സർക്കാർവാഗ്ദാനം നടപ്പായില്ല: ഡിജിറ്റൽ പഠനോപകരണങ്ങളില്ലാതെ ആയിരക്കണക്കിന് ആദിവാസി വിദ്യാർഥികൾ
text_fieldsകൽപറ്റ: ഓൺൈലൻ അധ്യയനം തുടങ്ങി മാസങ്ങളായിട്ടും ആയിരക്കണക്കിന് ആദിവാസി വിദ്യാർഥികൾ ഡിജിറ്റൽ പഠനോപകരണങ്ങളില്ലാതെ പഠനത്തിന് പ്രയാസപ്പെടുന്നു.ഇവർക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ അറിയിപ്പിൽ തുടർ നടപടിയില്ലാത്തതാണ് പഠനത്തിന് തിരിച്ചടിയാവുന്നത്. തദ്ദേശ സ്ഥാപനങ്ങൾ ഇതിനായി പദ്ധതി തയാറാക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഡിജിറ്റൽ ഉപകരണങ്ങളുടെ ഹാർഡ്വെയർ, സോഫ്റ്റ്വെയർ സ്പെസിഫിക്കേഷൻ എന്തായിരിക്കണമെന്ന് വ്യക്തമാക്കുന്ന ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.അതാണ്, തദ്ദേശസ്ഥാപനങ്ങൾക്ക് തുടർ നടപടികളെടുക്കാനാവാത്തതിന് പ്രധാന കാരണം.
സംസ്ഥാനത്തെ ഒന്നു മുതൽ പ്ലസ് ടുവരെയുള്ള ക്ലാസുകളിലെ പട്ടിക വർഗ–ജാതി വിഭാഗങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് മാസങ്ങൾക്ക് മുമ്പാണ് അധികൃതർ അറിയിച്ചത്. കൂടുതൽ ആദിവാസികളുള്ള വയനാട്ടിൽ മാത്രം ഇരുപത്തി രണ്ടായിരത്തിലധികം വിദ്യാർഥികൾക്ക് പഠനസഹായികൾ നൽകേണ്ടതുണ്ട്. ഇവയുടെ അഭാവം വിദ്യാർഥികളുടെ പഠനത്തെ സാരമായി ബാധിക്കുന്നു.
പൊതുവിഭാഗത്തിലെ ഡിജിറ്റൽ പഠനസൗകര്യമില്ലാത്തവർക്ക് പല പദ്ധതികളിലൂടെയും അധ്യാപകരും സന്നദ്ധ സംഘടനകളുമൊക്കെ മുൻകൈയെടുത്തും മൊബൈൽ ഫോണുകളും ടാബുകളും വിതരണം ചെയ്ത് ഓൺലൈൻ പഠനത്തിന് പ്രാപ്തരാക്കുന്നുണ്ട്. എന്നാൽ, ഗോത്രവർഗ വിദ്യാർഥികൾക്ക് സർക്കാർ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന അറിയിപ്പുണ്ടായിരുന്നതിനാൽ, മറ്റ് പദ്ധതികളിലൂടെയുള്ള ഉപകരണങ്ങൾ ഇവർക്ക് നൽകിയിട്ടില്ല.വിദ്യാർഥികളുടെ ഭാവി അവതാളത്തിലാകാതിരിക്കാൻ എത്രയും പെട്ടെന്ന് ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നാണ് ആവശ്യം.
പദ്ധതി വൈകുന്നത് സർക്കാർ ഉത്തരവ് ലഭിക്കാത്തതിനാൽ -സംഷാദ് മരക്കാർ
കൽപറ്റ: ആദിവാസി വിദ്യാർഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ ജില്ല പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഉപകരണങ്ങളുടെ സ്പെസിഫിക്കേഷൻ ലഭിക്കാത്തതിനാൽ തുടർ നടപടികളെടുക്കാനാവുന്നില്ലെന്ന് പ്രസിഡൻറ് സംഷാദ് മരക്കാർ വ്യക്തമാക്കി.
ഒരുകോടിയോളം രൂപ ഇതിനായി ജില്ല പഞ്ചായത്തിന് ചെലവഴിക്കാനാവും. എന്നാൽ, സർക്കാർ ഉത്തരവ് ലഭിക്കാത്തത് പദ്ധതിക്ക് തടസ്സമാവുന്നു -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.