കാൽനടക്കാർക്ക് സീബ്രാ ലൈനിലും രക്ഷയില്ല
text_fieldsകൽപറ്റ: സീബ്രാലൈനുകൾ കാൽനട യാത്രക്കാർക്ക് സധൈര്യം റോഡ് മുറിച്ചുകടക്കാനുള്ളതാണ്. എന്നാൽ ചില ഡ്രൈവർമാർ സീബ്രാ ലൈനോ യാത്രക്കാർ റോഡ് മുറിച്ചുകടക്കുന്നതോ തങ്ങളെ ബാധിക്കുന്നതല്ലെന്ന ചിന്തയിലാണ് വാഹനം ഓടിക്കുക. സീബ്രാ ലൈനിൽ റോഡ് മുറിച്ചുകടക്കാൻ യാത്രക്കാർ കാത്തുനിൽക്കുന്നുണ്ടെങ്കിലും, കടന്നുകൊണ്ടിരിക്കുകയാണെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് പല ഡ്രൈവർമാരും കുതിക്കുന്നത്.
പലപ്പോഴും കാൽനടക്കാർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. കൽപറ്റ നഗരത്തിൽ സീബ്രാ ലൈനിൽ അപകടങ്ങൾ നിത്യ സംഭവമാണ്. കുറഞ്ഞ ദിവസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് കൽപറ്റയിലെ വിവിധ സീബ്രാ ലൈനുകളിൽ ഉണ്ടായത്.
കഴിഞ്ഞ ദിവസം എച്ച്.ഐ.എം യു.പി സ്കൂളിന് മുന്നിലുള്ള സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന ഹോട്ടൽ ജീവനക്കാരനെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ അദ്ദേഹം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മൊതക്കര സ്വദേശിയായ ദിനേശനാണ് ഗുരുതരമായി പരിക്കേറ്റത്.
റോഡ് മുറിച്ചുകടക്കുമ്പോൾ മറ്റു വാഹനങ്ങൾ നിർത്തിക്കൊടുത്തിരുന്നില്ലെന്ന് സി.സി.ടി.വി ദൃശ്യത്തിൽ വ്യക്തമാണ്.
റോഡിന് അപ്പുറത്ത് എത്താനായപ്പോഴാണ് വേഗത്തിൽ വന്ന ഓട്ടോറിക്ഷ യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്.
തൊട്ടടുത്ത ദിവസവും എച്ച്.ഐ.എം യു.പി സ്കൂളിന് മുന്നിലെ ഇതേ സീബ്രാ ലൈനിൽ വീണ്ടും അപകടമുണ്ടായി. സീബ്രാ ലൈനിൽ അപകടമുണ്ടായാൽ പലപ്പോഴും കാൽനടക്കാരനെ കുറ്റപ്പെടുത്തുന്ന രീതിയിലാണ് ചില ഡ്രൈവർമാരുടെ പെരുമാറ്റമെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.