യാത്രക്കാരുടെ സുരക്ഷ; ബസുകളിൽ ജി.പി.എസ് ഘടിപ്പിച്ചത് നാമമാത്രം
text_fieldsകൽപറ്റ: പൊതുഗതാഗത വാഹനങ്ങളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ജി.പി.എസ് അധിഷ്ഠിത സുരക്ഷ സംവിധാനം വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ്(വി.എൽ.ടി.ഡി) ജില്ലയിലെ ബസുകളിൽ ഘടിപ്പിച്ചത് നാമമാത്രം.
ജില്ലയിൽ നിലവിൽ 217 കെ.എസ്.ആർ.ടി.സി ബസുകളിൽ 36ൽ മാത്രമാണ് ഇവ പ്രവർത്തനക്ഷമം. ബാക്കി സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ 263 സ്വകാര്യ ബസുകളിൽ ഭൂരിഭാഗത്തിലും വി.എൽ.ടി.ഡിയില്ല. 2021 ഡിസംബർ 31വരെയാണ് ഹൈകോടതി സമയം നൽകിയിരുന്നത്. അപകടങ്ങൾ സംഭവിച്ചാലോ സ്ത്രീകളടക്കമുള്ളവർക്ക് സഹയാത്രക്കാരിൽനിന്നോ ബസ് ജീവനക്കാരിൽനിന്നോ പ്രയാസങ്ങൾ നേരിടുകയാണെങ്കിലോ ബസിന്റെ വശങ്ങളിലെ ലഗേജ് കാരിയറിന് താഴെ ഇടവിട്ട് സ്ഥാപിക്കുന്ന ചുവന്ന സ്വിച്ചുകളിൽ അമർത്തിയാൽ മതിയാവും. ഉടൻ ആർ.ടി.ഒ, പൊലീസ് അധികൃതർക്കും കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥർക്കും വിവരം ലഭിക്കുകയും അവർ സ്ഥലത്തെത്തി സഹായം ലഭ്യമാക്കുകയും ചെയ്യും.
ആപ്ലിക്കേഷൻ തുറക്കുന്നതോടെ ബസ് നിലവിൽ എവിടെയാണുള്ളതെന്നതടക്കമുള്ള വിവരങ്ങൾ അധികൃതർക്ക് അറിയാനാവും. സുൽത്താൻ ബത്തേരി ഡിപ്പോയിൽ 89, മാനന്തവാടിയിൽ 74, കൽപറ്റയിൽ 54 ബസുകളാണുള്ളത്. മാനന്തവാടി ഡിപ്പോയിൽനിന്നുള്ള 14ഉം കൽപറ്റയിലെ 12ഉം സുൽത്താൻ ബത്തേരിയിലെ 10ഉം ബസുകളിലാണ് നിലവിൽ വി.എൽ.ടി.ഡി ഘടിപ്പിച്ചത്. ഇവ പ്രവർത്തിപ്പിക്കുന്ന വിധം ബസുകളിൽ എഴുതി പ്രദർശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
പൊതുഗതാഗത വാഹനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിങ്ങും എമര്‍ജന്‍സി ബട്ടണും ഘടിപ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി ജഡ്ജിമാരായ കെ. വിനോദ് ചന്ദ്രന്, സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചായിരുന്നു ഉത്തരവിട്ടത്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ജാഫര്‍ഖാന്‍ നല്കിയ ഹരജിയിലായിരുന്നു ഉത്തരവ്.
ജനുവരി ഒന്നുമുതല്‍ ഇവ നിര്‍ബന്ധമാക്കാനായിരുന്നു കോടതി നിര്‍ദേശിച്ചിരുന്നത്. പിന്നീട് നവംബര്‍ 23 വരെ നീട്ടി. ഉപകരണങ്ങള്‍ വാങ്ങിയെന്നും വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ കൂടുതല്‍സമയം വേണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സമയം നീട്ടിനൽകിയത്.
വി.എൽ.ടി.ഡി: സ്വിച്ചമർത്തിയാൽ സഹായമെത്തും
വി.എൽ.ടി.ഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് ആണ് ബസുകളിൽ സ്ഥാപിക്കുന്നത്. സി-ഡാക്കിന്റെ 'സുരക്ഷമിത്ര' സോഫ്റ്റ്വെയർ മുഖേനെയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. ബസുകളിലെ വി.എൽ.ടി.ഡി ജി.പി.എസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) സഹായത്താലാണ് പ്രവർത്തനം. ബസിന്റെ വശങ്ങളിലെ ലഗേജ് കാരിയറിന് താഴെ ഇടവിട്ട് സ്ഥാപിക്കുന്ന ചുവന്ന സ്വിച്ചുകളിലൊന്നിൽ അമർത്തുമ്പോൾ ഇതുമായി ബന്ധിപ്പിച്ച സോഫ്റ്റ്വെയർ ഉള്ള കമ്പ്യൂട്ടറുകളിൽ മുന്നറിയിപ്പ് അലാറം പ്രവർത്തിക്കും. ബസിലും അലാറം ശബ്ദിക്കും. ആപ്ലിക്കേഷൻ തുറക്കുന്നതോടെ ബന്ധപ്പെട്ടവർക്ക് നിലവിൽ ബസ് എവിടെയാണുള്ളതെന്ന് അറിയാൻ കഴിയും. ബസിന് ഏറ്റവും സമീപമുള്ള പൊലീസ്, ആർ.ടി.ഒ അധികൃതർ ഉടൻ സ്ഥലത്തെത്തി യാത്രക്കാർക്ക് സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.