സൂചന ബോർഡും സംരക്ഷണ ഭിത്തിയുമില്ല; അപകട ഭീഷണിയായി വളവ്
text_fieldsപടിഞ്ഞാറത്തറ: കൽപറ്റ-പടിഞ്ഞാറത്തറ റോഡിലെ വൻ വളവ് വാഹനങ്ങൾക്ക് അപകട ഭീഷണിയാകുന്നു. ചെന്ദലോടിന് സമീപം ടീച്ചർ മുക്കിലെ വളവിൽ റോഡിന് സംരക്ഷണഭിത്തിയോ ട്രാഫിക് മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതാണ് ഭീഷണിയാകുന്നത്. ഈ ഭാഗത്ത് തെരുവുവിളക്കുകളില്ലാത്തതും ഉള്ളവയിൽ പലതും പ്രകാശിക്കാത്തതും രാത്രിയിലെ അപകട സാധ്യത വർധിപ്പിക്കുന്നു.
ഡ്രൈവർമാരുടെ ശ്രദ്ധയൊന്ന് തെറ്റിയാൽ റോഡരികിലെ ആഴമുള്ള കുഴിയിലാണ് വാഹനങ്ങൾ പതിക്കുക.
വർഷങ്ങൾക്കുമുമ്പ് നവീകരണം തുടങ്ങിയ കൽപറ്റ-പടിഞ്ഞാറത്തറ റോഡിെൻറ ടാറിങ് പൂർത്തിയാക്കിയത് തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ്.
ഓവുചാൽ നിർമാണമടക്കം ഒട്ടേറെ ജോലികൾ ബാക്കിയുണ്ടെങ്കിലും തെരഞ്ഞെടുപ്പിനുശേഷം തുടർ പ്രവൃത്തികൾ നടക്കുന്നില്ല. ടാറിങ് കഴിഞ്ഞതോടെ വാഹനങ്ങൾ വേഗത വർധിപ്പിക്കുന്നതും അപകടത്തിനിടയാക്കുന്നു.
കുറഞ്ഞ ദിവസങ്ങൾക്കിടെ ഈ റോഡിൽ രണ്ട് അപകടങ്ങളാണ് സംഭവിച്ചത്.
ലൂയിസ് മൗണ്ട് ആശുപത്രിക്ക് സമീപം ജീപ്പും കാറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചിരുന്നു. ഓവുചാൽ, സംരക്ഷണ ഭിത്തി അടക്കമുള്ള റോഡ് പ്രവൃത്തി മുഴുവനായി പൂർത്തീകരിച്ച് എത്രയും പെട്ടെന്ന് ആവശ്യമായ ട്രാഫിക് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.