സാഹസിക ടൂറിസം വഴിയില്‍ പഴശ്ശി പാര്‍ക്കും; കയാക്കിങ്ങിെനാരുങ്ങി മാനന്തവാടി പുഴ
text_fieldsകൽപറ്റ: വയനാടിന്റെ സാഹസിക ടൂറിസം ഭൂപടത്തിലേക്ക് മാനന്തവാടി പുഴയും. ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് പുഴയുടെ ദൃശ്യഭംഗി ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്ന കയാക്കിങ്ങിനുള്ള സൗകര്യമാണ് ഇവിടെ ഒരുങ്ങുന്നത്. പഴശ്ശി പാര്ക്കിന് സമീപം മാനന്തവാടി പുഴയില്‍ കയാക്കിങ് ആരംഭിക്കുന്നതിനുളള ട്രയല്‍ റണ്‍ ചൊവ്വാഴ്ച നടന്നു. ഒന്നും രണ്ടും വീതം ആളുകള്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന കയാക്കുകളാണ് ട്രയല്‍ റണ്ണില്‍ പങ്കെടുത്തത്. ജില്ലയില്‍ ആദ്യമായാണ് പുഴയില്‍ കയാക്കിങ് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നത്. നിലവില്‍ ജില്ലയില്‍ പൂക്കോട്, കര്‍ലാട് തടാകങ്ങളില്‍ കയാക്കിങ് സംവിധാനമുണ്ട്.
ഡി.ടി.പി.സി, സാഹസിക ടൂറിസം കൂട്ടായ്മകളായ മഡി ബൂട്സ് വയനാട്, പാഡില്‍ മങ്ക്സ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് ട്രയല്‍ റണ്‍ നടത്തിയത്. ട്രയല്‍ റൺ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി നിര്‍വഹിച്ചു. നഗരസഭ ചെയര്പേഴ്സൻ സി.കെ. രത്നവല്ലി, വാര്‍ഡ് കൗണ്‍സിലര്‍ വി.ഡി. അരുണ്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, ബിജു ജോസഫ് എന്നിവര്‍ പങ്കെടുത്തു. ട്രയല്‍ റണിന്റെ ഭാഗമായി ഒ.ആര്. കേളു എം.എല്‍.എ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, ഡി.ടി.പി.സി അധികൃതര്‍ തുടങ്ങിയവര്‍ പാര്ക്കിന് സമീപമുള്ള പുഴയില്‍ ഒരു കിലോമീറ്റര്‍ ദൂരം കയാക്കിങ് നടത്തി.
വയനാടിന്റെ ടൂറിസം സാധ്യതകള്‍ കൂടി കണക്കിലെടുത്ത് പഴശ്ശി പാര്‍ക്കില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കുകൂടി ഉപകാരപ്പെടുന്ന രീതിയിലായിരിക്കും കയാക്കിങ് സംവിധാനം നടപ്പിലാക്കുക. താരതമ്യേന കുത്തൊഴുക്ക് കുറഞ്ഞ നദികളില്‍ നടത്താറുള്ള സിറ്റ് ഓണ്‍ ടോപ്പ് കയാക്കിങ് രീതിയാണ് കബനി നദിയില്‍ ഏർപ്പെടുത്തുക. ട്രയല്‍ റണ്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തി ഉടന്‍തന്നെ വിനോദ സഞ്ചാരികള്‍ക്കായി കയാക്കിങ് ആരംഭിക്കുമെന്ന് ഡി.ടി.പി.സി അധികൃതര്‍ പറഞ്ഞു. ഇതോടെ ജില്ലയുടെ സാഹസിക ടൂറിസം രംഗത്ത് പുതിയൊരു അടയാളപ്പെടുത്തലായി മാനന്തവാടി പുഴയും മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.