എൻ.ജി.ഒ അസോസിയേഷൻ നേതാവിന്റെ സ്ഥലം മാറ്റം പരാതിയെ തുടർന്ന്
text_fieldsകൽപറ്റ: എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ.ടി. ഷാജിയെ സ്ഥലം മാറ്റിയതിന് പിന്നിൽ ജോലിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളെന്ന് വിവരം. ജില്ല ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷന്‍സ് ഓഫിസിലെ സീനിയര്‍ ക്ലര്‍ക്കായിരുന്ന ഷാജിയെ ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം എ.ഡി.എം ആണ് കഴിഞ്ഞ ചൊവ്വാഴ്ച സ്ഥലംമാറ്റിയത്. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജോലിയിൽ ഷാജി കൃത്യമായി ഹാജരാവാത്തതാണ് സ്ഥലം മാറ്റത്തിന് കാരണമെന്നാണ് പറയുന്നത്.
ചൊവ്വാഴ്ച മുഖ്യമന്ത്രി പങ്കെടുത്ത ‘എന്റെ കേരളം’ പരിപാടിയുടെ ഭാഗമായി ഒട്ടേറെ ജോലികൾ തീർക്കാനുണ്ടായത് കാരണം ഇൻഫർമേഷൻ ഓഫിസിലെ മറ്റു ജീവനക്കാർ അവധി ദിവസങ്ങളിലും ജോലിക്കെത്തിയപ്പോൾ സംഘടന നേതാവ് കൂടിയായ ഷാജി ജോലിക്കെത്തിയിരുന്നില്ല. അതേസമയം സംഘടന വിരോധത്തിന്റെ പേരിലാണ് സ്ഥലം മാറ്റമെന്നാണ് ഷാജി പറയുന്നത്. ജില്ല പ്രസിഡന്റിനെ സ്ഥലം മാറ്റിയതിനെതിരേ കഴിഞ്ഞ ദിവസം സംഘടന നടത്തിയ പ്രതിഷേധങ്ങളിൽ ഒരു വിഭാഗം വിട്ടു നിന്നതും ചർച്ചയായി.
സംഘടനയുടെ ജില്ല സെക്രട്ടറി, ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ. ചില ജില്ല ഭാരവാഹികൾ തുടങ്ങിയവരൊന്നും പ്രതിഷേധത്തിൽ പങ്കെടുത്തില്ല. കെ.ടി. ഷാജി മാനന്തവാടി താലൂക്കില്‍ നിന്നും സ്ഥലം മാറി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിലെത്തിയിട്ട് ആറുമാസമെ ആയിട്ടുള്ളു. നേരത്തെയുണ്ടായിരുന്ന ക്ലര്‍ക്കിനെ ജില്ല കലക്ടറുടെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെക്ഷനിലേക്ക് മാറ്റിയ ഒഴിവിലേക്കായിരുന്നു ഷാജി എത്തിയത്. ഷാജിയെ മുട്ടില്‍ സൗത്ത് വില്ലേജിലേക്കാണ് ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുന്നത്. പകരം ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെക്ഷനിലേക്ക് മാറ്റിയയാളെ തന്നെയാണ് ഇന്‍ഫര്‍മേഷന്‍ ഓഫിസിലേക്ക് ഇപ്പോൾ നിയമിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.