അന്വേഷണ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ജില്ലയിൽ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍
text_fieldsകല്പറ്റ: പൊലീസ് ഉദ്യോഗസ്ഥരോ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരോ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിഡിയോ കാള്‍ നടത്തി പണം തട്ടിയെടുക്കാന്‍ വ്യാപക ശ്രമം. പുത്തന്‍ തന്ത്രങ്ങളുമായെത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കെണിയില്പ്പെടരുതെന്ന മുന്നറിയിപ്പുമായി ജില്ല പൊലീസ്. സി.ബി.ഐ ചമഞ്ഞുള്ള ഇത്തരത്തിലുള്ള കെണിയില്‍പ്പെട്ട് ജില്ലയിലെ ഡോക്ടര്‍ക്ക് നഷ്ടമായത് അഞ്ച് ലക്ഷം രൂപയാണ്. ശനിയാഴ്ചയാണ് ഡോക്ടറുടെ പരാതിയില്‍ വയനാട് സൈബര്‍ സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്. ഡോക്ടര്‍ വിദേശത്തേക്ക് അയച്ച പാഴ്സലില്‍ എം.ഡി.എം.എയും വ്യാജ സിം കാര്‍ഡുകളും പാസ്പോര്‍ട്ടുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും സിംഗപ്പൂരില്‍ പിടിച്ചുവെച്ചിട്ടുണ്ടെന്നും ഡോക്ടറെ ജൂലൈ മൂന്നിന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യൂനിഫോമില്‍ വീഡിയോ കാള്‍ ചെയ്ത് ഡോക്ടര്‍ ഉപയോഗിക്കാതെ കിടന്ന അക്കൗണ്ടിലേക്ക് 138 കോടി അവയവ കടത്തു കേസിലെ പ്രതിയില്‍ നിന്നും കമീഷനായി കൈപ്പറ്റിയിട്ടുണ്ടെന്നു പറഞ്ഞ് വീണ്ടും ഭീഷണിപ്പെടുത്തി. നിരപരാധിയാണെന്ന് തോന്നുന്നുവെന്ന് പറഞ്ഞ് അക്കൗണ്ട് ലീഗലൈസേഷന്‍ ചെയ്യുന്നതിനായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും അതുവരെ അനങ്ങാന്‍ പാടില്ലെന്നും പറഞ്ഞു. തുടർന്ന് അഞ്ച് ലക്ഷം രൂപ അയക്കുകയും ഡോക്ടര്‍ മണിക്കൂറുകളോളം റോഡില്‍ നില്‍ക്കുകയും ചെയ്തു. ഏറെ സമയം കഴിഞ്ഞാണ് സംഭവം തട്ടിപ്പാണെന്ന് ബോധ്യമാകുന്നതും സ്റ്റേഷനില്‍ പരാതി നല്‍കുന്നതും. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍ ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകള്‍ വർധിക്കുന്നുണ്ടെന്നും ഇതുപോലെയുള്ള തട്ടിപ്പുകാരുടെ കെണിയില്‍ വീഴാതിരിക്കാന്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും, തട്ടിപ്പിനിരയായാല്‍ ടോള്‍ ഫ്രീ നമ്പറായ 1930ല്‍ വിളിച്ചോ സ്റ്റേഷനില്‍ നേരിട്ടോ പരാതി നല്‍കണമെന്നും ജില്ല പൊലീസ് മേധാവി ടി. നാരായണന് ഐ.പി.എസ് അറിയിച്ചു.
പുതു തന്ത്രങ്ങളുമായെത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ ഇരയാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ കണക്കു പ്രകാരം ഇതുവരെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഓണ്‍ലൈനായും നേരിട്ടും 704 പരാതികളാണ് ലഭിച്ചത്. ഇതില്‍ 379 പരാതികള്‍ തീര്‍പ്പാക്കി. എട്ടു ലക്ഷത്തോളം രൂപ തിരിച്ചു പിടിച്ചു നല്‍കിയിട്ടുണ്ട്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിയ സ്രോതസ്സിലേക്കുള്ള സൈബര്‍ ആക്രമണങ്ങളും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വെച്ചുള്ള ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ആക്രമണങ്ങളുമാണ് കൂടുതലായും പരാതികളായി ലഭിക്കുന്നത്. വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘങ്ങളെ പിടികൂടാന്‍ പ്രയോഗികമായി ഏറെ തടസ്സമുണ്ട്. രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്ന് തട്ടിപ്പുകാരെ പിടികൂടാന്‍ വയനാട് സൈബര്‍ പൊലീസിന് സാധിച്ചിട്ടുണ്ട്.
വിവിധ തട്ടിപ്പുകള്‍
ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്
വ്യാപകമായ നിലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരം തട്ടിപ്പ് പ്രധാനമായും ടെലഗ്രാം കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പരിചിതമല്ലാത്ത ടെലഗ്രാം, വിദേശ വാട്സാപ്പ് നമ്പറുകളില്‍ നിന്നും ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍ ഏതെങ്കിലും ടാസ്കുകള് നല്കി ആദ്യഘട്ടത്തില്‍ ചെറിയ ലാഭം ഉപഭോക്താക്കള്‍ക്ക് നല്‍കിയാണ് ഇരകളെ ഇവര്‍ വലയില്‍ വീഴ്ത്തുന്നത്. ഇരകളുടെ വിശ്വാസം ആർജിച്ചതിന് ശേഷം കുടുതല്‍ പണം മുടക്കി വലിയ ടാസ്കുകള് ചെയ്യിച്ചാണ് ഇവര്‍ പണം തട്ടുന്നത്. നിരക്ഷരരും ദരിദ്രരുമായ പാവപ്പെട്ട ജനങ്ങളില്‍ നിന്നും വില കൊടുത്ത് വാങ്ങിയ ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും ഉപയോഗിച്ച് പലപ്പോഴും വിദേശത്ത് നിന്നാണ് തട്ടിപ്പ് നടത്തുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. അപരിചിതര്‍ നല്കുന്ന വ്യാജ ട്രേഡിങ് വാഗ്ദാനം സ്വീകരിക്കാതിരിക്കുകയും ഷെയര്‍/സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ് സെബിയുടെ അംഗീകാരമുള്ള ഏജന്‍സികള്‍ വഴി മാത്രം നടത്തുകയും ചെയ്യുക.
ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്
വിവിധ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകളില്‍ നിന്നും ഉദ്യോഗാർഥികളുടെ വ്യക്തി വിവരം കരസ്ഥമാക്കുന്ന തട്ടിപ്പ് സംഘം വ്യാജ തൊഴില്‍ വാഗ്ദാനം നല്കി വിവിധ ഫീസ് ഇനത്തില്‍ പണം തട്ടിയെടുക്കുന്നു. ഇത്തരം ഓഫര്‍ ലെറ്റര്‍ ലഭിച്ചാല്‍ തൊഴില്‍ദാതാവിന്റെ ആധികാരികത നേരിട്ടോ അവരുടെ യഥാർഥ വെബ്സൈറ്റ് പരിശോധിച്ചോ ഉറപ്പ് വരുത്തിയ ശേഷവും വിദേശ ജോലിയാണെങ്കില്‍ അതത് രാജ്യത്തെ എംബസിയുമായോ നോര്‍ക്ക പോലുള്ള ഇന്ത്യന്‍ ഏജന്‍സികള്‍ വഴിയോ ഉറപ്പ് വരുത്തി മാത്രമേ അപേക്ഷയുമായി മുന്നോട്ട് പോകാവൂ. യാതൊരു കാരണവശാലും ഇത് ഉറപ്പ് വരുത്താതെ പണം അയച്ച് കൊടുക്കരുത്.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘങ്ങളെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും വയനാട് സൈബര്‍ പൊലീസ് പിടികൂടിയിരുന്നു. വീട്ടിലിരുന്നു ഡാറ്റാ എന്‍ട്രി ചെയ്ത് പണമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 12.5 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തെ മുംബൈയില്‍ നിന്നും പിടികൂടിയിരുന്നു. കാനഡക്ക് വിസ നല്‍കാം എന്ന് വിശ്വസിപ്പിച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത നാലംഗ സംഘത്തെ പഞ്ചാബില്‍ നിന്നും പിടികൂടിയിരുന്നു. ദുബൈയില്‍ ജോലി നല്‍കാം എന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത രണ്ടംഗ സംഘത്തെ ഡല്‍ഹിയില്‍ നിന്നാണ് പിടികൂടിയത്. കാനഡയില്‍ ജോലിക്ക് വിസ നല്‍കാം എന്ന് വിശ്വസിപ്പിച്ച് 18 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയ സ്വദേശിയെ ബംഗളൂരില്‍ നിന്നും വയനാട് സൈബര്‍ പൊലീസ് പിടികൂടിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ഗിഫ്റ്റ് തട്ടിപ്പ്
വിവിധ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികളില്‍ നിന്നും സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്നതിന് വിവിധ ഫീസ് ഇനത്തില്‍ പണം ആവശ്യമാണ് എന്നും വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുന്നു. ഇത്തരം വാഗ്ദാനങ്ങളില്‍ വശംവദരാകാതെ ഇത്തരം നമ്പറുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും റിപ്പോര്‍ട്ട് ചെയ്യേണ്ടതും പൊലീസിന് വിവരം കൈമാറുകയും വേണം. പ്രമുഖ ഷോപ്പിങ് ആപ്പില്‍ നിന്നും കാര്‍ സമ്മാനം ലഭിച്ചു എന്ന് വിശ്വസിപ്പിച്ച് 14.5 ലക്ഷം രൂപ തട്ടിയെടുത്ത നാലംഗ സംഘത്തെ വയനാട് സൈബര്‍ പൊലീസ് ഡല്‍ഹിയില്‍ നിന്നും പിടികൂടിയിട്ടുണ്ട്.
ഹാക്കിങ് തട്ടിപ്പ്
ഉപഭോക്താവിന്റെ കട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഹാക്ക് ചെയ്തോ അവയിലെ സുരക്ഷ വീഴ്ച ഉപയോഗപ്പെടുത്തിയോ ബാങ്കിങ് വിവരങ്ങള്‍ തട്ടിയെടുത്ത് പണം തട്ടുന്ന രീതിയാണിത്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയുടെ ബാങ്കിങ് വിവരങ്ങള്‍ തട്ടിയെടുത്ത് അക്കൗണ്ടില്‍ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ കൊല്‍ക്കത്തയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം തട്ടിപ്പുകളില്‍ പെടാതിരിക്കുന്നതിന് ബാങ്കിങ് ഇടപാടുകള്‍ നടത്തുന്ന ഉപകരണങ്ങളില്‍ അംഗീകൃത ഓപറേറ്റിങ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കേണ്ടതും റിമോട്ട് കണ്ട്രോള് ആപ്പ് അടക്കമുള്ള അനാവശ്യ ആപ്പുകള്‍ ഡിജിറ്റല്‍ ഉപകരണങ്ങളിള് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാടില്ല. ബാങ്കിങ് വിവരങ്ങള്‍ മറ്റാര്‍ക്കും ഷെയര്‍ ചെയ്യാന്‍ പാടില്ലാത്തതും വിവരങ്ങള്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ സേവ് ചെയ്ത് വെക്കാതിരിക്കേണ്ടതുമാണ്.
കസ്റ്റമര്‍ കെയര്‍ തട്ടിപ്പ്
പെട്ടെന്ന് ഏതെങ്കിലും കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ വിവരങ്ങള്‍ ആവശ്യമായി വന്നാല്‍ ആയത് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുകയും തുടര്‍ന്ന് ലഭിക്കുന്ന നമ്പറില്‍ ബന്ധപ്പെടുകയും കസ്റ്റമര്‍ കെയര്‍ പോലെയുള്ള സാഹചര്യം ഫോണിലൂടെ ഇടപാടുകാരന് തോന്നിപ്പിച്ച് വിശ്വാസം ആർജിപ്പിച്ച് തുടര്‍ന്ന് അവിടെ നിന്നും ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് ഇടപാടുകാരനെ കൊണ്ട് എനി ഡെസ്ക്, ടീം വ്യൂവര്‍ പോലെയുള്ള റിമോട്ട് കണ്ട്രോള് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിച്ച് ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാര്‍ ഏറ്റെടുത്തു ഫോണിലെ ബാങ്കിങ് ആപ്പുകള്‍ ഉപയോഗിച്ച് പണം തട്ടുന്ന രീതിയാണ്. ഗൂഗ്ളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിച്ച് മാത്രമേ അത് ഉപയോഗപ്പെടുത്താന്‍ പാടുള്ളൂ. ഇടപാടുകാരുടെ ബാങ്കുകളുടെയും മറ്റും കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ അവരുടെ യഥാർഥ വെബ് സൈറ്റില്‍ നിന്നുമെടുത്ത് ആദ്യമേ ഫോണില്‍ സൂക്ഷിക്കുക.
വെർച്വല്‍ അറസ്റ്റ് തട്ടിപ്പ്
വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമാക്കി വെച്ചിട്ടില്ലാത്തവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ നിന്നും വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന തട്ടിപ്പുകാര്‍ ഇവരുടെ പേരില്‍ രാജ്യത്തെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട് എന്നോ എയര്‍പോര്‍ട്ടില്‍ ഉപഭോക്താവിന്റെ പേരില്‍ വന്ന പാര്‍സലില്‍ നിയമവിരുദ്ധമായ ഉല്പന്നങ്ങളുണ്ടെന്നോ അല്ലെങ്കില്‍ ഉപഭോക്താവ് നിരോധിത അശ്ലീല സൈറ്റ് വിസിറ്റ് ചെയ്തു എന്നോ അറിയിച്ച് ഇക്കാര്യത്തിന് വെർച്വല്‍ അറസ്റ്റ് ചെയ്തതായും ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ അറിയിക്കാനും ബാങ്കിലെ പണം മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് മാറ്റുവാനും ആവശ്യപ്പെടും. എന്നാൽ, വെർച്വല്‍ അറസ്റ്റ് ചെയ്യാനോ ഇടപാടുകാരുടെ പണം മറ്റെതെങ്കിലും അക്കൗണ്ടിലേക്ക് മാറ്റുവാനോ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരമില്ല.
ലോണ്‍ തട്ടിപ്പ്
വളരെ എളുപ്പത്തില്‍ ലോണ്‍ നല്‍കാം എന്ന് വിശ്വസിപ്പിച്ച് സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന തട്ടിപ്പുകാര്‍ അവരുടെ ആപ്പ് ഇന്‍സ്റ്റാര്‍ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ ഫോണിലെ കോണ്ടാക്ടും ഗ്യാലറിയും കൈക്കലാക്കി പിന്നീട് അനുവദിക്കുന്ന ചെറിയ തുകക്ക് അമിത പലിശ ഈടാക്കി ഏതാനും ദിവസങ്ങള്‍ക്കകം പണം തിരിച്ച് കൊടുക്കുവാന്‍ ആവശ്യപ്പെടുകയും തിരിച്ച് അടച്ചാലും ഇല്ലെങ്കിലും വിവിധ ഗ്രൂപ്പുകള്‍ വഴി ഇടപാടുകാരനെ ഭീഷണിപ്പെടുത്തുകയും ഗാലറിയില്‍ നിന്നും നേടുന്ന ചിത്രങ്ങള്‍ അശ്ലീല ഫോട്ടോക്ക് ഒപ്പം എഡിറ്റ് ചെയ്ത് കോണ്ടാക്ടിലേക്ക് അയച്ച് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടിയെടുക്കുന്നത്. ഇത്തരം കാര്യത്തിന്ന് വയനാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വയനാട് സൈബര്‍ പൊലീസ് ഒരു പ്രതിയെ വാരാണസിയില്‍ നിന്നും മറ്റൊരു കേസിലെ രണ്ടു പ്രതികളെ ഗുജറാത്തില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. റിസര്‍വ് ബാങ്ക് അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും മാത്രമേ ലോണ്‍ എടുക്കാവൂ. സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ കാണുന്ന അനാവശ്യ ആപ്പുകള്‍ ഇന്‍സ്റ്റാൾ ചെയ്യാതിരിക്കുക.
ഹണിട്രാപ്പ് തട്ടിപ്പ്
അപരിചതരായ സ്ത്രീകളുടെ പേരില്‍ നിന്നും വരുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി തട്ടിപ്പുകാര്‍ നഗ്നവീഡിയോ കോള്‍ ചെയ്ത് അത് റെക്കോഡ് ചെയ്ത് ഇടപാടുകാരന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച് നല്‍കും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന രീതിയാണ് ഇത്. ഇത്തരം തട്ടിപ്പ് നടത്തിയ യുവതിയെ ജയ് പൂരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. അപരിചതരുടെ ഫ്രണ്ട് റിക്വസ്റ്റ്,വിഡിയോ കോള്‍ എന്നിവ സ്വീകരിക്കാതിരിക്കുക.
സോഷ്യല്‍ മീഡിയ തട്ടിപ്പ്
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗപ്പെടുത്തി സൈബര്‍ കുറ്റവാളികള്‍ പ്രധാനമായും പെണ്‍കുട്ടികളെയും സ്ത്രീകളെയും ദുരുപയോഗം ചെയ്യുന്ന കേസുകള്‍ റിപ്പോര്ട്ടാവുന്നുണ്ട്പ്ര ധാനമായും ഫേക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് കുറ്റവാളികള്‍ കുട്ടികളുടെ നഗ്നചിത്രങ്ങളും മറ്റു വിലപിടിച്ച ആഭരണങ്ങളും തട്ടിയെടുക്കുന്ന കേസുകള്‍ റിപ്പോര്ട്ടാവുന്നുണ്ട്. പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാങ്ങിയെടുത്ത് അത് സോഷ്യല്‍ മീഡിയ വഴിയും അശ്ലീല വെബ് സൈറ്റ് വഴിയും പ്രസിദ്ധപ്പെടുത്തിയ തിരുവനന്തപുരം സ്വദേശിയെ വയനാട് സൈബര്‍ ക്രൈം പൊലീസ് സംഘം പിടികൂടിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്കര്‍മാര്‍ തട്ടിയെടുക്കുന്ന സംഭവങ്ങളും അധികരിക്കുന്നു. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് വരുന്ന ഒ.ടി.പി ആര്‍ക്കും ഷെയര്‍ ചെയ്യരുത്. ഫേക്ക് ഐ.ഡി അടക്കമുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഐ.ടി ആക് 43,66 വകുപ്പ് പ്രകാരം മൂന്ന് കൊല്ലം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
ഇന്റര്‍നെറ്റ് വഴി അശ്ലീല ദൃശ്യങ്ങള്‍ അയച്ച് കൊടുക്കുന്നതും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതോ സൂക്ഷിക്കുന്നതോ സേര്‍ച്ച് ചെയ്യുന്നതോ അഞ്ച് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റകൃത്യമാണ്. എ.ഐ ടെക്നോളജി ഉപയോഗിച്ച് സഹപാഠികളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കുറ്റകൃത്യം ചെയ്ത 13 വയസ്സുകാരനെ അന്വേഷിച്ച് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.