടർ ഉൾപ്പടെയുള്ളവരെ അറിയിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ രണ്ടുവർഷം മാത്രമേ ഇതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. ദുരൂഹ മരണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്കും വയനാട്, കൂർഗ് ജില്ല പൊലീസ് മേധാവികൾക്കും നിവേദനം നൽകിയതായും നടപടികളുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ദുരൂഹത നീങ്ങാതെ ശ്രീധരന്റെ മരണം; അന്വേഷണം വേണമെന്ന് കുടുംബം
കൽപറ്റ: കഴിഞ്ഞ ഫെബ്രുവരിയിലാണ് വെള്ളമുണ്ട വാളാരംകുന്ന് കോളനിയിലെ ശ്രീധരൻ കുടകിലെ ഇഞ്ചിപ്പാടത്തേക്ക് മറ്റു രണ്ടുപേരോടൊപ്പം ജോലിക്ക് പോകുന്നത്. എന്നാൽ, മറ്റ് രണ്ടു പേരും തിരിച്ചുവന്നെങ്കിലും ശ്രീധരൻ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഏപ്രിലിൽ പൊലീസിൽ പരാതിപ്പെട്ടപ്പോഴാണ് സുരേഷ് എന്നയാൾ ശ്രീധരൻ വെള്ളത്തിൽ മരിച്ചു കിടക്കുന്ന ഫോട്ടോ സഹോദരന് കാണിച്ച് കൊടുക്കുന്നത്.
നേരത്തെ തന്നെ കുടകിൽ സംസ്കരിച്ചത് കാരണം സഹോദരന് ശ്രീധരന്റെ മൃതദേഹം പോലും കാണാൻ കഴിഞ്ഞില്ല. ആകെ ലഭിച്ചത് മരിച്ചു കിടക്കുന്ന ഫോട്ടോയും വസ്ത്രങ്ങളും മാത്രമായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ല. മരണ സർട്ടിഫിക്കറ്റ് നൽകാനും അധികൃതർ തയാറായില്ല. ഇതു കാരണം ആറ് മക്കളുള്ള ശ്രീധരന്റെ ഭാര്യക്ക് വിധവ പെൻഷൻ പോലും ലഭിക്കുന്നില്ല.
ഇതു സംബന്ധിച്ച നിരവധി പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് സഹോദരൻ അനിൽ പറയുന്നത്. ഇപ്പോൾ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് ശ്രീധരന്റെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.