76കാരൻ രക്ഷിച്ചത് നാല് ജീവൻ
text_fieldsകൽപറ്റ: പുഴയിൽ മുങ്ങിത്താഴ്ന്ന നാല് വിദ്യാർഥികൾക്ക് ജീവൻ തിരിച്ചുകിട്ടിയത് മൊയ്തുഹാജിയുടെ സമയോചിത രക്ഷാപ്രവർത്തനത്തിലൂടെ. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ താളിപ്പാറ പുഴയിലെ വട്ടോളിക്കടവിൽ കുളിക്കാനിറങ്ങി നീന്തൽ അറിയാതെ കയത്തിൽ പെട്ടുപോയ ബാങ്ക്കുന്നിലെ തൗഫീഖ്, ബിനാസ്, ജുമൈൽ, അൻഷിദ് എന്നീ 15 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് പ്രദേശവാസിയായ വട്ടോളി മൊയ്തുഹാജി സാഹസികമായി രക്ഷപ്പെടുത്തിയത്.
നാട്ടുകാരായ കുട്ടികൾ നാലുപേരും പുഴയിൽ കുളിച്ചുകൊണ്ടിരിക്കെ, പേനക്കയത്തിലെ വെള്ളത്തിൽ അകപ്പെടുകയായിരുന്നു. പരസ്പരം കെട്ടിപ്പിടിച്ച് ഇവർ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപെട്ട മൊയ്തുഹാജി ഉടൻ പുഴയിലേക്ക് എടുത്തുചാടി നാലുപേരെയും സാഹസികമായി കരക്കെത്തിക്കുകയായിരുന്നു.
പുഴയുടെ സമീപത്താണ് മൊയ്തുഹാജിയുടെ വീട്. നിത്യവും ഇവിടെ നീന്തിക്കുളിക്കുന്ന ഹാജി, റമദാനിലും പുഴയിലെത്തി വെള്ളം കപ്പിൽ കോരി കുളിക്കുന്നതിനിടയിലാണ് അപകടം കാണുന്നത്. ചെറുപ്പം മുതലേ ഈ പുഴയുടെ മുക്കുംമൂലയും അറിയാമെന്നത് കുട്ടികളെ രക്ഷപ്പെടുത്താൻ തുണയായി. കഴിഞ്ഞ വലിയ പ്രളയത്തിൽ പുഴയുടെ ഗതിമാറി രൂപപ്പെട്ട പേനക്കയവും പണ്ടുണ്ടായിരുന്ന മുതലയും മൊയ്തുഹാജിക്ക് അന്നും ഇന്നും നിസ്സാരമാണ്. കൃഷിപ്പണിക്കാരനായിരുന്ന ഇദ്ദേഹം ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്. സന്ദർഭോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കിയതിന്‍റെ അഭിനന്ദനങ്ങൾ നാടിന്‍റെ നാനാഭാഗത്തുനിന്നും ഹാജിയെ തേടിയെത്തുന്നുണ്ട്.
എസ്.കെ.എസ്.എസ്.എഫിന്‍റെ ആദരം
പടിഞ്ഞാറത്തറ: നാല് കുരുന്നുജീവനുകൾ രക്ഷിച്ച് നാടിന്‍റെ അഭിമാനമായ വട്ടോളി മൊയ്തുഹാജിയെ എസ്.കെ.എസ്.എസ്.എഫ് പടിഞ്ഞാറത്തറ മേഖല കമ്മിറ്റി ആദരിച്ചു. പ്രസിഡന്‍റ് ഖാലിദ് ചെന്നലോട്, ജന. സെക്രട്ടറി ടി.പി. ജുനൈദ്, വർക്കിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ മുനീർ, മൻസൂർ കോടഞ്ചേരി, സൂപ്പി മുസ്ലിയാർ, റാഫി യമാനി, ജാഫർ ദാരിമി, പി.കെ. ഇബ്രാഹീം ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.