തദ്ദേശസ്ഥാപനങ്ങളിലെ പുതിയ ഭാരവാഹികൾ; യു.ഡി.എഫിൽ തീരുമാനമായില്ല
text_fieldsകല്പറ്റ: ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭാരവാഹികൾ ആരാകണമെന്നതിനെകുറിച്ച് യു.ഡിഎഫിൽ തീരുമാനമായില്ല. രണ്ടര വർഷത്തിന് ശേഷം പദവികൾ പരസ്പരം വെച്ചുമാറാനുള്ള യു.ഡി.എഫിലെ ഘടക കക്ഷികളുടെ ധാരണയനുസരിച്ച് കൽപറ്റ നഗരസഭയിൽ ഉൾപ്പെടെ ചില തദ്ദേശ സ്ഥാപനങ്ങളിൽ അടുത്ത മാസത്തോടെയാണ് പുതിയ ഭാരവാഹികൾ അധികാരമേൽക്കേണ്ടത്.
കൽപറ്റ നഗരസഭ, കണിയാമ്പറ്റ, മുട്ടിൽ, മേപ്പാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലാണ് കോൺഗ്രസും ലീഗും തമ്മിൽ പദവികൾ പരസ്പരം മാറാനുള്ള ധാരണയുള്ളത്. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലീഗ് കോൺഗ്രസിന് നൽകുകയും വേണം. ഇവിടെങ്ങളിലെല്ലാം ഈ മാസം അവസാനത്തോടെ നിലവിലെ ഭാരവാഹികൾ സ്ഥാനമൊഴിയണമെന്നാണ് ധാരണ.
കൽപറ്റ നഗരസഭയിൽ യു.ഡി.എഫ് ധാരണയനുസരിച്ച് മുസ്ലിംലീഗിലെ കേയംതൊടി മുജീബ് ഈ മാസാവസാനം നഗരസഭാധ്യക്ഷ പദവി ഒഴിയാനിരിക്കെ അടുത്ത ചെയര്മാന് ആരാകണമെന്നതിനെ കോണ്‍ഗ്രസില്‍ സമവായം ആയിട്ടില്ല. വൈസ് ചെയര്പേഴ്സൻ കസേര ആര്‍ക്ക് നല്കണമെന്നതില് മുസ്ലിം ലീഗിലും അന്തിമ തീരുമാനം ആയിട്ടില്ല.
കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ എമിലി ഡിവിഷനില്‍നിന്നുള്ള അഡ്വ. ടി.ജെ. ഐസക്കും മടിയൂര്‍ ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന പി. വിനോദ്കുമാറുമാണ് ചെയര്മാന് പദവിയില്‍ പരിഗണനയിലുള്ളത്. കെ.പി.സി.സി മുന്‍ സെക്രട്ടറിയാണ് ഐസക്. 28 ഡിവിഷനുകളാണ് നഗരസഭയില്‍.
യു.ഡി.എഫിനു 15 ഉം എല്‍.ഡി.എഫിനു 13ഉം കൗണ്‍സിലര്‍മാരുണ്ട്. യു.ഡി.എഫില്‍ മുസ്ലിംലീഗിനു ഒമ്പതും കോണ്‍ഗ്രസിനു ആറും അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ് അംഗങ്ങളില്‍ മൂന്നു പേര് വനിതകളാണ്. എന്നാൽ, നിലവിലുള്ള ഭാരവാഹികൾ ഈ മാസം അവസാനത്തോടെ രാജിവെച്ചുകഴിഞ്ഞാൽ പുതിയ ഭാരവാഹികളെ ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും ഇതു സംബന്ധിച്ച് ഏകദേശ ധാരണ ആയിട്ടുണ്ടെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
എടവക പഞ്ചായത്തിലും പദവി മാറ്റത്തിന് ധാരണയുണ്ട്. എന്നാൽ, മൂന്ന് വർഷത്തിന് ശേഷം പ്രസിഡന്റ് സ്ഥാനം ലീഗിന് നൽകാനും വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് കൈമാറാനുമാണ് ധാരണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.