വീട്ടുനമ്പറില്ല, വൈദ്യുതി കണക്ഷനുമില്ല വിശദീകരണം തേടി മനുഷ്യാവകാശ കമീഷൻ
text_fieldsകൽപറ്റ: ഭർത്താവും ഗർഭിണിയായ ഭാര്യയും വയോധികയായ അമ്മയും രണ്ടു ചെറിയ കുട്ടികളും താമസിക്കുന്ന വീടിന് കെട്ടിട നമ്പറും വൈദ്യുതി കണക്ഷനും നൽകുന്നില്ലെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്തി വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കെ.എസ്.ഇ.ബി മേപ്പാടി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറും മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മേപ്പാടി സ്വദേശി പി. ശെൽവകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.
മേപ്പാടി കടൂരിൽ 10 സെന്റ് സ്ഥലം വാങ്ങി വീട് നിർമിച്ച് താമസിക്കുകയാണ് പരാതിക്കാരൻ. കെട്ടിട നിർമാണം പൂർത്തിയാകാത്തതിനാൽ ഗ്രാമപഞ്ചായത്ത് നമ്പർ അനുവദിച്ചിട്ടില്ല. മേപ്പാടി കെ.എസ്.ഇ.ബിയിൽ വൈദ്യുതി കണക്ഷന് അപേക്ഷ നൽകിയപ്പോൾ അവർ കണക്ഷൻ നൽകുന്നില്ല. താൽക്കാലിക കണക്ഷന് അപേക്ഷ നൽകിയെങ്കിലും അതും നൽകുന്നില്ലെന്ന് അപേക്ഷയിൽ പറയുന്നു.
എസ്റ്റേറ്റ് ഉദ്യോഗസ്ഥരുടെ സ്വാധീനം കാരണമാണ് തനിക്ക് കണക്ഷൻ നിഷേധിക്കുന്നതെന്നാണ് പരാതിക്കാരൻ പറയുന്നത്. വൈദ്യുതി കണക്ഷനില്ലാത്തതുകാരണം കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ലെന്നും താൽക്കാലികമായെങ്കിലും കണക്ഷൻ നൽകാൻ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.