പരൂര്‍കുന്ന് ആദിവാസി ഭവനപദ്ധതി തുടങ്ങി
text_fieldsകൽപറ്റ: കാരാപ്പുഴയുടെ തീരത്ത് പ്രകൃതിരമണീയമായ പുറ്റാട് പരൂര്‍കുന്നില്‍ നിര്‍മാണം പുരോഗമിക്കുന്ന വിപുലമായ ആദിവാസി ഭവനപദ്ധതി രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറും. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത 114 ആദിവാസി കുടുംബങ്ങള്‍ക്കാണ് മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പുറ്റാട് പരൂര്‍കുന്നില്‍ മാതൃക പാര്‍പ്പിട സൗകര്യമൊരുങ്ങുന്നത്.
കാരാപ്പുഴ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിലേക്ക് സ്ഥലംമാറി താമസിക്കേണ്ടിവന്നവരെ ഒരു പ്രദേശത്ത് ഒരുമിപ്പിക്കുന്ന പദ്ധതി കൂടിയാണിത്. റോഡ്, വൈദ്യുതി, കുടിവെള്ളം, തെരുവുവിളക്കുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഇതോടൊപ്പം ഒരുക്കുന്നുണ്ട്. വീടു നിര്‍മാണത്തിനായി വനംവകുപ്പ് വിട്ടുനല്‍കിയ 13.5 ഹെക്ടര്‍ ഭൂമിയില്‍ 230 വീടുകള്‍ പണിയാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ 114 വീടുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. ഒരു വീടിനു ആറു ലക്ഷം രൂപ വീതം പട്ടികവര്‍ഗ വികസന വകുപ്പിെൻറ ടി.ആര്.ഡി.എം ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. 477 ചതുരശ്ര അടി വിസ്തൃതിയിലുള്ള കോണ്‍ക്രീറ്റ് വീടിനു 40 ചതുരശ്ര അടിയില്‍ ഷീറ്റ് മേഞ്ഞ വര്‍ക്ക് ഏരിയയും പണിയുന്നുണ്ട്.
ജില്ല മണ്ണ് സംരക്ഷണ വകുപ്പാണ് പദ്ധതിയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയുടെ നിര്‍മാണ പുരോഗതി നേരിട്ടു വിലയിരുത്തുന്നതിനായി സി.കെ. ശശീന്ദ്രന് എം.എല്‍.എ, ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല എന്നിവര്‍ തിങ്കളാഴ്ച പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഗുണഭോക്താക്കളോട് ആശയവിനിമയം നടത്തുകയും ചെയ്തു. തുടര്‍ന്ന് കുന്നിന്മുകളില് സജ്ജീകരിച്ച പന്തലില്‍ നടത്തിയ പ്രത്യേക ഊരുകൂട്ടം ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ കെ.സി. ചെറിയാെൻറ അധ്യക്ഷതയില്‍ സി.കെ. ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കോളനിയില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള പഠനമുറി എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു. യോഗത്തില്‍ വാര്‍ഡ് മെംബര്‍ സിന്ധു, ജില്ല മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു. ദാസ്, സൗത്ത് വയനാട് ഡി.എഫ്.ഒ പി. രഞ്ജിത്ത് കുമാര്‍, കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയര്‍ തുളസീധരന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. മുഹമ്മദ്, കെ.എസ്.ഇ.ബി അസി. എൻജിനീയര്‍ ജയന്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാര്‍, പ്രമോട്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.