ഓപറേഷന്‍ കുബേര; തമിഴ്നാട് സ്വദേശിയടക്കം മൂന്നുപേർ അറസ്റ്റിൽ
text_fieldsകൽപറ്റ: ജില്ലയില്‍ ബ്ലേഡ് മാഫിയ പ്രവർത്തനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള ഓപറേഷന്‍ കുബേര സ്പെഷല്‍ ഡ്രൈവില്‍ തമിഴ്നാട് സ്വദേശിയടക്കം മൂന്നുപേർ അറസ്റ്റിൽ. മേപ്പാടി, വൈത്തിരി, കമ്പളക്കാട്, മാനന്തവാടി, പനമരം, സുൽത്താന്‍ ബത്തേരി, അമ്പലവയല്‍, മീനങ്ങാടി, പുൽപള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 15 സ്വകാര്യ പണമിടപാടുകാർ പൊലീസ് നിരീക്ഷണത്തിലാണ്.
മാനന്തവാടി ആറാട്ടുതറ സ്വദേശി പ്രതീഷ് (47), പുൽപള്ളി പട്ടാണിക്കൂപ്പിലെ എം.ജെ. ജ്യോതിഷ് (35), തമിഴ്നാട് ഈറോഡ് ജില്ലയിലെ ഒപ്പംപാളയം സ്വദേശിയും ഇപ്പോള്‍ സുൽത്താൻ ബത്തേരി അമ്മായിപ്പാലത്ത് വാടകക്ക് താമസിക്കുന്നയാളുമായ സതീഷ് (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരുവിധ അനുമതിപത്രമോ, ലൈസൻസോ രേഖയോ ഇല്ലാതെ വട്ടിപ്പലിശക്ക് പണം കൊടുക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്. പ്രതീഷിന്റെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 380900 രൂപയും ഒരു സ്റ്റാമ്പ് പേപ്പറം ആറ് ബ്ലാങ്ക് ചെക്ക് ലീഫും മൂന്ന് ആർ.സി ബുക്കും പിടിച്ചെടുത്തു.
ജ്യോതിഷിന്റെ വീട്ടില്‍ നിന്ന് 54000 രൂപയും 27 ആധാരങ്ങളും സതീഷിന്റെ ക്വാർട്ടേഴ്സില്‍ നിന്ന് 339500 രൂപയും ബ്ലാങ്ക് ചെക്ക് ലീഫും അഞ്ച് ഡയറികളും പിടിച്ചെടുത്തു. ജില്ലയിലെ ബ്ലേഡ് മാഫിയക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.