നീറ്റിന് ഇനി വയനാട്ടില്‍ പരീക്ഷകേന്ദ്രം
text_fieldsകൽപറ്റ: മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് വയനാട്ടില്‍ നീറ്റ് പരീക്ഷകേന്ദ്രം അനുവദിച്ചതായി അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കുതിപ്പിന് ഗതിവേഗം കൂട്ടുന്ന തീരുമാനമാണിത്. വയനാട്ടിലെ വിദ്യാർഥികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു ജില്ലയില്‍തന്നെ പരീക്ഷകേന്ദ്രം എന്നത്.
രാഹുൽ ഗാന്ധി എം.പിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ നിരന്തര ഇടപെടലിനെ തുടർന്നാണ് ഏറെക്കാലത്തെ സ്വപ്നം സാക്ഷാത്കൃതമായതെന്നും സിദ്ദീഖ് പറഞ്ഞു. ആദിവാസികളും തോട്ടം തൊഴിലാളികളും ചെറുകിട കർഷകരുമുൾപ്പെടെ ഭൂരിഭാഗവും സാധാരണക്കാരടങ്ങിയ വയനാടൻ ജനതയുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറെ കരുത്തുപകരുന്ന തീരുമാനമാണിത്. ഒരു വര്‍ഷമായി എം.എൽ.എ എന്ന നിലയില്‍ ഇതിനായി നിരന്തര ഇടപെടലുകളാണ് നടത്തിയത്.
യു.ജി.സി പരീക്ഷക്കും നീറ്റ് പരീക്ഷക്കും സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ചെയര്മാൻ വിനീത് ജോഷിയെയും സതീഷ് ഗുപ്ത അടക്കമുള്ളവരെയും നേരിട്ടുകണ്ട് ആവശ്യപ്പെടുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം യു.ജി.സിക്ക് സെന്റര്‍ അനുവദിച്ചുകിട്ടി. നീറ്റിന് സെന്റര്‍ അനുവദിച്ചുകിട്ടുന്നതിനായി തുടര്‍ന്നും രാഹുൽ ഗാന്ധി എം.പിയുടെ സഹായത്തോടെ നടത്തിയ ഇടപെടലുകളാണ് ഇപ്പോള്‍ ഫലം കണ്ടത്. ഇതോടെ ജില്ലയിലെ നൂറുകണക്കിന് വിദ്യാർഥികള്‍ക്ക് ജില്ലയില്‍തന്നെ പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും.
ജില്ലയിൽ അപേക്ഷിക്കുന്ന മുഴുവൻ കുട്ടികൾക്കും സെൻറർ അനുവദിക്കാനുള്ള ഇടപെടൽ ഇനിയുണ്ടാകും. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ എന്നിങ്ങനെ മൂന്നു മണ്ഡലങ്ങളിലും സെന്റർ അനുവദിക്കണമെന്നാണ് ആവശ്യം. ഇതിനായി ജൂൺ ഒമ്പതിന് ഡൽഹിയിൽ ചർച്ച നടക്കും. ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍, എൻജിനീയറിങ് പ്രവേശന പരീക്ഷക്കുള്ള സൗജന്യ പരിശീലനം അടുത്ത വര്‍ഷം ആരംഭിക്കും. എം.എല്‍.എയുടെ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയായ സ്പാര്‍ക്കിന്റെ നേതൃത്വത്തിലാണ് പദ്ധതി. എന്‍.എം.എം.എസ്, എന്‍.ടി.എസ്.ഇ തുടങ്ങിയ സ്കോളര്‍ഷിപ്പുകള്‍, സെന്‍ട്രല്‍ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്, കേന്ദ്ര നിയമ സർവകലാശാലതല പരീക്ഷകള്‍, സിവില്‍ സർവിസ് ഫൗണ്ടേഷന് തുടങ്ങിയവക്കുള്ള ഈ വര്‍ഷത്തെ പരിശീലനം ജൂലൈയില്‍ ആരംഭിക്കുമെന്ന് ടി. സിദ്ദീഖ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.