വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പതുപേർ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ
text_fieldsതാമരശ്ശേരി/കൽപറ്റ: വയനാട് വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പതുപേരെ ഭക്ഷ്യവിഷബാധയേറ്റ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ മായ (40), ആര്യ (23), അശ്വനി(24), കുപ്പമ്മാൾ (35), അശ്വിൻ (20), അരുൺ (33), സുഗെയിൻ (31), മീനു (30) ടാഗോർ (57) എന്നിവരാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കമ്പളക്കാട്ടെ ഹോട്ടലിൽനിന്നും മേപ്പാടിക്കടുത്തെ മെസിൽനിന്നും ഭക്ഷണം കഴിച്ചിരുന്നു.
കമ്പളക്കാട്ടെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നും മേപ്പാടിയിൽ നിന്നു കഴിച്ചവർക്ക് പ്രശ്നമില്ലെന്നും കൂടെയുള്ളവർ പറഞ്ഞു. ബന്ധുക്കൾ ഉൾപ്പെടുന്ന 23 അംഗ സംഘമാണ് വയനാട്ടിലേക്ക് ടൂറിസ്റ്റ് ബസിൽ വിനോദ സഞ്ചാരത്തിനു പോയത്. ഇതിൽ 18 പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. അവശതയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായ ഒമ്പതുപേരെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് കിളിമാനൂർ, ആറ്റിങ്ങൽ സ്വദേശികളടങ്ങുന്ന സംഘം തിരുവനന്തപുരത്തുനിന്ന് വയനാട്ടിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ വയനാട്ടിലെത്തി. തിങ്കളാഴ്ച പ്രഭാതഭക്ഷണം കഴിച്ചതിനു ശേഷമാണ് അസ്വസ്ഥതകൾ തുടങ്ങിയത്. മണിക്കൂറുകൾക്കുശേഷം കുറച്ചുപേർക്ക് ശാരീരിക പ്രശ്നമുണ്ടായി.
ഹോട്ടലിലെ വെള്ളത്തിൽ സോപ്പിന്‍റെ അംശംപോലെ തോന്നിയിരുന്നു. പൂരിയായിരുന്നു കഴിച്ചത്. ഉച്ചക്ക് നാലുപേർ ഒഴികെ മേപ്പാടിയിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. 17 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായി. ഒമ്പതു പേർ അഡ്മിറ്റായി. എട്ടു പേർ നിരീക്ഷണത്തിലാണ്. സംഭവത്തെ തുടർന്ന് വയനാട് ജില്ല കലക്ടറും സബ് കലക്ടറും കമ്പളക്കാട്ടെ ഹോട്ടൽ സന്ദർശിച്ചു. മേപ്പാടിയിലും ഉടനെ പരിശോധന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.