കോഴിക്കോട്-കൊല്ലഗൽ ദേശീയ പാത വാര്യാട് സ്ഥിരം അപകടമേഖല; കുലുക്കമില്ലാതെ അധികൃതർ
text_fieldsകൽപറ്റ: കോഴിക്കോട്-കൊല്ലഗൽ ദേശീയ പാത 766ലെ വാര്യാട് ഭാഗം സ്ഥിരം അപകടമേഖലയാകുന്നു. എന്നാൽ സുരക്ഷാനടപടികൾ സ്വീകരിക്കാനോ അപകടത്തിൽപെടുന്ന വാഹനങ്ങൾ കൃത്യസമയത്ത് നീക്കാനോ അധികൃതർ തയാറാകുന്നില്ല. കഴിഞ്ഞ മേയ് 14ന് വാര്യാട് ഭാഗത്തുണ്ടായ വാഹനാപകടത്തിൽ തകർന്ന കാർ ദിവസങ്ങളായി റോഡരികിൽതന്നെ കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് നീക്കിയത്. ഈ ഭാഗത്ത് അമിത വേഗതയിലാണ് വാഹനങ്ങൾ പോകുന്നത്. തൊട്ടടുത്ത് തന്നെ മീനങ്ങാടി ഭാഗത്തേക്ക് എളുപ്പത്തിൽ പോകാനുള്ള റോഡുണ്ട്. ഈ റോഡിൽ നിന്നും ദേശീയ പാതയിലേക്ക് വാഹനങ്ങൾ കടക്കുന്നത് പതിവാണ്. ചെറിയ അശ്രദ്ധപോലും ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഇരട്ടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞവർഷം ഇതേ സ്ഥലത്ത് അമിത വേഗതയിൽ വന്ന കാർ മരത്തിലിടിച്ചാണ് മൂന്നു യുവാക്കൾ കൊല്ലപ്പെട്ടത്. പിഞ്ചു കുഞ്ഞടക്കം നിരവധി ജീവനുകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇവിടെ അപകടത്തിൽ പൊലിഞ്ഞത്. മുട്ടിൽ കോളജ് അടക്കം സമീപത്ത് ഉള്ളതിനാൽ റോഡിന്റെ ഈ ഭാഗം ഏറെ തിരക്കുള്ളതാണ്. എന്നാൽ, ഇതിനനുസരിച്ചുള്ള മുൻകരുതൽ-സുരക്ഷാ നടപടികൾ ദേശീയ പാത അധികൃതരോ പൊലീസോ സ്വീകരിക്കുന്നില്ല. നേരത്തേ ഈ ഭാഗത്ത് വാഹനങ്ങളുടെ അമിതവേഗമടക്കം പിടിക്കാൻ പൊലീസ് പരിശോധന സ്ഥിരം ഉണ്ടായിരുന്നു. ഇപ്പോൾ ഇത് കാര്യക്ഷമമല്ല.
വാര്യാട് ഭാഗത്തെ രണ്ടുകിലോമീറ്റർ വരെയുള്ള റോഡ് വളവും തിരിവുമില്ലാത്തതാണ്. ഇതിനാൽ വാഹനങ്ങൾ എപ്പോഴും വേഗതയിലാണ് സഞ്ചരിക്കാറ്. അപകടങ്ങളും മരണങ്ങളും കൂടി വന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ചേർന്ന് ‘അപകടരഹിത വാര്യാട്’ എന്ന ജനകീയ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. തുടർന്ന് അധികാരികൾക്ക് നൽകിയ നിവേദനങ്ങളുടെ ഫലമായാണ് പ്രദേശത്ത് നാലിടങ്ങളിലായി വേഗനിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചത്. എന്നാൽ, സാമൂഹിക വിരുദ്ധർ ബോർഡുകൾ നശിപ്പിച്ചു.
നിരവധി തവണ ബോർഡുകൾ അറ്റകുറ്റപണി ചെയ്ത് പുനസ്ഥാപിച്ചപ്പോഴൊക്കെ വീണ്ടും അവ തകർക്കുകയാണ്. നേരത്തെ വെച്ചിരുന്ന ബോർഡുകൾ തകർന്ന് റോഡ് സൈഡിൽ തുരുമ്പെടുക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. അധികാരികളാരും ഇവിടേക്ക് ഇപ്പോൾ തിരിഞ്ഞ് നോക്കുന്നില്ല. ജനപ്രതിനിധികളും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും നിയമപാലകരും നിരന്തരം സഞ്ചരിക്കുന്ന ദേശീയപാതയാണിത്.
ഈ പ്രദേശത്ത് ഇരുചക്രവാഹനങ്ങൾ അമിത വേഗതയിൽ പായുന്നത് അപകടസാധ്യത ഇരട്ടിപ്പിക്കുന്നു. പ്രദേശവാസികളും കാൽനടയാത്രക്കാരും ഭീതിയോടെയാണ് കഴിയുന്നത്. വേണ്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് വാര്യാട് പ്രദേശത്തെ അപകടരഹിതമാക്കണമെന്നതാണ് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.