ഓണം സ്പെഷൽ ഡ്രൈവ്; അതിർത്തികളിൽ പരിശോധന കർശനം
text_fieldsകൽപറ്റ: ഓണത്തോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലേക്ക് ലഹരി വസ്തുക്കളും മറ്റും കൂടുതലായി കടത്തിക്കൊണ്ടുവരാൻ സാധ്യതയുള്ളതിനാൽ ചെക്ക്പോസ്റ്റുകൾ അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി.
എക്സൈസ് വകുപ്പിന്റെ പരിശോധന കൂടാതെ അതിർത്തികളിൽ മുത്തങ്ങയിലും നൂൽപ്പുഴയിലും തോൽപെട്ടിയിലും പൊലീസ് എയ്ഡ് പോസ്റ്റുകളും തുറന്നിട്ടുണ്ട്.
കർണാടക അതിർത്തിയായ മുത്തങ്ങ, ബാവലി, തോൽപെട്ടി ചെക്ക്പോസ്റ്റുകളിലും ചെക്ക്പോസ്റ്റുകൾ ഇല്ലാത്ത അതിർത്തി പ്രദേശങ്ങളായ പെരിക്കല്ലൂർ കടവ്, ചേകാടി, മരക്കടവ്, തോണിക്കടവ്, കൊളവള്ളി തുടങ്ങിയ കർണാടക അതിർത്തികളിലും നൂൽപ്പുഴ, പാട്ടവയൽ, താളൂർ, വടുവൻ ചാൽ, ചോലാടി തുടങ്ങിയ തമിഴ്നാട് അതിർത്തികളിലുമാണ് എക്സൈസിന്റെ പരിശോധനയും പട്രോളിങ്ങും കൂടുതൽ ശക്തമാക്കിയത്.
കൽപറ്റ എക്സൈസ് ഡിവിഷൻ ഓഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂം പ്രവർത്തിച്ചുവരുന്നുണ്ട്. മൂന്ന് താലൂക്കുകളിലും സർക്കിൾ/ റേഞ്ച് ഓഫിസുകൾ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്തല കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്.
സംസ്ഥാനത്ത് ചെക് പോസ്റ്റുകൾ ഇല്ലാത്ത അതിർത്തി പ്രദേശങ്ങളിൽ ലഹരിക്കടത്ത് തടയുന്നതിന് ജില്ലയിൽ പുതുതായി അനുവദിച്ച കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂനിറ്റ് (കെമു) വാഹനം അന്തർസംസ്ഥാന അതിർത്തി പ്രദേശമായ പെരിക്കല്ലൂർ കടവ്, മരക്കടവ്, കൊളവള്ളി, ചേകാടി തുടങ്ങിയ പ്രദേശങ്ങളിൽ 24 മണിക്കൂറും പട്രോളിങ്ങും ശക്തമായ പരിശോധനയും നടത്തുന്നുണ്ട്.
കെമു യൂനിറ്റിന്റെ സഹായത്തോടെ 29 എൻ.ഡി.പി.എസ് കേസുകളും 10 അബ്കാരി കേസുകളും അടുത്തിടെ രജിസ്റ്റർ ചെയ്തു. 30 ലധികം പ്രതികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം മരക്കടവ് ഭാഗത്ത് കബനിപ്പുഴ കടന്ന് കർണാടകയിലെ മച്ചൂർ പുഴക്കരയിലെത്തിയ കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവതീ യുവാക്കൾ പൊതുസ്ഥലത്ത് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.
ഇതേത്തുടർന്ന് ജില്ല പൊലിസ് മേധാവി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിക്കുകയും കർശന നടപടികൾക്കും പരിശോധനകൾക്കും നിർദേശം നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.