പാഴ്വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തി സഹപാഠിക്ക് വീടൊരുക്കി
text_fieldsകൽപറ്റ: വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കൾ ഒരു കുടുംബത്തിെൻറ സ്വപ്നസാക്ഷാത്കാരത്തിനുള്ള മാർഗമാവുമെന്ന് തെളിയിക്കുകയാണ് ജില്ലയിലെ ഹയർ സെക്കൻഡറി എൻ.എസ്.എസ് വളൻറിയർമാർ. പഴയ പാത്രങ്ങൾ, പത്രങ്ങൾ, ഇരുമ്പ്, പ്ലാസ്റ്റിക് തുടങ്ങിയവയെല്ലാം ശേഖരിച്ച് വിൽപന നടത്തി ജില്ലയിലെ 54 എൻ.എസ്.എസ് യൂനിറ്റുകൾ സമാഹരിച്ചത് സഹപാഠിക്ക് വീടുണ്ടാക്കാനുള്ള ആറര ലക്ഷത്തിലധികം രൂപയാണ്.
പുത്തുമല കാടരികിൽ ബന്ധുവിെൻറ ഒറ്റമുറി കൂരയിൽ താമസിക്കുന്ന ആറംഗ കുടുംബത്തിനാണ് ഇവർ സ്നേഹഭവനം ഒരുക്കിയത്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സർക്കാറിെൻറ ഭവനപദ്ധതികളും ഈ കുടുംബത്തിന് അന്യമായിരുന്നു. വിദ്യാർഥികളിൽ സമൂഹസേവനവും വ്യക്തിത്വവികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന നാഷനൽ സർവിസ് സ്കീമിെൻറ പ്രധാന പദ്ധതിയാണ് നിരാലംബർക്കുള്ള ഗൃഹനിർമാണം. തങ്ങളുടെ സഹപാഠിക്കും കുടുംബത്തിനും തണലൊരുക്കാനായതിെൻറ സന്തോഷത്തിലാണ് വിദ്യാർഥികൾ. മേപ്പാടി ചെമ്പോത്തറയിൽ ചില സുമനസ്സുകൾ നൽകിയ അഞ്ചു സെൻറ് സ്ഥലത്താണ് 600 ചതുരശ്ര അടി വിസ്തൃതിയുള്ള വീട് നിർമിച്ചത്. അഞ്ച് മാസം മുമ്പാണ് വീടിന് തറക്കല്ലിട്ടത്. കോവിഡ് പ്രതിസന്ധികളും പ്രതികൂല കാലാവസ്ഥയും മറികടന്നാണ് നിർമാണം പൂർത്തിയാക്കിയത്. ജില്ലയിലെ അഞ്ച് ക്ലസ്റ്റർ കൺവീനർമാരുടെയും 54 പ്രോഗ്രാം ഓഫിസർമാരുടെയും വളൻറിയർമാരുടെയും നിരന്തര ഇടപെടലുകൾ നിർമാണത്തിന് ഊർജമായി.
മേപ്പാടി സെൻറ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠിക്കും ആറംഗ കുടുംബത്തിനുമായി നിർമിച്ച മൂന്നു മുറികളും അടുക്കളയും പൂമുഖവും അടങ്ങുന്ന വീടിെൻറ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച മൂന്നുമണിക്ക് ഓൺലൈനായി നിർവഹിക്കും.
മേപ്പാടി ചെമ്പോത്തറയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ, മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് ഓമന രമേശ്, ഹയർസെക്കൻഡറി ജില്ല കോഒാഡിനേറ്റർ കെ. പ്രസന്ന തുടങ്ങിയവർ പങ്കെടുക്കും. എൻ.എസ്.എസ് ജില്ല കൺവീനർ കെ.എസ്. ശ്യാൽ, ക്ലസ്റ്റർ കൺവീനർമാരായ എ. ഹരി, എം.കെ. രാജേന്ദ്രൻ, എ.വി. രജീഷ്, കെ. രവീന്ദ്രൻ, യു.എം. ഷിഹാബ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.