ബ്രഹ്മഗിരി താഴ്വാരത്തെ മരംമുറി തടയണമെന്ന് പ്രകൃതി സംരക്ഷണ സമിതി
text_fieldsകൽപറ്റ: മാനന്തവാടി താലൂക്കിലെ തിരുനെല്ലി വില്ലേജിൽ ബ്രഹ്മഗിരി താഴ്വാരത്തെ ആക്കൊല്ലി എസ്റ്റേറ്റിൽനിന്നും നിയമവിരുദ്ധമായി ഈട്ടി മരങ്ങൾ മുറിക്കാൻ എൻ.ഒ.സി നൽകിയ താലൂക്ക് തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
500ലധികം വർഷം പഴക്കമുള്ള അമ്പതിലധികം ഈട്ടി മരങ്ങളാണ് മുറിച്ചത്. അന്താരാഷ്ട്ര മാർക്കറ്റിൽ വൻ ഡിമാന്റുള്ളതും വയനാട്ടിലും പശ്ചിമഘട്ടത്തിലും മാത്രമുള്ളതുമായ അമൂല്യമായ ഈട്ടിത്തടികളാണ് കൊള്ളയടിക്കുന്നതെന്ന് സമിതി ആരോപിച്ചു.
എ.യു.സി.എൻ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയ സംരക്ഷണം അർഹിക്കുന്ന മരമാണ് ഈട്ടി. കേടുവന്ന് ഉണങ്ങിയതും ജീർണിച്ചതുമായ മരങ്ങൾ ആയതിനാൽ അനുമതി നൽകണമെന്ന് ശുപാർശ ചെയ്ത, സ്ഥലംമാറിപ്പോയ ബേഗൂർ ഡെപ്യൂട്ടി റെയിഞ്ചർക്കെതിരെ നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു.
തിരുനെല്ലി വില്ലേജിലെ മുഴുവൻ എസ്റ്റേറ്റുകളും സർക്കാറിന്റെ ഭൂമിയാണെന്നും അവ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി വിധിയുണ്ട്. ബ്രീട്ടീഷുകാർ സ്വാതന്ത്ര്യത്തിന് മുമ്പ് കൈവശം വെച്ച വയനാട്ടിലെ ഒരു ലക്ഷത്തോളം ഏക്കർ എസ്റ്റേറ്റ് ഭൂമി പിടിച്ചെടുക്കാനാണ് സുപ്രീംകോടതി ഉത്തരവുള്ളത്.
ഇത്തരം ഭൂമികളിൽ ഉടസ്ഥാവകാശമില്ലെന്നും മരങ്ങൾ മുറിക്കരുതെന്നും നിലവിലുള്ള കൃഷി തുടരാൻ മാത്രമേ അവകാശമുള്ളൂ എന്നും സർക്കാർ വ്യക്തമാക്കിയതാണ്. ഈ എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ സർക്കാർ സ്പെഷൽ ഓഫിസറെ നിയമിച്ചിട്ടുണ്ട്.
വൈത്തിരി താലൂക്കിലെ വാര്യാട് എസ്റ്റേറ്റിൽ മരം മുറിക്കാൻ ജില്ല കലക്ടർക്ക് എസ്റ്റേറ്റ് ഉടമ നൽകിയ അപേക്ഷ ലാൻഡ് റവന്യൂ കമീഷണർക്ക് കൈമാറിയപ്പോൾ നിരസിക്കുകയായിരുന്നു. ഇത്തരം ഭൂമി ഏറ്റെടുക്കാൻ സർക്കാർ നിശ്ചയിച്ച സ്പെഷൽ ഓഫിസർ രാജമാണിക്കം വയനാട് സന്ദർശിച്ച് ഏറ്റെടുക്കണ്ട എസ്റ്റേറ്റുകളുടെ പട്ടിക തയാറാക്കി നിർദേശം നൽകിയെങ്കിലും റവന്യൂ വകുപ്പ് അലംഭാവം കാണിക്കുകയാണ്.
ഇതെല്ലാം അറിഞ്ഞുതന്നെയാണ് തിരുനെല്ലി വില്ലേജ് ഓഫിസറും താലൂക്ക് തഹസിൽദാറും മരം മാഫിയക്ക് അനുമതി നൽകിയതെന്ന് സമിതി ആരോപിച്ചു. മരം മുറിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തോമസ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. പി.എം. സുരേഷ്, സണ്ണി മരക്കടവ്, എ.വി. മനോജ്, എൻ. ബാദുഷ, സി.എ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.