സാന്ത്വന പരിചരണ പദ്ധതി; 8232 പാലിയേറ്റിവ് രോഗികള്‍ക്ക് ആശ്വാസമാകും
text_fieldsകൽപറ്റ: നിത്യരോഗികളായി വീടുകളില്‍ കിടപ്പിലായ 8232 പാലിയേറ്റിവ് രോഗികള്‍ക്ക് സമാശ്വാസത്തിനായി ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന സാന്ത്വന പരിചരണ പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു. പദ്ധതിക്കായി 2021-22 സാമ്പത്തിക വര്‍ഷം 75 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഇതില്‍ 55 ലക്ഷം രൂപ വിനിയോഗിച്ചു.
ബാക്കി 20 ലക്ഷം രൂപ പരിശീലനപരിപാടിക്കായി മാറ്റിവെക്കും. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമുള്ള അർബുദ രോഗികള്‍, വൃക്കസംബന്ധമായ അസുഖമുള്ളവര്‍, പക്ഷാഘാതം ബാധിച്ചവര്‍, അവയവം മാറ്റിവെച്ചവര്‍, മറ്റ് രോഗങ്ങളാല്‍ കിടപ്പിലായവര്‍ തുടങ്ങിയ നിത്യരോഗികള്‍ക്കാണ് പദ്ധതിമൂലം ആശ്വാസം കിട്ടുന്നത്. മാസത്തിൽ 16 ദിവസം വീടുകളില്‍പോയി പാലിയേറ്റിവ് നഴ്സുമാര്‍, ഡോക്ടര്‍മാര്‍, ഫിസിയോതെറപ്പിസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ കിടപ്പുരോഗികള്‍ക്ക് പരിചരണം നല്‍കും. തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍നിന്ന് പാലിയേറ്റിവ് കെയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നതിന് താൽപര്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് പരിശീലനപരിപാടി നല്‍കും.
ചടങ്ങില്‍ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം. മുഹമ്മദ് ബഷീര്‍, ഉഷാ തമ്പി, ജുനൈദ് കൈപ്പാണി, ബീന ജോസ്, അംഗങ്ങളായ സുരേഷ് താളൂര്‍, കെ.ബി. നസീമ, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സെയ്തലവി, ജില്ല പഞ്ചായത്ത് സെക്രട്ടറി ആര്. ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.