നഞ്ചൻകോട്-നിലമ്പൂർ റെയിൽവേ: പ്രതിഷേധം ചുരമിറങ്ങുന്നു; ഇന്ന് കോഴിക്കോട്ട് ജനകീയ ധർണ
text_fieldsകൽപറ്റ: നിലമ്പൂർ-നഞ്ചൻകോട് ലിങ്ക് പാത കേരള സർക്കാർ അട്ടിമറിക്കുന്നതിനെതിരെ പ്രക്ഷോഭം പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി നീലഗിരി- വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി. കേന്ദ്രാനുമതി ലഭിച്ച റെയിൽ പദ്ധതി അട്ടിമറിക്കരുതെന്നും നിലമ്പൂർ-നഞ്ചൻകോട് പാതയുടെ ഡി.പി.ആർ തയാറാക്കാൻ ഡി.എം.ആർ.സിക്ക് അനുവദിച്ച ഫണ്ട് നൽകി ഡി.പി.ആർ പൂർത്തിയാക്കാൻ അനുവദിക്കണം എന്നും ആവശ്യപ്പെട്ട് പാതക്കുവേണ്ടി വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ആക്ഷൻ കമ്മിറ്റികൾ യോജിച്ച പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
ഇതിന്റെ ആദ്യപടിയായി നീലഗിരി വയനാട് റെയിൽവേ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 10.30 മുതൽ കോഴിക്കോട് കിഡ്സൺ കോർണറിൽ ജനകീയ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നു. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, സുൽത്താൻബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ, ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ, ജനപ്രതിനിധികൾ, ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികൾ, വ്യാപാരി വ്യവസായി സംഘടന ഭാരവാഹികൾ, വിവിധ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, സംഘടന നേതാക്കൾ തുടങ്ങിയവർ സംസാരിക്കും. കേരള സർക്കാറിന്റെ പിടിവാശിയും സ്വജനപക്ഷപാതവുമാണ് നിലമ്പൂർ-നഞ്ചൻകോട് പാതയുടെ പ്രവൃത്തി തുടങ്ങാൻ സാധിക്കാത്തതിന്റെ കാരണമെന്ന് ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു.
ഡി.പി.ആറിന്റെ 60 ശതമാനത്തിലധികം പ്രവൃത്തി പൂർത്തീകരിച്ചശേഷമാണ് ഡി.എം.ആർ.സി മൊബിലൈസേഷൻ അഡ്വാൻസായി രണ്ടുകോടി രൂപ ആവശ്യപ്പെട്ടത്. അതു നൽകാതെയാണ് കേരളത്തിന്റെ സുപ്രധാന വികസന പദ്ധതിയെ സംസ്ഥാന സർക്കാർ അട്ടിമറിച്ചത്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽനിന്ന് ബംഗളൂരുവിലേക്കും മൈസൂരുവിലേക്കുമുള്ള ഏറ്റവും എളുപ്പമാർഗമാണ് നിലമ്പൂർ-നഞ്ചൻകോട് ലിങ്ക് പാതയെന്നും ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.