കണക്കുകൂട്ടലുകൾ തെറ്റി ബി.ജെ.പി, എട്ടു പഞ്ചായത്തുകളിലായി 13 സീറ്റുകളിലൊതുങ്ങി
text_fieldsകൽപറ്റ: ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചരിത്ര നേട്ടം കൈവരിക്കുമെന്ന് അവകാശപ്പെട്ടിരുന്ന ബി.ജെ.പിക്ക് ഫലം കനത്ത തിരിച്ചടിയായി. രണ്ടു പഞ്ചായത്തുകളിൽ അധികാരത്തിലെത്തുമെന്നും മൂന്നു നഗരസഭകളിലും പാർട്ടി പ്രതിനിധികൾ ജയിച്ചുകയറുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന പാർട്ടിയുടെ പ്രകടനം, എട്ടു പഞ്ചായത്തുകളിലായി 13 സീറ്റുകളിലൊതുങ്ങി. നഗരസഭകളിലൊന്നിലും അക്കൗണ്ട് തുറക്കാനായില്ല.
2015ൽ സുൽത്താൻ ബത്തേരി നഗരസഭയിലെ ഒരു ഡിവിഷനിലും ഒമ്പതു പഞ്ചായത്തുകളിലായി 13 സീറ്റുകളിലും പാർട്ടി സ്ഥാനാർഥികൾ ജയിച്ചിരുന്നു. പൂതാടി, തരിയോട് പഞ്ചായത്തുകളിൽ അധികാരത്തിലെത്തുമെന്ന വിലയിരുത്തലിലായിരുന്നു പാർട്ടി. കൂടാതെ, ബത്തേരി നഗരസഭ, നൂൽപ്പുഴ, തവിഞ്ഞാൽ, എടവക പഞ്ചായത്തുകളിലും പാർട്ടി വലിയ പ്രതീക്ഷ വെച്ചുപുലർത്തിയിരുന്നു.
പൂതാടി പഞ്ചായത്തിൽ മൂന്നു സീറ്റുകളിലൊതുങ്ങി. കഴിഞ്ഞതവണ നാലു സീറ്റുകൾ നേടിയിരുന്നു. പുൽപള്ളി, തൊണ്ടർനാട്, കോട്ടത്തറ പഞ്ചായത്തുകളിൽ രണ്ടുവീതം സീറ്റുകളും നൂൽപ്പുഴ, പടിഞ്ഞാറത്തറ, പനമരം, വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ ഒരു സീറ്റ് വീതവുമാണ് ബി.ജെ.പി ജയിച്ചത്. തരിയോട് കഴിഞ്ഞ തവണ നേടിയ രണ്ടു സീറ്റുകളും അമ്പലവയൽ, മുള്ളൻകൊല്ലി, തവിഞ്ഞാൽ പഞ്ചായത്തുകളിൽ നേടിയ ഒരോ സീറ്റും ഇത്തവണ നഷ്ടമായി.
കോട്ടത്തറ, തൊണ്ടർനാട് പഞ്ചായത്തുകളിൽ രണ്ടു സീറ്റുകൾ വീതം നേടാനായി. കോട്ടത്തറ രണ്ടു സീറ്റുകളിൽ രണ്ടാം സ്ഥാനത്തെത്തി. കൽപറ്റ, സുൽത്താൻ ബത്തേരി നഗരസഭകളിലെ മൂന്നു വാർഡുകളിലും പാർട്ടി സ്ഥാനാർഥികൾ രണ്ടാമതെത്തി. പഞ്ചായത്തുകളിലെ പല വാർഡുകളിലും രണ്ടാംസ്ഥാനത്തെത്തുകയും വോട്ടു വിഹിതത്തിലുണ്ടായ വർധനവുമാണ് ബി.ജെ.പിക്ക് ആശ്വസിക്കാനുള്ളത്.
പാർട്ടിക്ക് സ്വാധീനമുള്ള മേഖലയിൽ കോൺഗ്രസും സി.പി.എമ്മും പരസ്പരം വോട്ടുമറിച്ചതാണ് ബി.ജെ.പി സ്ഥാനാർഥികളുടെ തോൽവിക്കു കാരണമെന്ന് ജില്ല പ്രസിഡൻറ് സജി ശങ്കർ പറഞ്ഞു. ഇതിന് വ്യക്തമായി തെളിവുകൾ കൈകളിലുണ്ട്. ഇത് ജനവിധിയെ അട്ടിമറിക്കുന്ന നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.