വിരബാധയില്ലാത്തവരാകട്ടെ നമ്മുടെ കുട്ടികൾ...
text_fieldsകൽപറ്റ: വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന പൊതുജനാരോഗ്യ പ്രശ്നമാണ്. കുട്ടികളില്‍ വിളര്‍ച്ചക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ഒക്ടോബര്‍ എട്ടിന് ദേശീയ വിരമുക്ത ദിനം രണ്ടാംഘട്ടമായി ആചരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ ഒന്നുമുതൽ മുതല്‍ 14 വരെ വയസ്സുള്ള 64 ശതമാനം കുട്ടികളില്‍ വിരബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് വിര നശീകരണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷംതോറും ഊര്‍ജിതമായി നടപ്പാക്കുന്നത്. ജില്ലയിലെ സ്കൂളുകള്‍, അംഗൻവാടികള്‍ മുഖേന കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
എന്തെങ്കിലും കാരണത്താല്‍ ഒക്ടോബര്‍ എട്ടിന് ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഒക്ടോബര്‍ 15ന് ഗുളിക നല്‍കും. എല്ലാവരും കുട്ടികള്‍ക്ക് വിര നശീകരണ ഗുളിക നല്‍കിയെന്ന് ഉറപ്പാക്കണമെന്ന് ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു. രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അര ഗുളികയും (200 മി.ഗ്രാം) രണ്ട് മുതല്‍ 19 വരെ വയസ്സുള്ള കുട്ടികള്‍ക്ക് ഒരുഗുളികയുമാണ് (400 മി.ഗ്രാം) നല്‍കുന്നത്. ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗുളിക അലിയിച്ച് നല്‍കണം. മുതിര്‍ന്ന കുട്ടികള്‍ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കേണ്ടതില്ല. ഗുളിക കഴിച്ചതിന് ശേഷം സാധാരണയായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ല. എന്നാല്‍, വിരയുടെ തോത് കൂടുതലുള്ള കുട്ടികളില്‍ ഗുളിക കഴിക്കുമ്പോള്‍ അപൂര്‍വമായി വയറുവേദന, ഛർദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയവ ഉണ്ടായേക്കാം.
ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, വനിത ശിശു വികസനം, പട്ടികവര്‍ഗ വികസനം തുടങ്ങിയ വകുപ്പുകള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി സംയോജിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിക്കാവശ്യമായ ആല്‍ബന്‍ഡസോള്‍ ഗുളിക എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
വിര ബാധിക്കുന്നത് കൂടുതലും കുട്ടികളിൽ
- വിരബാധ എല്ലാവരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നത്. മണ്ണില്‍ കളിക്കുകയും പാദരക്ഷകള്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്താല്‍ വിരബാധയുണ്ടാകാന്‍ സാധ്യത കൂടും.
- സാധാരണയായി കുടലുകളിലാണ് വിരകള്‍ കാണപ്പെടുന്നത്. മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചില്‍, മലത്തില്‍ വിരകള്‍ കാണപ്പെടുക, ഛർദിലില്‍ വിരകള്‍ കാണപ്പെടുക, വിളര്‍ച്ച, തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന തുടങ്ങിയവയാണ് വിരബാധയുടെ ലക്ഷണങ്ങള്‍.
- വിരബാധയുള്ള ഒരാളില്‍ ഉത്സാഹക്കുറവ്, ക്ഷീണം, വിളര്‍ച്ച, വയറുവേദന, തലകറക്കം, ഛർദി, പോഷകക്കുറവ്, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം മുതലായവ ഉണ്ടാകാം.
- കുട്ടികളില്‍ വിരകളുടെ തോത് വളരെ കൂടുതലാണെങ്കില്‍ കുടലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ശരിയായ ചികിത്സ യഥാസമയം ലഭ്യമായില്ലെങ്കില്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്.
പകരുന്നതിങ്ങനെ..
വിസര്‍ജ്യം കലര്‍ന്ന മണ്ണില്‍ കളിക്കുമ്പോള്‍ കുട്ടികളുടെ കൈകളിലുടെയും കാലുകളിലൂടെയും വിരകളും മുട്ടകളും കുടലിലെത്തുന്നു. മലദ്വാരത്തിന് ചുറ്റും നഖം കൊണ്ട് ചൊറിയുമ്പോള്‍ മുട്ടകളും വിരകളും നഖത്തിലെത്തുന്നു. കുട്ടികള്‍ നഖങ്ങള്‍ കടിക്കുകയോ കൈകള്‍ കഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോള്‍ വിരകള്‍ കുടലിലെത്താം. ഈച്ചകള്‍ വഴി വിരകളും മുട്ടയും ഭക്ഷണത്തിലെത്തുകയും കുടലിലെത്തുകയും ചെയ്യാം. വിസര്‍ജ്യങ്ങള്‍ കലര്‍ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിച്ചാലും വിരബാധയുണ്ടാകാം.
വിരബാധ എങ്ങനെ തടയാം
- ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിനുശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക
- പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക
- മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങള്‍ ശരിയായി സംസ്കരിക്കുക
- മാംസം നന്നായി പാചകം ചെയ്ത് ഉപയോഗിക്കുക
- കൃത്യമായ ഇടവേളകളില്‍ നഖങ്ങള്‍ വെട്ടി കൈകള്‍ വൃത്തിയായി സൂക്ഷിക്കുക
- വീടിന് പുറത്തുപോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക
- ഭക്ഷണം അടച്ചുസൂക്ഷിക്കുക
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
- തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക
- വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക
- ആറ് മാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി ഗുളിക കഴിക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.