ബത്തേരിയിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല -ജില്ല കലക്ടർ
text_fieldsകൽപറ്റ: സംസ്ഥാനത്ത് നിപ രോഗപ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് നടത്തിയ പഠനത്തിൽ ജില്ലയിൽ ബത്തേരിയിൽ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യമുള്ളതായി കണ്ടെത്തിയതായി ജില്ല കലക്ടർ ഡോ. രേണു രാജ് അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ സെപ്റ്റംബർ മാസം നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഐ.സി.എം.ആർ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ, ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യങ്ങൾ നിലവിലില്ല. അതേസമയം, നിപ പോലുള്ള പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലെടുക്കാനും പകരുന്ന സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കാനും ഇത്തരം പരിശോധനാ ഫലങ്ങൾ സഹായകമാണ്.
ജന്തുക്കളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന പകർച്ചവ്യാധിയാണ് നിപ. ശരീര സ്രവങ്ങൾ വഴി രോഗം ബാധിച്ച മനുഷ്യരിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നു. വവ്വാലുകളെ ആട്ടിയകറ്റുന്നതും ആക്രമിക്കുന്നതും ഗുണമല്ല, ദോഷമാണുണ്ടാക്കുക. ചകിതരായ വവ്വാലുകളിൽനിന്ന് കൂടുതൽ സ്രവങ്ങൾ പുറത്തുവരാനും അതിലൂടെ രോഗാണുക്കൾ പടരാനും കാരണമായേക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇവ ശ്രദ്ധിക്കുക
പക്ഷിമൃഗാദികളുടെ കടിയേറ്റതോ നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങൾ ഉപയോഗിക്കരുത്.
പഴങ്ങൾ നന്നായി കഴുകിയശേഷം മാത്രം കഴിക്കുക.
തുറന്നുെവച്ച കലങ്ങളിൽ സൂക്ഷിച്ച കള്ളുപോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കരുത്.
പനി, ജലദോഷം, ചുമ എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങളുള്ളപ്പോൾ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക.
ചുമക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറു സ്രവകണങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ആണ് പ്രതിവിധി.
ഇത്തരം രോഗികളെ പരിചരിക്കുന്നവരും അവരുമായി അടുത്തിടപഴകുന്ന സാഹചര്യമുള്ളവരും മാസ്കും ൈകയുറകളും നിർബന്ധമായും ഉപയോഗിക്കുക
കൈകളിലൂടെയാണ് പല പകർച്ചവ്യാധികളും പെട്ടെന്ന് പകരുക എന്നതിനാൽ കൈകൾ ശരിയായി കഴുകുക. കൈകൾ പല സ്ഥലങ്ങളിലും സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുക
ഇടക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശരിയായി കൈ കഴുകുക.
പനിയടക്കമുള്ള രോഗങ്ങൾക്ക് ചികിത്സ തേടാതിരിക്കരുത്, സ്വയം ചികിത്സ നടത്തരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.