മകളുടെ ആത്മഹത്യക്കു പിന്നില്‍ തട്ടിപ്പുസംഘമെന്ന് മാതാപിതാക്കള്‍
text_fieldsകല്പറ്റ: പുല്പള്ളി മരക്കടവ് സ്വദേശി അതുല്യ വിത്സൻ എറണാകുളം പച്ചാളത്ത് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ വിദേശജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പുനടത്തിയ ഭര്‍ത്താവ് ഉള്‍പ്പെടുന്ന സംഘമാണെന്ന് പിതാവ് മരക്കടവ് കിഴക്കഞ്ചേരിയില്‍ വിത്സന്, ഭാര്യ ഷൈനി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
തട്ടിപ്പുസംഘം ഇരകളില്‍നിന്ന് അതുല്യയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് മുഖേന പണം കൈപ്പറ്റിയിരുന്നു. അതുല്യയുടെ അക്കൗണ്ടിലെത്തുന്ന പണം തട്ടിപ്പുസംഘം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. വിദേശ ജോലി വാഗ്ദാനം ചെയ്ത് വാങ്ങിയ പണത്തിന് അതുല്യയുടെ മരക്കടവ് വിലാസത്തിലാണ് കരാര്‍ വെച്ചിരുന്നത്. പണം നല്കിയവര് ജോലിയും അതിനാവശ്യമായ രേഖകളും കിട്ടാതായപ്പോള്‍ അതുല്യയെ നിരന്തരം ഫോണില്‍ വിളിക്കാന്‍ തുടങ്ങി. ഇതേത്തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദമാണ് അഞ്ച് വയസ്സുള്ള പെണ്‍കുഞ്ഞിന്റെ മാതാവായ അതുല്യയെ ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
സംഭവത്തില്‍ വിശദാന്വേഷണം നടത്തി തട്ടിപ്പുസംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ജോലിക്കുവേണ്ടി നല്കിയ പണം ബന്ധപ്പെട്ടവര്‍ക്ക് തിരികെ ലഭ്യമാക്കാനും നടപടി ആവശ്യപ്പെട്ട് പൊലീസ് അധികാരികള്ക്കുൾപ്പെടെ പരാതി നല്‍കിയതായി മാതാപിതാക്കള്‍ പറഞ്ഞു. മരക്കടവില്‍ താമസിക്കുന്ന കാസർകോട് സ്വദേശിയായ കൊച്ചുപുരക്കല്‍ വിപിനാണ് അതുല്യയുടെ ഭര്‍ത്താവ്. അതുല്യയുടെ ഉടമസ്ഥതയില്‍ ബത്തേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം മറയാക്കിയാണ് തട്ടിപ്പുസംഘം വിദേശ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍നിന്നു പണം കൈപ്പറ്റിയിരുന്നത്. ഒരു വര്‍ഷം മുമ്പ് ഈ സ്ഥാപനം പൂട്ടാന്‍ അതുല്യ നിര്‍ബന്ധിതയായി. ഒമ്പത് മാസം മുമ്പാണ് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലിക്കു കയറിയത്.
ജോലിക്കുവേണ്ടി പണം നല്കിയവരുടേതായി കണ്ണൂര്‍, എറണാകുളം, പാലക്കാട്, തൃശൂര്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍നിന്നു ഫോണ്‍വിളികള്‍ വരുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പലരും പൊലീസില്‍ പരാതി നല്‍കിയതായി വിവരമുണ്ട്. അതുല്യയുടെ അക്കൗണ്ടില്‍ എത്തുകയും ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്ത പണത്തിന്റെ വിവരം അറിയുന്നതിന് ബാങ്കില്‍ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. അക്കൗണ്ടില്‍ 4,000 രൂപ ബാലന്‍സുണ്ടെന്ന വിവരം മാത്രമാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.