മായില്ല കുഞ്ഞൂഞ്ഞ് എന്നും വയനാടിനൊപ്പം
text_fieldsകല്പറ്റ: വയനാടിന്റെ മനസ്സിനെ എന്നും നെഞ്ചോട് ചേർത്ത ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി. ചുരം കയറാൻ മന്ത്രിമാർ പോലും മടിക്കുന്ന കാലത്ത് ഉമ്മൻ ചാണ്ടിയെന്ന മുഖ്യമന്ത്രി അതിനൊരപവാദമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പിന്നാക്ക ജില്ലക്ക് പ്രത്യേക പരിഗണന നൽകുന്നതിൽ ഭരണകാലത്ത് അദ്ദേഹം പ്രത്യേക ശ്രദ്ധ പുലർത്തി. രാഹുല്‍ഗാന്ധിയുടെ കൽപറ്റയിലെ ഓഫിസ് 2022 ജൂണിൽ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തകര്‍ത്തതുമായി ബന്ധപ്പെട്ടാണ് ഒടുവില്‍ ഉമ്മന്‍ചാണ്ടി ചുരം കയറിയത്. ആരോഗ്യ, കാർഷിക, ഗതാഗത മേഖലകളിലെ വയനാടിന്റെ പ്രശ്നങ്ങളിൽ കാര്യമായി ശ്രദ്ധിച്ചിരുന്നുവെന്നത് അദ്ദേഹത്തിന്റെ ഇടപെടലുകൾ തെളിയിക്കുന്നുണ്ട്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് 2012ലെ ബജറ്റില്‍ വയനാട് മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. നഞ്ചൻകോട് -നിലമ്പൂര്‍ റെയില്‍ പദ്ധതി, ചുരം ബദല്‍ പാത, രാത്രിയാത്ര വിലക്ക് എന്നി വിഷയങ്ങളിലും ജനസമ്പർക്ക പരിപാടിയിലും സജീവ ഇടപെടല്‍ ഉമ്മൻ ചാണ്ടി നടത്തിയിരുന്നു. മടക്കിമലയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവന ചെയ്ത 50 ഏക്കര്‍ ഭൂമി ഏറ്റെടുത്തു മുന്നോട്ട് പോവുന്നതിനിടെയാണ് നിയമസാങ്കേതിക തടസ്സങ്ങള്‍ ഉടലെടുത്തത്.
മെഡിക്കല്‍ കോളജിന്റെ ശിലാസ്ഥാപനം 2015 ജൂലൈ 12ന് കല്പറ്റയില് നിര്‍വഹിച്ചതും ഉമ്മൻ ചാണ്ടിയാണ്. മെഡിക്കല്‍ കോളജിന്റെ നടപടികളുമായി ഉമ്മൻ ചാണ്ടി സർക്കാർ മുന്നോട്ട് പോകുന്നതിനിടെയായിരുന്നു ഭരണമാറ്റം. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ മടക്കിമലയിൽ സ്ഥാപിക്കാനുദ്ദേശിച്ച മെഡിക്കൽ കോളജ് പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായി. ഈ ഭൂമി പ്രകൃതിദുരന്തസാധ്യത മേഖലയിലായതിനാല്‍ മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു അനുയോജ്യമല്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് ഭൂമി വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നീട് എൽ.ഡി.എഫ് സർക്കാർ മെഡിക്കൽ കോളജിന്റെ ആസ്ഥാനം മാനന്തവാടിയിലേക്ക് മാറ്റുകയും അവിടെ ഉദ്ഘാടനം നടത്തുകയുമായിരുന്നു.
കാലങ്ങളായുള്ള വയനാടിന്റെ റെയിൽവേ മോഹത്തിനും ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ കരുത്ത് പകർന്നിട്ടുണ്ട്. പദ്ധതിക്കാവശ്യമായ സര്‍വേയക്ക് ഡി.എം.ആര്‍സിയെ ചുമതലപ്പെടുത്തിയതും ഫണ്ട് അനുവദിച്ചതും ഉമ്മന്‍ചാണ്ടി സര്‍ക്കാറായിരുന്നു.
ബന്ദിപ്പൂർ വന മേഖലയിലെ രാത്രിയാത്ര നിരോധനം നീക്കുന്നതിന് നിതാന്ത പരിശ്രമങ്ങൾ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഭാഗത്തു നിന്നുണ്ടായി. നിരവധി തവണ കർണാടക മുഖ്യമന്ത്രിയുമായി അവിടെ ചെന്ന് ചർച്ച നടത്തുകയും കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തി ആ രീതിയിൽ കർണാടകയുടെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം എടുപ്പിക്കുന്നതിൽ ശ്രമം നടത്തുകയും ചെയ്തിരുന്നു.
2021 ഡിസംബര്‍ 13ന് ഐ.എന്‍.ടി.യു.സി വയനാട് ജില്ല കമ്മിറ്റി കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പി.കെ. ഗോപാലന് അനുസ്മണം ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ചാണ്ടിയാണ്. ട്രേഡ് യൂനിയന്‍ നേതാവായിരുന്ന പി.കെ. ഗോപാലനുമായി വലിയ സൗഹൃദമാണ് അദ്ദേഹത്തിനു ഉണ്ടായിരുന്നത്. വയനാട്ടുകാരുടെ മറ്റൊരു സ്വപ്നമായ ചുരമില്ലാ പാതയുടെ കാര്യത്തിലും ഉമ്മൻ ചാണ്ടി സർക്കാർ കാര്യമായ ഇടപെടൽ നടത്തിയിരുന്നു.
ഉമ്മൻ ചാണ്ടിയുടെ നിർദേശ പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട അഞ്ച് ബദല്‍പാത നിര്‍ദേശങ്ങള്‍ പൊതുമരാമത്ത് വകുപ്പ് തയാറാക്കുന്നത്. ഗ്രൂപ്പുകൾക്കതീതമായാണ് വയനാട്ടിലെ കോൺഗ്രസുകാരും ഉമ്മൻ ചാണ്ടിയെ കണ്ടത്. ജില്ലയിലെ നിരവധി നേതാക്കളുമായും പ്രവർത്തകരുമായും വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതിൻ അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ വയനാട്ടുകാരുടെ കൂടി കുഞ്ഞൂഞ്ഞിന് ജനഹൃദയങ്ങളിൽ മറക്കാനാവാത്ത ഇടമുണ്ട്.
ജനമനസ്സ് കീഴടക്കിയ ജനസമ്പർക്കം
കൽപറ്റ: ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയിൽ പരാതിയുമായി എത്തിയതിൽ പാവപ്പെട്ടവർ, നിന്ദിതർ, പീഡിതർ, രോഗികൾ, നീതിനിഷേധിക്കപ്പെട്ടവർ, ആർക്കും വേണ്ടാത്തവർ, വോട്ടർ പട്ടികയിൽ പേരില്ലാത്തവർ തുടങ്ങിയവരായിരുന്നു ഏറെയും. ജനസമ്പർക്കത്തിന്റെ യഥാർഥ ഗുണഭോക്താവ് താൻ തന്നെയെന്നാണ് ജില്ലയിലെ ജനസമ്പർക്ക പരിപാടിയായ ‘കരുതൽ 2015’ ഉദ്ഘാടനം ചെയ്ത് അന്ന് മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി പറഞ്ഞത്. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും മനസ്സിലാക്കാനും അതിനനുസൃതമായി പ്രവർത്തിക്കാനും ജനസമ്പർക്ക പരിപാടി സഹായകമാണ്. സർക്കാറും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ചേർന്നുള്ള കൂട്ടായ്മയാണിത്. ജനസമ്പർക്കത്തിൽ വിതരണം ചെയ്യുന്ന ധനസഹായം ആരുടെയും ഔദാര്യമല്ലെന്നും എല്ലാ ജനങ്ങളും നാടിന്റെ സമ്പത്തിന് അവകാശികളുമാണെന്നാണ് പറഞ്ഞത്. കാലോചിതവും നീതിയുക്തവുമായ തീരുമാനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിലാണ് ജന സമ്പർക്കത്തിന്റെ പ്രസക്തിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
2011, 2013, 2015 എന്നീ വർഷങ്ങളിലായി സംസ്ഥാനത്ത് നടത്തിയ മൂന്നു ജന സമ്പർക്ക പരിപാടികളിൽ 11,45,449 പേരെയാണ് ഉമ്മൻ ചാണ്ടി നേരിൽ കണ്ടത്. 242.87 കോടി രൂപ വിതരണം ചെയ്തു.
കൽപറ്റ നഗരസഭ വികസനത്തിന് ഇടപെട്ട ചാണ്ടി
കൽപറ്റ: നഗരസഭയുടെ വികസന പ്രവർത്തനങ്ങളിലും ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ കാര്യമായുണ്ടായിരുന്നു. വർഷങ്ങളോളം മുടങ്ങിക്കിടന്നിരുന്ന കൽപറ്റ ബൈപാസ് യാഥാർഥ്യമാക്കുന്നതിൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മൻ ചാണ്ടി വലിയ ഇടപെടൽ നടത്തിയിരുന്നു. കൽപറ്റയുടെ സമഗ്ര കുടിവെള്ള പദ്ധതി, കൽപറ്റ നഗര സഭക്ക് ബഡ്സ് സ്കൂൾ അനുവദിക്കുന്നതിലെ ഇടപെടൽ, ഓണിവയൽ ആദിവാസി ഫ്ലാറ്റ് നിർമാണം തുടങ്ങിയവയിലും മുഖ്യമന്ത്രിയെന്ന നിലക്ക് ഉമ്മൻ ചാണ്ടി ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു.
നിലമ്പൂർ-വയനാട്- നഞ്ചൻകോട് റെയിൽപാതക്ക് പുതുജീവനേകി
കൽപറ്റ: നിലമ്പൂർ-വയനാട്- നഞ്ചൻകോട് റെയിൽപാതക്ക് പുതുജീവൻ നൽകിയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി. ഈ പാത സംബന്ധിച്ച് ഇ. ശ്രീധരനിൽനിന്ന് റിപ്പോർട്ട് തേടിയതും സംസ്ഥാനത്തിന്റെ പ്രഥമ പരിഗണന നൽകേണ്ട പദ്ധതിയാണെന്ന് തീരുമാനമെടുത്തതും ഉമ്മൻചാണ്ടിയാണ്. പാതയുടെ പ്രാരംഭ ചിലവിനു വേണ്ടി രണ്ടു ബജറ്റുകളിൽ തുക അനുവദിച്ചതും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. സംയുക്ത സംരംഭമായി നിർമിക്കാൻ തീരുമാനമെടുത്ത് പ്രതിപക്ഷ നേതാവിനെയും കൂട്ടി റെയിൽവേ മന്ത്രിയുടെ അടുക്കൽ ഈ ആവശ്യം ഉന്നയിച്ചു. പ്രധാനമന്ത്രിമാരുമായി ചർച്ച നടത്തി. ഡി.പി.ആർ തയാറാക്കാൻ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തിയതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. രാത്രി യാത്ര നിരോധന പ്രശ്നം പരിഹരിക്കുന്നതും ആത്മാർഥ ശ്രമങ്ങൾ നടത്തി. ഗോപാൽ സുബ്രഹ്മണ്യത്തെ സുപ്രീംകോടതിയിൽ അഭിഭാഷകനായി നിയമിച്ചതും കർണാടക മുഖ്യമന്ത്രിമാരുമായി മൂന്നു വട്ടം ചർച്ച നടത്തിയതും ഉമ്മൻചാണ്ടിയായിരുന്നു.
മാതൃകയായി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി
കൽപറ്റ: കാർഷിക പ്രശ്നങ്ങൾ, വന്യമൃഗശല്യം, ആദിവാസി ഭൂപ്രശ്നം, വയനാട് മെഡിക്കൽ കോളജ് തുടങ്ങിയവക്ക് വേണ്ടി വയനാട്ടിലെ ജനങ്ങളോടൊപ്പം നിന്ന നേതാവായിരുന്നു ഉമ്മൻചാണ്ടി. 2011ൽ മുഖ്യമന്ത്രിയായ ശേഷം വയനാട്ടിൽ അദ്ദേഹം ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികളിലൊന്ന് വനത്തിനുള്ളിൽ താമസിക്കുന്നവരെ പുറത്ത് എത്തിക്കുന്നതിനുള്ള സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയാണ്. കേന്ദ്ര ഫണ്ടുപയോഗിച്ച് നടപ്പാക്കിയ ഈ പദ്ധതി രാജ്യത്ത് തന്നെ മാതൃകയായിരുന്നു.
പട്ടയ വിതരണം, ആദിവാസി ഭൂ വിതരണം, ഭവനപദ്ധതി തുടങ്ങിയവക്കും മുത്തങ്ങ സമരത്തിൽ പങ്കെടുത്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും ആവശ്യങ്ങൾ പരിഗണിക്കുന്നതിലും പ്രത്യേക താൽപര്യത്തോടെ നേതൃത്വം വഹിച്ചു. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ബുദ്ധിമുട്ടുന്ന വയനാട്ടിൽ ചെറുവിമാനത്താവളം നിർമിക്കാനായി ശ്രമങ്ങൾ നടത്തിയിരുന്നു. ജിനചന്ദ്രന്റെ പേരിൽ മടക്കി മലയിൽ സ്ഥാപിക്കാനിരുന്ന വയനാട് മെഡിക്കൽ കോളജിന് തറക്കല്ലിട്ടതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ഔദ്യോഗിക പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.