നെല്ലിയമ്പം ഇരട്ടക്കൊല: വിചാരണ തുടങ്ങി
text_fieldsകൽപറ്റ: നാടിനെ നടുക്കിയ പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിന്റെ വിചാരണ ആരംഭിച്ചു. കൽപറ്റയിലെ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-രണ്ടിലാണ് വിചാരണ. ബുധനാഴ്ച അഞ്ചു സാക്ഷികളെ വിസ്തരിച്ചു. കേസിലെ പ്രതി അർജുൻ ജനലിന്റെ അഴി തകർക്കാൻ ഉപയോഗിച്ച വിറക് സാക്ഷി തിരിച്ചറിഞ്ഞു.
102 സാക്ഷികളാണ് കേസിലുള്ളത്. 17വരെയാണ് വിചാരണ. വരും ദിവസങ്ങളിലും സാക്ഷിവിസ്താരം തുടരും. ജഡ്ജി വി. അനസ് ആണ് വാദം കേട്ടത്. പ്രതിക്കുവേണ്ടി അഡ്വ. പി.ജെ. ജോർജും പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. സി. സണ്ണിപോളുമാണ് ഹാജരായത്.
2021 ജൂൺ പത്തിന് രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പം ഇരട്ടക്കൊല. സംഭവം കഴിഞ്ഞ് മൂന്നുമാസത്തിനുശേഷം സെപ്റ്റംബർ 17നാണ് പ്രതി നെല്ലിയമ്പം കായക്കുന്ന് കുറുമ കോളനിയിലെ അർജുനെ പൊലീസ് അറസ്റ്റുചെയ്തത്. മോഷണശ്രമമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മോഷണത്തിനായി വീട്ടിൽ കയറിയത് വീട്ടുകാർ കണ്ടതിനെത്തുടർന്ന് പ്രതി ആക്രമണത്തിന് മുതിരുകയായിരുന്നു. കേശവൻ സംഭവസ്ഥലത്തും പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മണിക്കൂറുകൾക്കുള്ളിലുമാണ് മരിച്ചത്. മാനന്തവാടി ഡിവൈ.എസ്.പിയായിരുന്ന എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള 41 അംഗ സംഘമാണ് കേസന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.