ദേശീയപാത നടപ്പാത നിർമാണം നിലച്ചു: കൽപറ്റ നഗരസഭ പ്രക്ഷോഭത്തിലേക്ക്
text_fieldsകല്പറ്റ: നഗരത്തിലൂടെയുള്ള ദേശീയപാതയോരത്തെ നടപ്പാത നിർമാണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചുള്ള സമരപരിപാടികള്‍ ശക്തമാക്കാന്‍ നഗരസഭ തീരുമാനം. കല്പറ്റ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ മേയ് 18ന് രാവിലെ 10 ന് കോഴിക്കോട് ദേശീയപാത സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫിസിന് മുന്നില്‍ ധർണ നടത്തുമെന്ന് ചെയർമാൻ കേയംതൊടി മുജീബ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2018 ല്‍ നടപ്പാതയുടെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. അഞ്ച് കരാറുകാരാണ് നിർമാണം ഏറ്റെടുത്തത്.
രണ്ടുപേര്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. രണ്ടു കരാറുകാരുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു കരാറുകാരന് ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും നാല് വര്‍ഷമായിട്ടും നടപ്പാത നിർമാണം ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. കരാറുകാരനും ദേശീയപാത ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധവും ഒത്തുകളിയുമാണ് നീളാന്‍ കാരണമെന്ന് ഇവർ ആരോപിച്ചു.
ജില്ല ആസ്ഥാനമായ കല്പറ്റ നഗരത്തിലൂടെയുള്ള ദേശീയപാതയോരത്തെ നടപ്പാത നിർമാണം നീട്ടിക്കൊണ്ടുപോയി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിലും നിർമാണത്തിലെ അപാകതകളും പോരായ്മകളും ചൂണ്ടിക്കാട്ടിയും നിരവധി തവണ വകുപ്പ് മന്ത്രിക്കും ദേശീയപാത ഉന്നതാധികാരികള്‍ക്കും നഗരസഭ പരാതി നല്‍കിയിരുന്നു. കരാറുകാരനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതുവരെ പ്രശ്നത്തിന് പരിഹാരമായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭപരിപാടികളിലേക്ക് നീങ്ങാന്‍ നഗരസഭയുടെ തീരുമാനം. നഗര സൗന്ദര്യവത്കരണവും ശുചീകരണവും മറ്റ് വികസന പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കാന്‍ നടപ്പാതയുടെ നിർമാണം പൂര്‍ത്തീകരിക്കേണ്ടതുണ്ട്. കാല്‍നടക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഇതുമൂലം പ്രയാസങ്ങളുണ്ട്. ഇനിയും നീട്ടിക്കൊണ്ടുപോകാനും നോക്കിനില്‍ക്കാനുമാവില്ല. ഇതിനെതിരെ ആദ്യഘട്ടമായി ധര്‍ണ നടത്തും. പരിഹാരമായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ വൈസ് ചെയർപേഴ്സൻ കെ. അജിത, സ്ഥിരംസമിതി ചെയർമാന്മാരായ അഡ്വ. ടി.ജെ. ഐസക്, അഡ്വ. എ.പി. മുസ്തഫ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.